
തിരുവനന്തപുരം (ചിറയൻകീഴ്): തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച വയോധികയുടെ രോഗവിവരം ആശുപത്രി അധികൃതർ അവസാനനിമിഷം വരെ ബന്ധുക്കളിൽ നിന്നു മറച്ചുവച്ചെന്ന് ആരോപണം. അഴൂർ പഞ്ചായത്തിലെ മുട്ടപ്പലത്ത് കുറക്കട മരങ്ങാട്ടുകോണം ക്ഷേത്രത്തിനു സമീപം സന്തോഷ് മന്ദിരത്തിൽ വസന്തയാണ് (77) കഴിഞ്ഞ ദിവസം മരിച്ചത്.
2 മാസമായി ഹൃദയസംബന്ധമായ അസുഖത്തെത്തുടന്ന് ആശുപത്രിയിൽ കഴിയുന്നതിനിടെ ന്യുമോണിയ പിടിപെട്ടു. കഴിഞ്ഞ 16നു രോഗം കലശലായതിനെത്തുടർന്നു തുടർപരിശോധന നടത്തിയെന്നും അമീബിക് മസ്തിഷ്ക ജ്വരം നെഗറ്റീവ് ആണെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചെന്നും പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം പറഞ്ഞു.
കഴിഞ്ഞ ദിവസം ഇവരുടെ മൃതദേഹം വീട്ടിലെത്തിച്ചു മണിക്കൂറുകൾക്കു ശേഷമാണു അഴൂർ പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ രോഗ വിവരം അറിയിച്ചത്. എന്നാൽ വസന്തയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരമാണെന്നു സ്ഥിരീകരിച്ച് 17ന് അഴൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ കോളജ് അധികൃതർ റിപ്പോർട്ട് കൈമാറിയിരുന്നെന്നു വിവരമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മരിച്ച സ്ത്രീ ഏറെക്കാലമായി പുറത്തേക്ക് ഇറങ്ങാറില്ല.തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിച്ചിരുന്നുള്ളൂ. രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്തതിൽ ബന്ധുക്കളും നാട്ടുകാരും അമർഷത്തിലാണ്.
രോഗത്തിന്റെ ഉറവിടം വീടും പരിസരവുമല്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചതെന്നു അഴൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ പറഞ്ഞു. പഞ്ചായത്തു തലത്തിൽ ക്ലോറിനേഷൻ അടക്കമുള്ള ശുചീകരണവും ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തിൽ ബോധവൽക്കരണവും ആരംഭിച്ചിരുന്നതായും പ്രസിഡൻ്റ് പറഞ്ഞു.



