ദേശീയ പണിമുടക്ക് : യാത്രാമധ്യേ യുവതിക്ക് ആംബുലൻസിനുള്ളിൽ സുഖപ്രസവം “ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ട ഓർമയിൽ 108 ആംബുലൻസ് വിളിച്ചു ”
സ്വന്തം ലേഖകൻ
കണ്ണൂർ: ദേശീയ പണിമുടക്ക് ദിവസം പുലർച്ചെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. കണ്ണൂർ നെടുംപോയിൽ പുത്തൻപുരയിൽ വീട്ടിൽ വൈശാഖിന്റെ ഭാര്യ അമൃത(25) ആണ് ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.
ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ അമൃതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഇടത്തൊട്ടിയിലെ വീട്ടിൽ നിന്ന് തലശ്ശേരി സർക്കാർ ആശുപത്രിയിലേക്ക് വീട്ടുകാർ ഓട്ടോറിക്ഷയിൽ അമൃതയുമായി തിരിച്ചു. എന്നാൽ ഇടയാർ എത്തിയപ്പോൾ ആരോഗ്യനില മോശമായതിനാൽ അമൃതയുമായി മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലായി. പണിമുടക്കായതിനാൽ മറ്റു വാഹനങ്ങൾ കിട്ടാതെ എന്ത് ചെയ്യണമെന്ന അറിയാതെ നിൽക്കുമ്പോഴാണ് ഫെയ്സ് ബുക്കിൽ 108 ആംബുലൻസിൽ പ്രസവം നടന്നു എന്ന പോസ്റ്റ് വൈശാഖിന്റെ ഓർമയിൽ വന്നത്. ഉടൻ തന്നെ വൈശാഖ് 108 ആംബുലൻസിന്റെ സഹായം തേടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ട്രോൾ റൂമിൽ നിന്ന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിയിൽ സർവീസ് നടത്തുന്ന 108 ആംബുലൻസ് ഉടൻ തന്നെ ഇടയാർ എത്തി. അമൃതയുടെ ആരോഗ്യനില മോശമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഹണിമോൾ മാനുവൽ, അമൃതയെ ആംബുലൻസിലേക്ക് മാറ്റി. ഉടൻ തന്നെ ആംബുലൻസ് ആശുപത്രിയിലേക്ക് തിരിച്ചു.
എന്നാൽ, ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് 5.10ന് ആംബുലൻസിനുള്ളിൽ വെച്ച് ഹണിയുടെ പരിചരണത്തിൽ അമൃത പ്രസവിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും ധനേഷ് കൂത്തുപറമ്പ് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. വൈശാഖ് -അമൃത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്.