കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് താരങ്ങളുടെ സംഘടനയായ അമ്മയില്‍ പല തരത്തിലുള്ള ഉലച്ചിലുകള്‍ സംഭവിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ മലയാള സിനിമയ്ക്കുള്ളിലെ അരക്ഷിതാവസ്ഥകളും അനീതികളും വിവേചനങ്ങളുമെല്ലാം പുറത്തുവന്നപ്പോള്‍ അമ്മയുടെ തലപ്പത്ത് ഇരിക്കുന്ന പലരുടേയും സിംഹാസനങ്ങള്‍ക്കും ഇളക്കം തട്ടി. സംഘടനയിലെ അംഗങ്ങളായവരില്‍ ചിലർക്കും ഭാരവാഹികള്‍ക്കും എതിരെ വരെ വെളിപ്പെടുത്തലുകള്‍ വന്നപ്പോള്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാ ഭാരവാഹികളും അമ്മയില്‍ നിന്ന് രാജിവച്ചു.
ഇതുവരെയും പൊതുയോഗം കൂടി പുതിയ ഭാരവാഹികളെ തീരുമാനിച്ചിട്ടില്ല. അടുത്ത വർഷം ആദ്യം ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം അമ്മ സംഘടനയെ കുറിച്ചും അതിന്റെ നേതൃസ്ഥാനം അലങ്കരിച്ചിരുന്നവരില്‍ ഒരാളായ ഇടവേള ബാബുവിനെ കുറിച്ചും സംവിധായകനും നിർമാതാവുമായ ആലപ്പി അഷ്റഫ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
സംഘടനയുടെ നേതൃസ്ഥാനത്തുള്ളവർ നീതിബോധമുള്ളവരും നിർഭയരും നിഷ്പക്ഷരും സത്യസന്ധരുമല്ലാത്തതിനാലാണ് അമ്മ സംഘടന തകർന്നതെന്ന് ആലപ്പി അഷ്റഫ് പറയുന്നു. സംഘടനയെ നാശത്തിലേക്ക് നയിച്ചവരില്‍ പ്രധാനിയായി ഇടവേള ബാബുവിന്റെ പേരാണ് ആലപ്പി അഷ്റഫ് പറഞ്ഞത്. കാല്‍നൂറ്റാണ്ടായി വിവിധ പദവികളില്‍ സംഘടനയെ നയിച്ച ഇടവേള ബാബു ഇക്കഴിഞ്ഞ അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിന് മുന്നോടിയായാണ് സ്ഥാനം ഒഴിഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘടനയില്‍ ബാബുവിന്റെ പൂന്ത് വിളയാട്ടമായിരുന്നുവെന്നും എന്നാല്‍ ബാബുവിന്റെ അധാർമിക പ്രവൃത്തിക്കെതിരെ ആരും ചെറുവിരല്‍ പോലും അനക്കിയില്ലെന്നും ആലപ്പി അഷ്റഫ് സ്വന്തം യുട്യൂബ് ചാനലില്‍ പങ്കിട്ട പുതിയ വീഡിയോയില്‍ പറഞ്ഞു. ഒരു സംഘടന നല്ല രീതിയില്‍ നിലനില്‍ക്കണമെങ്കില്‍ കെട്ടുറപ്പുള്ളതാകണമെങ്കില്‍ അടിസ്ഥാനപരമായി വേണ്ടത് അതിന്റെ നേതൃസ്ഥാനത്തുള്ളവർ നീതിബോധമുള്ളവരും നിർഭയരും നിഷ്പക്ഷരും സത്യസന്ധരുമായിരിക്കണം.
ആ ആളുകളുടെ പ്രവൃത്തിയില്‍ ധാർമികതയും ഉണ്ടായിരിക്കണം. അത്തരത്തിലുള്ള ആളുകളാണ് ഇനി വരേണ്ടത്. അങ്ങനെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നിർഭാഗ്യമെന്ന് പറയട്ടേ… ഈ പറഞ്ഞ ഗുണങ്ങളൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത ചിലർ സംഘടനയുടെ തലപ്പത്ത് കയറിക്കൂടിയതാണ് സംഘടനയുടെ ഇന്നത്തെ പതനത്തിനുള്ള പ്രധാന കാരണം.
സിനിമാക്കാരുടെയും പൊതുസമൂഹത്തിന്റെയും വിശ്വാസവും അതുതന്നെയാണ്. അഞ്ഞൂറോളം പേരുള്ള സംഘടനയില്‍ പത്തോ പതിനഞ്ചോ പേർ പ്രശ്നം സൃഷ്ടിച്ചാല്‍ അവരെ നിർദാക്ഷിണ്യം ഒഴിവാക്കിക്കൊണ്ട് സംഘടനയെ നയിക്കാൻ തക്കവണ്ണം പ്രാപ്തരായവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നിരുന്നെങ്കില്‍ അമ്മയ്ക്ക് ഇപ്പോള്‍ മുഖത്തേറ്റ കളങ്കം കുറച്ചെങ്കിലും തുടച്ചുമാറ്റാമായിരുന്നു.
