ഗതാഗത കുരുക്കിൽ ആംബുലൻസ് വൈകി; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

Spread the love

കണ്ണൂർ: കൊട്ടിയൂരിൽ ആംബുലൻസ് ഗതാഗത കുരുക്കിൽ പെട്ടതോടെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് മൂന്നു വയസുകാരൻ മരിച്ചു. താഴെ പാൽച്ചുരം ഉന്നതിയിലെ പ്രജുൽ ആണഅ മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

കുട്ടിക്ക് സുഖമില്ലാത്തതിനാൽ കൊട്ടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആംബുലൻസ് വിളിച്ചു. സാധാരണ ഗതിയിൽ 10 മിനിട്ട് കൊണ്ട് കുട്ടിയുടെ വീട്ടിലേക്ക് ആംബുലൻസ് എത്തേണ്ടതാണ്. എന്നാൽ ഗതാഗത കുരുക്ക് കാരണം മുക്കാൽ മണിക്കൂറെടുത്തു ആംബുലൻസ് എത്തിച്ചേരാൻ.

പാൽച്ചുരത്തിലെ ഗതാഗത കുരുക്ക് കാരണം കൊട്ടിയൂരിൽ നിന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് എത്താൻ എടുത്തത് രണ്ട് മണിക്കൂറോളമാണ്. അപ്പോഴേക്കും കുഞ്ഞ് മരിച്ചു. ജന്മനാ തലച്ചോർ സംബന്ധമായ രോഗമുള്ള കുട്ടിയാണ് പ്രജുൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊട്ടിയൂർ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ കഴിഞ്ഞ രണ്ട് ദിവസമായി ഈ റോഡിൽ ഗതാഗതം സ്തംഭിച്ച നിലയിലാണ്. 15 കിലോമീറ്ററിലധികം നീളുന്ന ഗതാഗത കുരുക്കാണ് ഇന്നലെയും ഇന്നും അനുഭവപ്പെട്ടത്.

അവധി ദിവസങ്ങളിൽ ഭക്തർ വൻതോതിൽ എത്തിയതാണ് ഒരു കാരണം. ശാസ്ത്രീയമായ ഗതാഗത നിയന്ത്രണവും മതിയായ പാർക്കിങ് സൌകര്യവും ഇല്ലാത്തതും പ്രതിസന്ധിയായി. കൂടെ അതിതീവ്ര മഴ കൂടി പെയ്തതോടെ കിലോമീറ്ററുകളോളം നടന്നാണ് ഭക്തർക്ക് ക്ഷേത്രത്തിൽ എത്താനായത്.