ജനറൽ ആശുപത്രി അധികൃതരുടെ ക്രൂരത രോഗികളോട്: ആശുപത്രിയിലെ ബഗ്ലിക്കാറിൽ കയറ്റുന്നത് വിറകും ആശുപത്രി മാലിന്യങ്ങളും: ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൊണ്ടു പോകാനുള്ള വാഹനത്തിന് ആശുപത്രിയിൽ ലഭിക്കുന്നത് മോശം പരിചരണം: ബഗ്ലിക്കാർ ദാനം നൽകിയ ക്രൈസ്തവ സഭയെ പോലും അപമാനിച്ച് ആശുപത്രി അധികൃതർ
തേർഡ് ഐ ബ്യൂറോ
കോട്ടയം: അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കാൻ ക്രൈസ്തവ സഭ ദാനം നൽകിയ ബഗ്ലിക്കാറിൽ ജനറൽ ജില്ലാ ആശുപത്രിയിൽ കയറ്റുന്നത് ആശുപത്രി മാലിന്യങ്ങളും, വിറകും, നിർമ്മാണ സാമഗ്രികളും. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കേണ്ട ബഗ്ലിക്കാറിലാണ് വിറക് അടക്കമുള്ള മാലിന്യങ്ങൾ കയറ്റിയിറക്കുന്നത്. ഇത്തരത്തിൽ മാലിന്യങ്ങളും വിറകും കയറ്റിയിറക്കുന്ന ബഗ്ലിക്കാറുകളിൽ രോഗികളെ കയറ്റുമ്പോൾ അണുബാധയുണ്ടാകാനുള്ള സാധ്യത നൂറിരട്ടിയാണ്. ഇതൊന്നും പരിഗണിക്കാതെയാണ് ആശുപത്രി ജീവനക്കാർ വളരെ നിസാരമായ രീതിയിൽ ബഗികാറുകളെ കൈകാര്യം ചെയ്യുന്നത്. ഇത് രോഗികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്നത് പോലും ഇവർ പരിഗണിക്കുന്നില്ല.
ഒരു വർഷം മുൻപാണ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നച്ചേരി മെമ്മോറിയലായി ക്രൈസ്തവ സഭ ജനറൽ ആശുപത്രിയ്ക്ക് ബഗ്ഗികാറുകൾ സംഭാവന ചെയ്തത്. ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിന്നും വാർഡിലേയ്ക്ക് രോഗികളെ കൊണ്ടു പോകുന്നതിനായിരുന്നു ബഗികാറുകൾ ഉപയോഗിച്ചിരുന്നത്. പരിശീലനം ലഭിച്ച ജീവനക്കാരാണ് ഈ വാഹനം ഓടിച്ചിരുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ സ്ട്രച്ചറിൽ കിടത്തിക്കൊണ്ടു പോകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്ന് കണ്ടെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്നാണ് ക്രൈസ്തവ സഭ മുൻകൈ എടുത്ത് ലക്ഷങ്ങൾ മുടക്കി ആശുപത്രിയ്ക്ക് ബഗ്ഗികാറുകൾ വാങ്ങി നൽകിയത്. ഇവർ തന്നെ ആശുപത്രിയിലെ ജീവനക്കാർക്ക് ബഗ്ഗികാർ ഉപയോഗിക്കുന്നതിൽ പരിശീലനവും നൽകി. എന്നാൽ, ഇതിനെയെല്ലാം അട്ടിമറിച്ചാണ് ഇപ്പോൾ ആശുപത്രിയിൽ പ്രവർത്തനങ്ങൾ നടക്കുന്നത്.
ബഗ്ഗികാറിൽ രോഗികൾ മാത്രമേ കയറാവൂ എന്നാണ് അറിയിപ്പ്. എന്നാൽ, കഴിഞ്ഞ ദിവസം ശുചീകരണത്തിന്റെ ഭാഗമായാണ് ജനറൽ ആശുപത്രിയിലെ ബഗ്ഗികാറുകൾ മാലിന്യം നീക്കാൻ ഉപയോഗിച്ചത്. ജീവനക്കാർ തന്നെ മാലിന്യം ബഗ്ഗികാറിനുള്ളിൽ കയറ്റുന്നതിന്റെയും, വിറകുകൾ അടുക്കി വയ്ക്കുന്നതിന്റെയും ചിത്രങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.