ഇടവേള എന്ന ചിത്രത്തില്‍ ഞാനും ഡബ്ബിംഗ് ആർട്ടിസ്റ്റായി ഉണ്ടായിരുന്നു. അതില്‍ പ്രധാന വേഷം ചെയ്ത പയ്യനായിരുന്നു ബാബു. ഇടവേള എന്ന സിനിമ ഹിറ്റായില്ലെങ്കിലും മറ്റ് വലിയ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധനേടിയില്ലെങ്കിലും ഇന്നസെന്റുമായുള്ള ബന്ധം ആ പയ്യനെ അമ്മ എന്ന സംഘടനയുടെ നേതൃത്വത്തില്‍ വരെ എത്തിച്ചു.
പിന്നീട് സംഘടനയില്‍ ഇടവേള ബാബുവിന്റെ ഒരു പൂന്ത് വിളയാട്ടമായിരുന്നു. ഗണേഷ് കുമാർ സിനിമാ മന്ത്രിയായിരിക്കുമ്പോള്‍ ഇടവേള ബാബുവിനെ കെഎസ്‌എഫ്ഡിസി വൈസ് ചെയർമാനായി നിയമിച്ചു. ഇല്ലാത്ത ഒരു പോസ്റ്റ് സൃഷ്ടിച്ചാണ് നിയമനം. അവിടെ തീയേറ്റർ ചാർട്ടിങ്ങായിരുന്നു ബാബുവിന്റെ പ്രധാന തൊഴില്‍. കെഎസ്‌എഫ്ഡിസിക്ക് പത്ത് പതിമൂന്ന് തീയേറ്ററുകളുണ്ട്.
നല്ല കലക്ഷൻ കിട്ടുന്ന തീയേറ്ററില്‍ സിനിമ പ്രദർശിപ്പിക്കണമെങ്കില്‍ ബാബുവിന്റെ അനുവാദം വേണം. തീയേറ്റർ ഉടമയായ ലിബർട്ടി ബഷീർ ഒരിക്കല്‍ പറയുകയുണ്ടായി ആ തീയേറ്ററുകളില്‍ ചിത്രം പ്രദർശിപ്പിക്കണമെങ്കില്‍ ബാബുവിന് കൈക്കൂലി കൊടുത്തേ പറ്റൂവെന്ന്. തനിക്ക് പറ്റിയ അബദ്ധമാണ് ബാബുവിന് പോസ്റ്റ് കൊടുത്തതെന്ന് ഗണേഷ് കുമാറും പറയുകയുണ്ടായി.
പാല് കൊടുത്ത കൈക്ക് തന്നെ ബാബു കൊത്തിയെന്ന് ഗണേഷിന്റെ പ്രസ്താവനയും വന്നു. പതിനഞ്ച് വർഷങ്ങള്‍ക്ക് മുമ്പ് ഞാൻ അമ്മ സംഘടനയില്‍ മെമ മ്പർഷിപ്പിനായുള്ള അപേക്ഷ പൂരിപ്പിച്ച് ഇടവേള ബാബുവിന് കൊടുത്തെങ്കിലും മെമ്പർഷിപ്പ് കിട്ടിയില്ല.
എന്നാല്‍ ഒരു ചിത്രത്തില്‍ മാത്രം അഭിനയിച്ച ദുബായിലെ വലിയ ബിസിനസുകാരന് മെമ്പർഷിപ്പ് കൊടുത്തു. ഒരുപാട് വേഷങ്ങളില്‍ അഭിനയിച്ച പലരും അപേക്ഷയും നല്‍കി കാത്തിരിപ്പുണ്ട്. ഇത്തരത്തില്‍ നിരവധി പേർ ക്രിക്കറ്റ് ടീമിലും കയറിപ്പറ്റി. ബാബുവിന്റെ ഇത്തരം അധാർമിക പ്രവൃത്തിക്കെതിരെ ആരും ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല.
നടിമാർക്കാണെങ്കില്‍ പണമില്ലെങ്കിലും മെമ്പർഷിപ്പ് കൊടുക്കാമെന്നും മറ്റ് ചില സഹകരണങ്ങള്‍ ബാബു പ്രതീക്ഷിക്കുന്നുണ്ടെന്നും പലരും സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയതും നമ്മള്‍ കണ്ടതാണ്. പാർവതി തിരുവോത്തിനെപ്പോലുള്ള ധീരവനിതകളെ സംഘടനയുടെ മുൻനിരയില്‍ കൊണ്ടുവരണം എന്നും പറഞ്ഞാണ് ആലപ്പി അഷ്റഫ് അവസാനിപ്പിച്ചത്.
1994ല്‍ അമ്മ രൂപവത്കൃതമായതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതല്‍ ഇടവേള ബാബു നേതൃത്വത്തിലുണ്ട്. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയില്‍ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു തുടക്കം.