അപകടം പറ്റിയവരെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി കമ്മീഷൻ കൈപ്പറ്റുന്ന പ്രവണത: സ്വകാര്യ ആംബുലൻസുകാരുടെ യോഗം വിളിച്ചു ചേർക്കും:-മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

തിരുവനന്തപുരം: ജില്ലകളിൽ സ്വകാര്യ ആംബുലൻസുകാരുടെ യോഗം വിളിച്ചു ചേർക്കാൻ തീരുമാനം. അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടുപോകുന്ന സ്വകാര്യ ആംബുലൻസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ആരോഗ്യവകുപ്പ്, പോലീസ് വകുപ്പ്, ട്രാൻസ്പോർട്ട് വകുപ്പ് എന്നിവരാണ് യോഗം വിളിക്കാൻ മുൻകൈ എടുക്കേണ്ടത്.

അപകടം പറ്റിയവരെ ആംബുലസ് ഡ്രൈവർമാർ സർക്കാർ ആശുപത്രികളെ ഒഴിവാക്കി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി കമ്മീഷൻ കൈപ്പറ്റുന്നതായി പരാതികൾ ഉയർന്നതിൻ്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. രോഗികളുടെയോ ബന്ധുക്കളുടെയോ ആഗ്രഹപ്രകാരമല്ല പലപ്പോഴും ഇത് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യം ലഭിക്കില്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോകുന്നത്. ഇത്തരം കാര്യങ്ങൾ ഗൗരവമായി കാണണം. ഈ രീതിയിൽ പെരുമാറുന്ന ആംബുലൻസ് ഡ്രൈവർമാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സ്വകാര്യ ആംബുലൻസുകാർ അമിത ചാർജ് ഈടാക്കുന്നതും പരാതിയായി വന്നിട്ടുണ്ട്.
തൊഴിൽ വകുപ്പിന്റെ കേരള സവാരി മൊബൈൽ ആപ്ലിക്കേഷനിൽ ആംബുലൻസിനെ കൂടി ഉൾപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യമന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ, ട്രാൻസ്പോർട്ട് കമ്മീഷണർ സി എച്ച് നാഗരാജു തുടങ്ങിയവർ സംസാരിച്ചു.