play-sharp-fill
താൻ ചതിക്കപ്പെടുകയായിരുന്നു. എനിക്ക് മുമ്പു മറ്റൊരു സ്ത്രീയെ ബാല വിവാഹം കഴിച്ചിരുന്നു ചോര തുപ്പി മൂലയ്ക്ക് കിടന്ന നാളുകൾ എനിക്കുണ്ടായിട്ടുണ്ട് :- അമൃത

താൻ ചതിക്കപ്പെടുകയായിരുന്നു. എനിക്ക് മുമ്പു മറ്റൊരു സ്ത്രീയെ ബാല വിവാഹം കഴിച്ചിരുന്നു ചോര തുപ്പി മൂലയ്ക്ക് കിടന്ന നാളുകൾ എനിക്കുണ്ടായിട്ടുണ്ട് :- അമൃത

ന ടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു.പിന്നാലെ മകള്‍ അവന്തിക എന്ന പാപ്പു ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബാല പങ്കുവച്ച വീഡിയോയും വാര്‍ത്തയായി മാറി. ഈ സാഹചര്യത്തിലാണ് അമൃത പ്രതികരണവുമായി എത്തിയിരിക്കുന്നത്.

അമൃതയുടെ വാക്കുകള്‍

”വളരെയധികം വിഷമമുള്ളൊരു കാര്യം സംസാരിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. വെളുപ്പിനെ അഞ്ചരയാണ് ഇപ്പോള്‍ സമയം. ഞങ്ങളാരും ഉറങ്ങിയിട്ടില്ല. അത്രയും വിഷമത്തിലൂടെയാണ് ഞങ്ങള്‍ കടന്നു പോകുന്നത്. എനിക്ക് അഭിനയിച്ച്‌ സംസാരിക്കാനോ ഇമോഷണല്‍ ആയി സംസാരിക്കാനോ സംസാരിച്ച്‌ ഇംപ്രസ് ചെയ്യാനോ അറിയില്ല. നിങ്ങള്‍ എന്നെ പതിനാറ് വയസ് മുതല്‍ കാണുന്നതാണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ കാലം മുതല്‍ അമൃത ,സുരേഷ് എന്ന വ്യക്തിയെ നിങ്ങള്‍ക്കറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനാല് വര്‍ഷമായി ഞാന്‍ മിണ്ടാതിരിക്കുകയാണ്. എന്റെ നിശബ്ദത എന്നെ വെറുക്കാനുള്ള കാരണമായി മാറിയിട്ടുണ്ട്. ഞാന്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല. നിങ്ങള്‍ക്കാര്‍ക്കും സത്യാവസ്ഥ അറിയില്ലായിരുന്നു. ഇതിന് മുമ്ബ് ഒരിക്കല്‍ മാത്രമാണ് ഞാന്‍ വീഡിയോ ചെയ്തിട്ടുള്ളത്. ബാല ചേട്ടന്‍ പാപ്പുവിനെ ഞാന്‍ കാണിച്ചില്ലെന്ന് പറഞ്ഞപ്പോള്‍. അത് അദ്ദേഹം തന്നെ ചെയ്യിപ്പിച്ച ഫേക്ക് ന്യൂസ് ആണെന്ന് പിന്നീട് തെളിഞ്ഞതാണ്.പാപ്പുവിനെ വലിച്ചിട്ടപ്പോഴാണ് ഞാന്‍ ആദ്യമായി സംസാരിക്കുന്നത്. അതിന് ശേഷം ഇപ്പോഴാണ് സംസാരിക്കുന്നത്.

ഞാന്‍ മിണ്ടാതിരിക്കുന്നത് കാരണം നിങ്ങളെല്ലാം അത്രത്തോളം എന്നെ വെറുക്കുന്നുണ്ടെന്ന് എനിക്കറിയാം. അതിനെ മാറ്റാന്‍ ഞാനും ശ്രമിച്ചിട്ടില്ല. അതിന്റെ കാരണം അത്രയും ഭംഗിയായി സംസാരിക്കാന്‍ എനിക്കറിയില്ല. ആ വെറുപ്പ് ഇപ്പോള്‍ പാപ്പുവിലേക്കും വന്നിരിക്കുകയാണ്. ഞാനും പാപ്പുവും അഭിയും അമ്മയുമുള്ള ചെറിയ കുടുംബമാണ് ഞങ്ങളുടേത്. ജീവിതത്തില്‍ എന്തെങ്കിലും വന്നാല്‍ അപ്പോള്‍ തന്നെ എന്തെങ്കിലും പ്രശ്‌നവും വരും.

