
അന്തിക്കാട്: കാണാതായ അമ്മൂമ്മയെ തിരയുന്നതിനിടെ കൊച്ചുമകന്റെ കണ്ണില്‍പ്പെട്ടത് അമ്മൂമ്മയുടെ സ്വർണം. ബഹളത്തിനിടയ്ക്ക് ആരും ശ്രദ്ധിക്കില്ലെന്നു കരുതി എടുത്തു വിറ്റെങ്കിലും ഒടുവില്‍ പിടിവീണു.
കാണാതായ വയോധികയെ രണ്ടു ദിവസത്തിനുശേഷം വീടിനുസമീപത്തെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെങ്കിലും സ്വർണാഭരണം കവർന്ന കേസില്‍ പേരക്കുട്ടി അറസ്റ്റില്‍. പുത്തൻപീടിക പുളിപ്പറമ്പില്‍ യദുകൃഷ്ണൻ (24) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഓഗസ്റ്റ് 20-ന് വൈകീട്ടാണ് പുത്തൻപീടിക ചുമ്മാർ റോഡ് പുളിപ്പറമ്പില്‍ ഓമന(71)യെ വീട്ടില്‍നിന്ന് കാണാതായത്. രണ്ടു ദിവസം പോലീസും ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. രണ്ടു ദിവസത്തിനു ശേഷം പെരിങ്ങോട്ടുകര സ്‌കൂളിനു പടിഞ്ഞാറുഭാഗത്ത് മാത്തുത്തോട്ടില്‍ കലുങ്കിനടിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ, മൃതദേഹത്തില്‍ സ്വർണാഭരണങ്ങള്‍ ഇല്ലാതിരുന്നത് സംശയത്തിന് ഇടയാക്കി. പോസ്റ്റ്മോർട്ടത്തില്‍ മുങ്ങിമരണമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. പരാതി ഉയർന്നതിനെത്തുടർന്ന് റൂറല്‍ എസ്പി നവനീത് ശർമ അന്വേഷണം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെജി സുരേഷിനെ ഏല്‍പ്പിക്കുകയായിരുന്നു.
സുഹൃത്തുക്കളും ബന്ധുക്കളും പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഓമനയുടെ പേരക്കുട്ടിയായ യദുകൃഷ്ണൻ ഓമനയുടെ നഷ്ടപ്പെട്ട വളകള്‍ തൃപ്രയാറിലെ ധനകാര്യസ്ഥാപനത്തില്‍ പണയംവെച്ചതായി കണ്ടെത്തി. ഇതോടെ ഇയാളുടെ പണമിടപാടുകള്‍ അന്വേഷണസംഘം പരിശോധിച്ചു.
കഴിഞ്ഞ ദിവസം യദുകൃഷ്ണനെ കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്തു. മരണത്തെത്തുടർന്നുള്ള ദിവസങ്ങളില്‍ ബന്ധുക്കളോടൊപ്പം യദുകൃഷ്ണനും ഓമനയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെ അലമാരയിലെ പഴ്സില്‍ക്കണ്ട രണ്ടു സ്വർണവളകള്‍ ഇയാള്‍
മോഷ്ടിക്കുകയായിരുന്നുവെന്നും സാമ്പത്തികബാധ്യതകള്‍ തീർക്കാൻ പണയം വയ്ക്കുകയായിരുന്നുവെന്നുമാണ് പോലീസിനോട് പറഞ്ഞത്. യദുകൃഷ്ണൻ അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നില്ലെന്നും തുടരന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
ഇരിങ്ങാലക്കുട ഡിവൈഎസ്പി കെജി സുരേഷ്, അന്തിക്കാട് പ്രിൻസിപ്പല്‍ എസ്‌ഐ കെ അജിത്ത് ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമംഗങ്ങളായ എസ്‌ഐ കെകെ പ്രസാദ്, എം സുമല്‍, എം അരുണ്‍കുമാർ, സീനിയർ സിപിഒ ഇഎസ് ജീവൻ, സിപിഒ കെഎസ് ഉമേഷ്, എംഎം മഹേഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്