വർഷങ്ങൾക്കു മുൻപ് അമ്മയെ നശിപ്പിക്കാൻ ശ്രമിച്ചവർ ഇന്ന് അനുഗ്രഹം തേടിയെത്തുന്നു: മാതാ അമൃതാനന്ദമയിയുടെ 72ാം ജന്മദിനാഘോഷത്തിന് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ മന്ത്രിമാര്‍ വള്ളിക്കാവിലെ ആശ്രമത്തില്‍ സന്നിഹിതരായി

Spread the love

തിരുവനന്തപുരം: ഇടത് പക്ഷപ്രസ്ഥാനം ക്യാപ്റ്റന്‍ പിണറായിയുടെ നേതൃത്വത്തില്‍ മാതാ അമൃതാനന്ദമയിയെ നമിക്കുകയാണിപ്പോള്‍.
മാതാ അമൃതാനന്ദമയിയുടെ 72ാം ജന്മദിനാഘോഷത്തിന് കേരളം ഭരിയ്‌ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ മന്ത്രിമാര്‍ വള്ളിക്കാവിലെ ആശ്രമത്തില്‍ സന്നിഹിതരായിരിക്കുന്നു. അവര്‍ അമ്മയില്‍ നിന്നും ആശിര്‍വാദം സ്വീകരിക്കുന്നു.

ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ മാതാ അമൃതാനന്ദമയി ലോകത്തെ മലയാളത്തില്‍ അഭിസംബോധന ചെയ്തതിന്റെ രജത ജൂബിലി ആഘോഷവേളയില്‍ ആദരിക്കാനായാണ് സംസ്ഥാന സര്‍ക്കാര്‍ വള്ളിക്കാവില്‍ എത്തിയത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാനാണ് മാതാ അമൃതാനന്ദമയിയെ ആദരിച്ചത്.

പക്ഷെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ഇടത് പക്ഷം അമ്മയോട് കാണിച്ച കളങ്കം അരിയാഹാരം കഴിക്കുന്ന മലയാളിയുടെ മനസ്സില്‍ നിന്നും എളുപ്പത്തില്‍ മാഞ്ഞുപോകുമെന്ന് തോന്നുന്നില്ല. എത്രയോ വര്‍ഷം ആശ്രമത്തില്‍ അമ്മയ്‌ക്കൊപ്പം കഴിഞ്ഞു കൂടിയ വിദേശപ്രതിനിധി ഒരു സുപ്രഭാതത്തില്‍ ആശ്രമം വിട്ട് പോകുന്നു. പിന്നീട് അവര്‍ ആശ്രമത്തെ കളങ്കപ്പെടുത്താന്‍ ഒരു പുസ്തകം രചിക്കുന്നു. ആ പുസ്തകം ശത്രുപക്ഷത്തുള്ള പലരും ഇന്നും സമൂഹമാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കാന്‍ ശ്രമിയ്‌ക്കുന്നു.

അന്ന് ആ വിദേശ വനിതയെ അഭിമുഖം നടത്താന്‍ കേരളത്തില്‍ നിന്നും ഒരു ജേണലിസ്റ്റ് വിദേശത്തേക്ക് ഫ്ലൈറ്റില്‍ പോകുന്നു. വലിയൊരു തുക ചെലവാക്കിയാണ് ആ സാഹസികദൗത്യമെന്നോര്‍ക്കണം. എക്സ്ക്ലൂസീവ് തേടി പോവുകയാണ് ആ ജേണലിസ്റ്റ്. ആ വിദേശവനിതയുമായി അയാള്‍ രഹസ്യകൂടിക്കാഴ്ചയും അഭിമുഖവും നടത്തുന്നു. പിറ്റേന്ന് ഇടത്പക്ഷ ചാനലില്‍ അത് വലിയ വാര്‍ത്ത. ഇടതുപക്ഷ പത്രത്തിലും അത് വലിയ വാര്‍ത്തയായിരുന്നു. ജോണ്‍ ബ്രിട്ടാസ് എന്നാണ് ആ യുവ പത്രപ്രവര്‍ത്തകന്റെ പേര്. ആ സംഭവത്തിന് ശേഷം എത്രയോ വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. അമ്മയും ആശ്രമവും പ്രശസ്തിയില്‍ നിന്നും പ്രശസ്തിയിലേക്ക് കുതിക്കുകയാണ്. ഇപ്പോഴും. ഇടത്പക്ഷത്തിന് പോലും കുമ്പിടാന്‍ തോന്നുന്ന ഗരിമയും പെരുമയും അമ്മ ആര്‍ജ്ജിച്ചിരിക്കുന്നു.

ഈ വളര്‍ച്ചയുടെ നെറുകെയില്‍ നില്‍ക്കുമ്ബോഴും തന്റെ കര്‍മ്മയോഗത്തിലൂടെ വീണ്ടും മുന്നോട്ട് കുതിക്കുക തന്നെയാണ് അമ്മ. അമ്മ അവരുടെ സ്നേഹകാരുണ്യ സ്പര്‍ശവുമായി ചുവടുകള്‍ വെയ്‌ക്കുന്നു.. 50-ലധികം നിരാലംബരായ യുവതീയുവാക്കളുടെ സമൂഹ വിവാഹം, മാതാ അമൃതാനന്ദമയി മഠം നിരവധി ജീവകാരുണ്യ, സേവന സംരംഭങ്ങളുടെ പുതു സമാരംഭം….ഇതെല്ലാമായിരുന്നു 72 ജന്മദിനാഘോഷത്തിന്റെ നിറവിലും ആശ്രമത്തിന് മുഖ്യദൗത്യങ്ങളായി മാറിയത് എന്നോര്‍ക്കുക.