21ന് അവളുടെ പിറന്നാളായിരുന്നു. ഞങ്ങളുടെ പരിമിധിയില്‍ നിന്നു കൊണ്ടു തന്നെ പരമാവധി സന്തോഷം അവള്‍ക്ക് നല്‍കിയിട്ടുണ്ട്. പക്ഷെ പിറ്റേന്ന് കാണുന്നത് അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തുവെന്ന് പറഞ്ഞുള്ള ഇന്റര്‍വ്യു ആണ്. പാപ്പു എന്നോട് ചോദിക്കാറുള്ളത് മമ്മി എന്തിനാണ് മിണ്ടാതിരിക്കുന്നത്, മമ്മിയ്ക്ക് മിണ്ടാനറിയില്ലെങ്കില്‍ ഞാന്‍ സംസാരിക്കാമെന്നാണ് പാപ്പു പറയുന്നത്. പാപ്പു പഴയ കുട്ടിയല്ല ഇപ്പോള്‍. പിറന്നാള്‍ ദിവസത്തെ വീഡിയോയ്ക്ക് ശേഷം ഞാന്‍ പറഞ്ഞ അങ്കിള്‍മാരും ആന്റിമാരും വിശ്വസിക്കും എന്നു പറഞ്ഞാണ് കഴിഞ്ഞ ദിവസത്തെ വീഡിയോ ചെയ്യുന്നത്. അതിലെന്ത് കണ്ടന്റ് ആണ് ഇടുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഞങ്ങള്‍ നേരിട്ടതൊക്കെ കണ്ട് വിഷമിച്ചാണ് അവള്‍ അവളുടെ ഭാഷയിലും പക്വതയിലും സംസാരിച്ചത്.

അത് കഴിഞ്ഞ് പാപ്പുവിനെ കൂടുതല്‍ സൈബര്‍ ബുള്ളിയിംഗിന് ഇട്ടു കൊടുക്കുന്ന വീഡിയോ വന്നു. അത് വന്ന ശേഷം പാപ്പുവിനെ പറയാത്തതായി ഒന്നുമില്ല. കള്ളി, അഹങ്കാരി തുടങ്ങി ഒരു കുട്ടിയെ വിളിക്കാനാകുന്ന വാക്കുകളൊന്നുമല്ല വിളിക്കുന്നത്. ഒരു അമ്മയ്ക്കും സഹിക്കാനാകില്ല. മമ്മി ബ്രെയിന്‍വാഷ് ചെയ്യിച്ചുവെന്നാണ് പറയുന്നത്. കൊച്ചിനെ പറഞ്ഞാല്‍ എനിക്ക് വിഷമമാകും.

ആശുപത്രിയില്‍ വച്ച്‌ കണ്ടപ്പോള്‍ എനിക്ക് ലാപ്‌ടോപ് വേണമെന്ന് പാപ്പു പറഞ്ഞെന്നാണ് പറയുന്നത്. ആ സമയത്ത് അണ്ണനും എന്റെ അച്ഛനും അരികിലുണ്ടായിരുന്നുവെന്നും പറയുന്നുണ്ട്. പക്ഷെ അങ്ങനൊരു സംഭവമുണ്ടായിട്ടില്ല. അണ്ണന്‍ ആ സമയത്ത് അവിടെ എത്തിയിരുന്നില്ല. എന്റെ അച്ഛന്‍ ഐസിയുവിലേക്ക് വന്നിട്ടേയില്ല. പാപ്പു ലാപ് ടോപ് ചോദിച്ചിട്ടുമില്ല. എന്തിനാണ് ഇയാള്‍ നുണ പറയുന്നതെന്നാണ് പാപ്പു ചോദിക്കുന്നത്. കോട്ടില്‍ വച്ച്‌ വലിച്ചിഴച്ചാണ് അവളെ വണ്ടിയില്‍ കയറ്റിയത്. മൂന്നാം വയസിലുണ്ടായ ട്രോമയുടെ ഓര്‍മയിലാണ് അവളത് പറഞ്ഞത്. വീട്ടില്‍ ജോലിയ്ക്ക് നിന്ന ചേച്ചിമാര്‍ അവളെ എടുത്തു കൊണ്ട് ഓടിയിട്ടുണ്ട്. അവരൊക്കെ കോടതിയില്‍ സാക്ഷി പറഞ്ഞിട്ടുണ്ട്. ഇതൊക്കെ എങ്ങനെയാണ് ബ്രെയിന്‍വാഷിംഗ് ആകുന്നത്?

