സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേർക്ക് രോ​ഗം സ്ഥിരീകരിച്ചു;11 പേർ ചികിത്സയിൽ

Spread the love

കോഴിക്കോട്: രണ്ടുപേർക്കുകൂടി അമീബിക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്തുവയസ്സുകാരിക്കും, രാമനാട്ടുകരയിലെ യുവതിക്കുമാണ് രോ​ഗബാധ സ്ഥിരീകരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. പെൺകുട്ടിയുടെ സ്രവം വിശദ പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന സ്‌ത്രീ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വണ്ടൂർ തിരുവാലി കോഴിപ്പറമ്പ് എളേടത്തുകുന്ന് വാപ്പാടൻ രാമന്റെ ഭാര്യ എം ശോഭന (56) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശോഭനയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അബോധാവസ്ഥയിലായിരുന്ന ശോഭനയ്ക്ക് മൈക്രോബയോളജി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കിണർ വെള്ളത്തിൽ നിന്നാവാം രോഗമുണ്ടായതെന്ന സംശയത്തിൽ ക്ലോറിനേഷൻ നടത്തിയിരുന്നു. സംസ്ഥാനത്ത് ഒരു മാസത്തിനിടെ അമീബിക് മസ്‌തിഷ്ക ജ്വരം മൂലമുള്ള അഞ്ചാമത്തെ മരണമാണിത്.

കോഴിക്കോട് മെഡിക്കൽ കോളേജിലും മാതൃശിശു സംരക്ഷണ കേന്ദ്രത്തിലുമായി നിലവിൽ പത്തോളം പേർ‌ ചികിത്സയിലുണ്ടെന്നാണ് വിവരം. ഇതിൽ വയനാട് സ്വദേശിയുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്ന സാഹചര്യത്തിൽ കോർപ്പറേഷനും തദ്ദേശ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

കെട്ടിക്കിടക്കുന്ന ജല സ്രോതസുകളും കുളങ്ങളും ക്ലീൻ ചെയ്യാൻ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിൻ അളവുകൾ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുമാണ്.