play-sharp-fill
അമിത് ഷാ പറഞ്ഞത് കേട്ടിരുന്നെങ്കിൽ കേരളത്തിൽ അഞ്ച് സീറ്റെങ്കിലും കിട്ടുമായിരുന്നു, ബി.ജെ.പി ഉഴപ്പിയത് തിരിച്ചടിയായി

അമിത് ഷാ പറഞ്ഞത് കേട്ടിരുന്നെങ്കിൽ കേരളത്തിൽ അഞ്ച് സീറ്റെങ്കിലും കിട്ടുമായിരുന്നു, ബി.ജെ.പി ഉഴപ്പിയത് തിരിച്ചടിയായി

സ്വന്തംലേഖകൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അങ്ങേയറ്റം പ്രതീക്ഷ വച്ചുപുലർത്തിയ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി.ജെ.പി ജയിക്കാത്തത് പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ വാക്കുകൾ കേൾക്കാത്തതു മൂലമാണെന്ന് പാർട്ടി കേരള ഘടകത്തിൽ വിമർശനമുയരുന്നു. അഞ്ച് സീറ്റെങ്കിലും ലക്ഷ്യമാക്കി നിരവധി തവണ കേരളത്തിലെത്തിയ അമിത് ഷാ നൽകിയ ഊന്നൽ മോദി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനായിരുന്നു. എന്നാൽ ഇക്കാര്യം കേരള ഘടകം പൂർണമായി അവഗണിച്ചു എന്നാണ് വിമർശനം. രാജ്യത്തെമ്പാടും മോദി അനുകൂല തരംഗം ആഞ്ഞടിച്ചപ്പോഴും കേരളത്തിൽ മോദിവിരുദ്ധ വികാരം ഉണ്ടായത് ന്യൂനപക്ഷ കേന്ദ്രീകരണം കൊണ്ടു മാത്രമല്ല എന്നാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. കേന്ദ്രസർക്കാരിന്റെ ഭരണ നേട്ടങ്ങൾ ഫലപ്രദമായി ജനങ്ങളിലെത്തിക്കാൻ സംസ്ഥാന നേതൃത്വം കാര്യമായ ശ്രമങ്ങൾ നടത്തിയില്ലെന്നാണ് ആക്ഷേപം. അതേസമയം മോദി സർക്കാരിന്റെ നേട്ടങ്ങൾ അവതരിപ്പിച്ചതുമൂലം മറ്റ് സംസ്ഥാനങ്ങളിൽ കാര്യമായ നേട്ടമുണ്ടായെന്ന് വിലയിരുത്തലുണ്ട്.പാവപ്പെട്ട സ്ത്രീകൾക്ക് സൗജന്യമായി പാചക വാതകം നൽകുന്ന ഉജ്ജ്വല യോജന, വൈദ്യുതീകരണ, പാർപ്പിട പദ്ധതികൾ, സ്വച്ഛ് ഭാരത്, യുവാക്കളുടെ തൊഴിൽ സംരംഭങ്ങൾക്ക് വായ്പ നൽകുന്ന മുദ്ര പദ്ധതി, തൊഴിലുറപ്പ് തുടങ്ങി നിരവധി പരിപാടികൾ കേന്ദ്രസർക്കാർ വിജയകരമായി നടപ്പിലാക്കിയിരുന്നു. എല്ലാ സംസ്ഥാന ഘടകങ്ങൾക്കും ഇതിന്റെ ഉപഭോക്താക്കളുടെ ലിസ്റ്റ്് നൽകിയിരുന്നു.എന്നാൽ ഇവരെയൊന്നും ബന്ധപ്പെടാനോ സംഘടിപ്പിക്കാനോ പാർട്ടി സംസ്ഥാന നേതൃത്വം കാര്യമായ ശ്രമം നടത്തിയില്ലെന്നാണ് ആക്ഷേപം. ദേശീയ തലത്തിൽ ബി.ജെ.പിക്ക് ലഭിച്ച വോട്ടിന്റെ 60 ശതമാനവും ഇത്തരത്തിലുള്ള വികസന പദ്ധതികളുടെ ഉപഭോക്താക്കളെ സംഘടിപ്പിച്ചതുകൊണ്ടാണെന്നാണ് കണക്കുകൂട്ടൽ .സംഘടനാപരമായ വീഴ്ചയാണ് തോൽവിയുടെ മറ്റൊരു കാര്യം. പുതിയ വോട്ടർമാരെ ചേർക്കുന്നതിലും വോട്ടർപട്ടികയിൽ നിന്ന് ബി.ജെ.പി അനുകൂല വോട്ടർമാരെ ഒഴിവാക്കുന്നത് തടയാനും ചില സ്ഥലങ്ങളിലൊഴിച്ചാൽ കാര്യമായ ശ്രമം നടന്നില്ല. ബി.ജെ.പി കീഴ് ഘടകങ്ങളും താഴെ തലത്തിൽ നിർജീവമായിരുന്നു. ബൂത്തുകളിൽ പഞ്ചരത്‌ന കമ്മിറ്റികൾ, അഞ്ചു ബൂത്തുകൾ ചേർന്ന ശക്തികേന്ദ്ര തുടങ്ങി സംവിധാനങ്ങളും പേരിന് മാത്രമായിരുന്നെന്നും ഇവയൊന്നും ഫലപ്രദമായിരുന്നില്ലെന്നും പാർട്ടിയിൽ ആക്ഷേപമുയരുന്നുണ്ട്.
കഴിഞ്ഞ തവണ രണ്ടാംസ്ഥാനത്ത് വന്ന തിരുവനന്തപുരത്ത് ഇക്കുറി ഒരു ലക്ഷത്തോളം വോട്ടിന് പരാജയപ്പെട്ടതാണ് കേന്ദ്രനേതൃത്വത്തെ ഞെട്ടിച്ചത്. മറ്റ് സംസ്ഥാനങ്ങളിലടക്കം ബി.ജെ.പി രണ്ടാംസ്ഥാനത്ത് വന്ന 120 മണ്ഡലങ്ങളിലും പാർട്ടി പ്രത്യേകം ശ്രദ്ധിക്കുകയും ഇക്കുറി മിക്ക സീറ്രിലും വെന്നിക്കൊടി പാറിക്കുകയും ചെയ്തിരുന്നു. എന്നാൽ 15,000 ൽ താഴെ മാത്രം വോട്ടിന് തോറ്ര മണ്ഡലങ്ങളിൽ പെടുന്ന തിരുവനന്തപുരത്ത് പരാജയപ്പെട്ടതിന് സംസ്ഥാന തേതൃത്വം മറുപടി പറയേണ്ടി വരും. വടക്കൻ കേരളത്തിൽ പാർട്ടി വോട്ടുകളിലുണ്ടായ ചോർച്ചയാണ് ദേശീയ നേതൃത്വം ഗൗരവത്തോടെ കാണുന്ന മറ്രൊരു വിഷയം. ഏതാനും വർഷം മുമ്പ് വരെ വ്യാപകമായിരുന്ന വോട്ട് ചോർച്ച പൂർണമായി അടച്ച ശേഷം വീണ്ടും അത് തിരിച്ചുവന്നതും സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയായാണ് വിലയിരുത്തുന്നത്.