സ്‌കൂളില്‍ പോകുമ്ബോഴും എന്തെങ്കിലും പരിപാടികള്‍ക്ക് പോകുമ്ബോഴും പാപ്പുവിനോട് ആളുകള്‍ ചോദിക്കുന്നത് മോള്‍ക്ക് മോളുടെ അച്ഛന്റെ അടുത്ത് പോയിക്കൂടെ എന്നാണ്. ഒരിക്കല്‍ സ്‌കൂളില്‍ വച്ചൊരു കുട്ടി നിന്റെ അമ്മ അഗ്ലിയാണെന്ന് നിന്റെ അച്ഛന്‍ പറഞ്ഞുവല്ലോ എന്ന് അവളോട് പറഞ്ഞു. അന്ന് കരഞ്ഞു കൊണ്ടാണ് അവള്‍ വന്നത്. ദിവസവും ഇത്തരം അവസ്ഥകളിലൂടെയാണ് ആ പാവം കുട്ടി കടന്നു പോകുന്നത്.

എന്റെ ജീവിതത്തില്‍ എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്? പതിനെട്ടാം വയസില്‍ ഒരാളെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. പതിനെട്ടാം വയസിലെ പ്രണയം അന്ധമായിരിക്കും. അത്രയൊന്നും ചിന്തിക്കാനുള്ള പ്രായം അന്നില്ല. അവിടെ വച്ച്‌ ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ പലതുണ്ട്. ചോര തുപ്പി മൂലയ്ക്ക് കിടന്ന ദിവസങ്ങളുണ്ട്. വീട്ടില്‍ പറയാന്‍ പറ്റില്ലായിരുന്നു. അച്ഛനും അമ്മയും എതിര്‍ത്ത വിവാഹമായിരുന്നു. ഒരുപാട് ചതികളിലൂടെയാണ് കല്യാണത്തിലേക്ക് എത്തിയതു പോലും.

എനിക്ക് മുമ്ബ് ബാലച്ചേട്ടന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നുവെന്നും ഡിവോഴ്‌സ് ആയതാണെന്നും അറിയുന്നത് എന്‍ഗേജ്‌മെന്റിന് ശേഷമാണ്. സംഗീത സംവിധായകന്‍ രാജാമണി ആണ് അച്ഛനോട് പറയുന്നത്. ഇത് വേണ്ട എന്ന് അച്ഛന്‍ എന്നോട് പറഞ്ഞതാണ്. പക്ഷെ എനിക്ക് ബാല ചേട്ടനെ അത്ര ഇഷ്ടമായിരുന്നു. എന്റെ തീരുമാനം ആയിരുന്നതില്‍ ഞാന്‍ അനുഭവിച്ചതൊന്നും ആരോടും പറഞ്ഞില്ല. ഇതിനൊക്കെ സാക്ഷികളായി ജോലിക്കാരായ ചേച്ചിമാരുണ്ട്. അവരത് കോടതിയില്‍ പറഞ്ഞിട്ടുണ്ട്.

ഇനിയും അവിടെ നിന്നാല്‍ എന്നെ പോലെ കുഞ്ഞും ചോര തുപ്പി കിടക്കേണ്ടി വരും എന്ന സാഹചര്യത്തിലാണ് കിട്ടിയ സാധനങ്ങളുമെടുത്ത് അവിടെ നിന്നും ഇറങ്ങിയോടുന്നത്. അല്ലാതെ കോടികള്‍ എടുത്തിട്ടല്ല. കുപ്പി വച്ച്‌ എറിഞ്ഞപ്പോള്‍ ഞാന്‍ പിടിച്ചുമാറ്റിയ അനുഭവമാണ് വീഡിയോയില്‍ പാപ്പു പറയുന്നത്. ആ കുഞ്ഞ് വയസില്‍ കിട്ടിയ ഷോക്കാണ്. അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. എന്റെ സ്വര്‍ണവും വണ്ടിയുമൊന്നും എടുത്തിട്ടില്ല. ‌സ്ത്രീധനം വാങ്ങിയിട്ടില്ല എന്നാണ് പറയുന്നത്. പക്ഷെ വീട് വിറ്റാണ് അച്ഛന്‍ സ്വര്‍ണം വാങ്ങിയത്. അതിന്റെ തെളിവുണ്ട്.

