പെറ്റമ്മയെ കുത്തിക്കൊന്ന കേസിൽ മകന് ജീവപര്യന്തം തടവും 75000 രൂപ പിഴയും
സ്വന്തം ലേഖിക
കുമ്പള: അമ്മയെ കുത്തിക്കൊന്ന കേസിൽ മകന് ജീവപര്യന്തം തടവും 75,000 പിഴയടക്കാനും കോടതി ശിക്ഷിച്ചു. ചൗക്കി ആസാദ് നഗറിലെ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതി(60)യെ കൊലപ്പെടുത്തിയ കേസിൽ മകൻ അനിൽകുമാരിനെ (38) യാണ് കാസർകോട് ജില്ലാ അഡീ. സെഷൻസ് (മൂന്ന്) ജഡ്ജ് പി കെ നിർമല ശിക്ഷിച്ചത്. കഴിഞ്ഞ ദിവസം കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
പിഴയടച്ചാൽ പിഴ സംഖ്യയിൽ നിന്ന് 25,000 രൂപ പത്മാവതിയുടെ മകൾക്ക് നൽകാൻ കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം അധികം തടവ് അനുഭവിക്കണം. 2015 മെയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമ്പള ബസ് സ്റ്റാൻഡിനടുത്ത് നടപ്പാതയിൽ വെച്ച് ഉച്ചയ്ക്ക് 12.30 മണിയോടെ പിറകിലൂടെയെത്തിയ മകന്റെ കുത്തേറ്റ് വീണ പത്മാവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്മാവതിയുടെ ഭർത്താവ് സംഭവത്തിന് ഏഴു മാസം മുമ്പ് മരിച്ചിരുന്നു. ഇവർക്ക് രണ്ട് മക്കളാണുള്ളത്. അനിതയും അനിൽകുമാറും. സ്വത്തിൽ ഒരു ഭാഗം വിറ്റ് പണം അനിതയ്ക്ക് കൊടുത്തുവെന്നാരോപിച്ച് ബാക്കിയുളള സ്വത്തിൽ അവകാശം വേണമെന്ന് ആവശ്യപ്പെട്ട് അനിൽ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഒടുവിൽ കേസ് പോലീസ് സ്റ്റേഷനിലെത്തി. അവിടെ വെച്ച് ഒത്തുതീർപ്പാവാത്തതിനാൽ പോലീസ് കേസ് കൈവിട്ടു. തിരിച്ച് ബദിയടുക്കയിലുളള മകളുടെ വീട്ടിലേക്ക് പോകാനായി പത്മാവതിയും, മകൾ അനിതയും, അനിതയുടെ ഭർത്താവ് രാമചന്ദ്രനും കുമ്പളയിൽ എത്തി നടപ്പാതയിലൂടെ നടന്ന് പോകുമ്പോൾ പിന്നിലൂടെ വന്ന അനിൽ അമ്മയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
അഞ്ച് ദൃക്‌സാക്ഷികളടക്കം കേസിൽ 23 സാക്ഷികളെ വിസ്തരിച്ചു. സാക്ഷികളാരും കൂറുമാറിയില്ല എന്നതാണ് ഈ കേസിന്റെ പ്രത്യേകത. കേസിന്റെ അന്വേഷണം കുമ്പള സി ഐ ആയിരുന്ന സുരേഷ് ബാബുവിനായിരുന്നു. പ്രോസിക്യൂഷനുവേണ്ടി കെ. ബാലകൃഷ്ണനും പ്രതിക്ക് വേണ്ടി പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ഐ വി പ്രമോദുമാണ് ഹാജരായത്.