
സ്വന്തം ലേഖകൻ
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. 4.5 കോടി രൂപയുടെ വികസന പദ്ധതികളാണ് പദ്ധതി വഴി സ്റ്റേഷനില്‍ നടക്കുന്നത്. സെപ്റ്റംബര്‍ 11ന് തോമസ് ചാഴികാടൻ എംപിയുടെ സാന്നിധ്യത്തില്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടക്കും. ഈ യോഗത്തില്‍ സ്റ്റേഷനില്‍ നടപ്പാക്കേണ്ട വികസന പദ്ധതികള്‍ തീരുമാനിക്കും.
തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ 13 സ്റ്റേഷനുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കോട്ടയം പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍നിന്ന് ഏറ്റുമാനൂര്‍ സ്റ്റേഷൻ മാത്രമാണ് പദ്ധതിയിലുള്പ്പെട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനവും ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും തോമസ് ചാഴികാടൻ എംപി റെയില്‍വേ മന്ത്രിക്കും വകുപ്പ് അധികൃതര്‍ക്കും കത്തു നല്‍കുകയും പാര്‍ലമെന്റില്‍ ഉള്‍പ്പെടെ വിഷയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരില്‍ സ്റ്റോപ്പെന്ന ദീര്‍ഘകാല ആവശ്യം അനുവദിച്ചത്.
റെയില്‍വേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനം, വിവിധ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് എന്നീ വിഷയങ്ങള്‍ മുൻനിര്‍ത്തി റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷൻ ഉള്‍പ്പെടെ വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികള്‍ക്കും റെയില്‍വേ അധികൃതര്‍ക്കും നിവേദനം നല്‍കിയിരുന്നു.