ഡാഡി വന്ന് പിടിച്ചോണ്ട് പോകുമെന്ന് കരുതി മോള്‍ സ്‌കൂളില്‍ പോലും പോകില്ലായിരുന്നു. എന്നേയും പുറത്തു പോകാന്‍ സമ്മതിക്കില്ലായിരുന്നു. ഒരു കുഞ്ഞിന് അനുഭവിക്കാന്‍ പറ്റുന്നതിന്റെ പരാമവധി അവള്‍ അനുഭവിച്ചു. അതോടെയാണ് കേസ് വേണ്ട, ജീവനാംശവും വേണ്ട എന്റെ മകളെ വേട്ടയാടാതിരുന്നാല്‍ മതിയെന്ന് പറഞ്ഞ് ഞാന്‍ കേസില്‍ നിന്നും പിന്മാറുന്നത്. ആ ക്ലോസിലാണ് ഡിവോഴ്‌സ് സെറ്റിലാകുന്നത്. ഡിവോഴ്‌സിന്റെ പേപ്പറില്‍ വളരെ വ്യക്തമായി എഴുതിയിട്ടുണ്ട് കല്യാണത്തിന് പോലും ഒരു പിതാവ് എന്ന നിലയില്‍ പൈസ തരില്ലെന്ന്. അന്ന് മുതല്‍ പാപ്പുവിന്റെ എല്ലാ കാര്യങ്ങളും ഞാന്‍ ഒറ്റയ്ക്കാണ് ചെയ്യുന്നത്.

ഞങ്ങളുടെ അച്ഛന്‍ ഇപ്പോഴില്ല. 60 വയസുള്ള അമ്മ, ടീനേജര്‍ ആയ മകള്‍, ഞാനും അഭിയും, അങ്ങനെ സ്ത്രീകള്‍ മാത്രമുള്ള കുടുംബമാണ് ഞങ്ങളുടേത്. അമ്മയ്ക്ക് ബിപിയും അസുഖങ്ങളുമൊക്കെയുണ്ട്. അച്ഛന്‍ മരിച്ച ശേഷം ഞങ്ങള്‍ എങ്ങനെയൊക്കയോ തള്ളി നീക്കി കൊണ്ടു പോവുകയാണ്. ഇങ്ങനൊരു സാഹചര്യത്തിലും ആരും കൂടെ നിന്നില്ല എന്നൊരു സങ്കടം എനിക്ക് നിങ്ങളോടെല്ലാവരോടുമായി ഉണ്ട്. ഒരാള്‍ കള്ളുകുടിച്ച്‌ സുഖമില്ലാതായി ആശുപത്രിയിലായപ്പോള്‍ മലയാളികളൊക്കെ പ്രാര്‍ത്ഥിച്ചു. എനിക്ക് കിട്ടിയ അടിയും ചവിട്ടുമൊക്കെ കാരണമുണ്ടായ പരുക്കുകള്‍ ഞാനിപ്പോഴും ചികിത്സിച്ചു കൊണ്ടിരിക്കുകയാണ്. എന്നും ബ്ലീഡിംഗായിരുന്നതിനാല്‍ സര്‍ജറി ചെയ്തിട്ടുണ്ട്. നെഞ്ചു വേദനയ്ക്ക് ഇപ്പോഴും ചികിത്സിക്കുന്നുണ്ട്. ഒരാള്‍ കള്ളു കുടിച്ച്‌ ലിവര്‍ പോയപ്പോള്‍ നാടു മൊത്തം പ്രാര്‍ത്ഥിച്ചു”.

ഈ വീഡിയോ ചെയ്തത് വിക്ടിം കാര്‍ഡ് കളിക്കാനല്ല. നിസ്സഹായ അവസ്ഥ കൊണ്ടാണ്. പത്രസമ്മേളനം നടത്താനോ പിആര്‍ ടിമിനെ വച്ച്‌ കമന്റ് ഇടിക്കാനോ ബാലച്ചേട്ടനെക്കുറിച്ച്‌ മോശമായി സംസാരിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും അമൃത പറയുന്നു. പാപ്പുവിന്റെ അച്ഛന്‍ എന്ന ബഹുമാനം ഞാന്‍ ഇന്നും ബാല ചേട്ടന് കൊടുക്കുന്നുണ്ട്. ഇതുവരേയും അദ്ദേഹത്തിനെതിരെ ഞാന്‍ സംസാരിച്ചിട്ടില്ല. ഞാന്‍ അനുഭവിച്ചതൊന്നും പറഞ്ഞിട്ടില്ല. ആദ്യമായി ഞാന്‍ സ്‌നേഹിച്ചയാള്‍ എന്നത് മനസിലുണ്ട്. ഇതൊക്കെ ഇങ്ങനെ ആയിപ്പോയല്ലോ എന്ന വേദനയുണ്ടെന്നും അമൃത പറയുന്നു.

ഒരിക്കലെങ്കിലും ഞാന്‍ പറയുന്നത് കേള്‍ക്കുക. ഇല്ലെങ്കില്‍ ഞങ്ങളോട് ചെയ്യുന്ന വലിയ ദ്രോഹമായിരിക്കും. ഇനി ഇതിനൊരു വിശദീകരണവുമായി വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇനി ഇതിന്റെ പേരില്‍ ആരും ഉപദ്രവിക്കരുതെന്നും അമൃത പറയുന്നു.