അക്രമത്തിനിരയായ നടി അഭിനയിക്കാത്തത് അവരുടെ തീരുമാനം : മോഹൻലാൽ

അക്രമത്തിനിരയായ നടി അഭിനയിക്കാത്തത് അവരുടെ തീരുമാനം : മോഹൻലാൽ

സ്വന്തം ലേഖിക

കൊച്ചി: സിനിമയിൽ അവസരം ലഭിക്കാത്തത് കൊണ്ടല്ല ആക്രമിക്കപ്പെട്ട നടി അഭിനയിക്കാത്തതെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. നടിക്ക് സിനിമയിൽ അവസരം ലഭിക്കാതിരിക്കാൻ ശ്രമങ്ങൾ നടക്കുന്നതുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പലരും വിളിച്ചപ്പോഴും അവർ അഭിനയിക്കാൻ ഇല്ലെന്നാണ് പറഞ്ഞത്. അത് അവരുടെ തീരുമാനമാവാമെന്നും മോഹൻലാൽ പറഞ്ഞു. ഇക്കാര്യം യോഗം ചർച്ച ചെയ്തിട്ടില്ല.യോഗത്തിലെ ചർച്ചയുമായി ബന്ധപ്പെട്ട് ഒരു കാര്യവും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കാൻ സംഘടനാ നേതൃത്വം തയ്യാറായില്ല. കരട് നിർദ്ദേശങ്ങളിൽ ഡബ്‌ളിയു.സി.സി അംഗങ്ങളുടെ എതിർപ്പ്, ആക്രമിക്കപ്പെട്ട നടിയുടെ സംഘടനയിലേക്കുള്ള തിരിച്ചുവരവ്, യോഗം ചർച്ച ചെയ്ത നിർദ്ദേശങ്ങൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മാദ്ധ്യമ പ്രവർത്തകർ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും മോഹൻലാലോ മറ്റ് ഭാരവാഹികളോ വ്യക്തമായ ഉത്തരം നൽകിയില്ല. ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ സംഘടനയിൽ നിന്ന് രാജിവച്ച നടിമാർ അപേക്ഷ നൽകിയാൽ മാത്രമേ തിരിച്ചെടുക്കാനാവൂ എന്നതാണ് നിയമമെന്ന് ട്രഷറർ ജഗദീഷ് പറഞ്ഞു. തിരിച്ചെടുക്കുമ്പോൾ അംഗത്വ ഫീസ് വാങ്ങരുതെന്ന നിർദ്ദേശം മമ്മൂട്ടി മുന്നോട്ട് വച്ചെന്നും അത് എല്ലാവർക്കും സ്വീകാര്യമാണെന്നും ജഗദീഷ് പറഞ്ഞു. എന്നാൽ ഈ അഭിപ്രായത്തെ വൈസ് പ്രസിഡന്റ് ഗണേശ്കുമാർ എതിർത്തതോടെ ഇക്കാര്യത്തിൽ എക്സിക്യൂട്ടിവ് അംഗങ്ങൾക്കിടയിലുള്ള ഭിന്നത പുറത്തായി. പ്രസിഡന്റ് കൂടിയായ മോഹൻലാലായിരിക്കും അമ്മയുടെ ഔദ്യോഗിക വക്താവെന്ന് ഗണേശ്കുമാർ അറിയിച്ചു. സംഘടനയുടെ വക്താവിനെ ചൊല്ലി നേരത്തേ സിദ്ദിഖും ജഗദീഷും തമ്മിൽ വാക്പോരുണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം. സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച അംഗങ്ങളുടെ കൂട്ടത്തിൽ നടൻ തിലകനെ ഉൾപ്പെടുത്തിയതായും ഭാരവാഹികൾ അറിയിച്ചു.