
പാലക്കാട്: വിഷം ഉള്ളിൽച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ മാതാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകീട്ട് 4.50 ഓടെയാണ് സംഭവം.
നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. യുവാവിനെയും മാതാവിനെയും കൂടാതെ ജോറാമ്മയുടെ മകളുടെ ഭർത്താവ് റഹീം, സഹോദരന്റെ മരുമകൾ റഹ്‌മത്ത് എന്നിവരും നഴ്‌സുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നല്ലേപ്പിള്ളി സ്വദേശി മഫ്ലുവിനെയാണ് (25) വിഷം ഉള്ളിൽച്ചെന്നനിലയിൽ ആംബുലൻസിൽ കൊണ്ടുവന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മഫ്ലുവിനെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോവുകയായിരുന്നു. കാടാങ്കോട് ജംഗ്ഷനിൽ എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആംബുലൻസ് മറിഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡിനെതിർവശത്തെ ഇലക്ട്രിക് ഉപകരണങ്ങൾ നന്നാക്കുന്ന കടയുടെ ചുമരിലിടിച്ചാണ് ആംബുലൻസ് മറിഞ്ഞത്. ഈസമയം മൂന്നുപേർ കടയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട് ടൗൺ സൗത്ത് പോലീസും നാട്ടുകാരും സ്ഥലത്തെത്തി. മറിഞ്ഞുകിടന്ന ആംബുലൻസിൽനിന്ന് ആളുകളെ പുറത്തെടുക്കുമ്പോൾ ഇതേദിശയിൽ മറ്റൊരു ആംബുലൻസെത്തി. ഇതിലാണ് ഇവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജോറാമ്മയെ രക്ഷിക്കാനായില്ല.
ബൈക്കിൽവന്ന രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. ക്രെയിനെത്തിച്ച് ആംബുലൻസ് റോഡിൽനിന്ന് മാറ്റുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.



