
ചെന്നൈ: തിരുവനന്തപുരത്തുനിന്ന് മധുരയിലേക്കുള്ള അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടി ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടനകേന്ദ്രമായ രാമേശ്വരത്തേക്ക് കേരളത്തിൽനിന്നുള്ള ഏക തീവണ്ടിയായി ഇതോടെ അമൃത മാറി.
രാത്രി 8.30-ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന വണ്ടി (16343)പിറ്റേന്ന് ഉച്ചയ്ക്ക് 12.45-ന് രാമേശ്വരത്തെത്തും. രാമേശ്വരം- തിരുവനന്തപുരം വണ്ടി ഉച്ചയ്ക്ക് 1.30-ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 4.55-ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. കോട്ടയം, തൃശ്ശൂർ, പാലക്കാട്, പഴനി, ദിണ്ടിക്കൽ വഴിയാണ് പ്രതിദിന സർവീസ്.
തിരുവനന്തപുരം-രാമേശ്വരം തീവണ്ടി രാവിലെ 9.50-ന് മധുരയിലും 10.25-ന് മാനാമധുരയിലും 10.50-ന് പരമകുടിയിലും 11.13-ന് രാമനാഥപുരത്തുമെത്തും. തിരിച്ചുള്ള വണ്ടി ഉച്ചയ്ക്ക് 2.13-ന് രാമനാഥപുരത്തും 2.38-ന് പരമകുടിയിലും 3.05-ന് മാനാമധുരയിലും 4.05-ന് മധുരയിലുമെത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്തിനും മധുരയ്ക്കുമിടയിൽ നിലവിലുള്ള സമയക്രമം തുടരും. 12 സ്ലീപ്പർ കോച്ചുകളും നാല് ജനറൽ കോച്ചുകളും മൂന്ന് എസി ത്രീ ടിയർ കോച്ചുകളും രണ്ട് ഫസ്റ്റ് എസി, സെക്കൻഡ് എസി കോച്ചുകളുമാണ് ഇതിലുള്ളത്.
പാമ്പൻ പാലം തുറക്കുന്നതോടെ അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുമെന്ന് റെയിൽവേ നേരത്തേ അറിയിച്ചിരുന്നു. പാലം ഉദ്ഘാടനം ഈവർഷം ഏപ്രിലിൽ നടന്നെങ്കിലും സർവീസ് നീട്ടുന്നതു നീണ്ടുപോയി. മംഗളൂരുവിൽനിന്ന് രാമേശ്വരത്തേക്ക് ഒരു തീവണ്ടി അനുവദിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സർവീസ് തുടങ്ങിയിട്ടില്ല.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നായി രാമേശ്വരത്തേക്ക് 30-ഓളം തീവണ്ടികളുണ്ട്. രാമേശ്വരം റെയിൽവേ സ്റ്റേഷന്റെ നവീകരണം പൂർത്തിയാവുന്നതോടെ കൂടുതൽ സർവീസുകൾ തുടങ്ങിയേക്കും.