play-sharp-fill
അമ്പൂരിയിലെ രാഖിയുടെ കൊലപാതകം: പ്രതിയെ കൊലപാതകം നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുത്തു; പ്രതിഷേധവും അസഭ്യം വിളിയുമായി നാട്ടുകാർ

അമ്പൂരിയിലെ രാഖിയുടെ കൊലപാതകം: പ്രതിയെ കൊലപാതകം നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുത്തു; പ്രതിഷേധവും അസഭ്യം വിളിയുമായി നാട്ടുകാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അമ്പൂരിയിൽ കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി വീടിനു പിന്നിൽ കുഴിച്ചിട്ട കേസിലെ ഒന്നാം പ്രതി സൈനികനായ അഖിലിനെ കൊലപാതകം നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുത്തു. കേസിൽ നിർണ്ണായകമായ തെളിവുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് തിങ്കളാഴ്ച പ്രതിയെയുമായി കൊലപാതകം നടന്ന വീട്ടിൽ എത്തി പൊലീസ് തെളിവെടുപ്പ് നടത്തിയത്.
വൻ പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തിലാണ് അഖിലിനെ തെളിവെടുപ്പിനായി വീട്ടിൽ എത്തിച്ചത്. പ്രതിയെയുമായി സ്ഥലത്ത് എത്തുന്നത് അറിഞ്ഞ് നൂറുകണക്കിന് നാട്ടുകാരാണ് സ്ഥലത്ത് തടിച്ച് കൂടിയിരുന്നത്. പ്രതിഷേധവുമായി നാട്ടുകാർ എത്തുമെന്നറിഞ്ഞ് പൊലീസ് വൻ സന്നാഹം തന്നെ ഒരുക്കിയിരുന്നു. പൊലീസ് വാനിനുള്ളിൽ നിന്നും അഖിലിനെ പുറത്തിറക്കിയപ്പോൾ തന്നെ നാട്ടുകാർ കൂക്കുവിളിയും പ്രതിഷേധവും തുടങ്ങി. പലരും അതിരൂക്ഷമായ അസഭ്യം വിളിയോടെയാണ് പ്രതിയെ സ്വീകരിച്ചത്. പ്രതിയെ വീടിനുള്ളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പുറത്ത് എത്തിച്ചതോടെ ആളുകളുടെ നിയന്ത്രണം നഷ്ടമായി. അസഭ്യം വിളിയോടെ ആളുകൾ പ്രതിയ്ക്ക് നേരെ പാഞ്ഞെടുത്തു. ഇതോടെ പൊലീസ് പ്രതിയ്ക്ക് വലയം തീർത്തു. ഇയാളെയുമായി പൊലീസ് സംഘം നേരെ വാഹനത്തിനുള്ളിലേയ്ക്ക് കയറി.

രാഖി കൊലപാതകത്തിൽ അഖിലിന്റെ അച്ഛനും അമ്മയ്കക്കും പങ്കുണ്ടെന്നും അവരെ കൂടി അറസ്റ്റ് ചെയ്ത ശേഷം മതി തെളിവെടുപ്പെന്നും ആക്രോശിച്ചാണ് ജനക്കൂട്ടം അക്രമാസക്തരായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഖിലിനെ കണ്ടപ്പോൾ തന്നെ നാട്ടുകാർ കൂവി വിളിച്ച് ബഹളം വച്ചു. അഖിലിന് നേരെ നാട്ടുകാരിൽ ചിലർ കല്ലെറിയുകയും ചെയ്തു. പോലീസ് വാഹനം തടഞ്ഞുവക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയപ്പോൾ നാട്ടുകാരെ പോലീസ് ലാത്തിവീശി ഓടിച്ചു. തെളിവെടുപ്പ് തടസപ്പെടുത്തരുതെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടും പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സാഹചര്യവും ഉണ്ടായി.പൊലീസ് വാഹനത്തിൽ കൈകൊണ്ട് അടിച്ചും പലരും പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. സ്ത്രീകൾ അടക്കമുള്ളവർ അതിരൂക്ഷമായ പ്രതികരണമാണ് പ്രതിയ്‌ക്കെതിരെ നടത്തിയത്.
ഇതിനിടെ കേസിൽ പിടിയിലായ മുഖ്യപ്രതിയും സൈനികനുമായ വാഴിച്ചൽ അമ്പൂരി തട്ടാൻമുക്ക് അശ്വതി ഭവനിൽ അഖിലേഷിന്റെ(24) അച്ഛൻ മണിയനെയും പൊലീസ് ചോദ്യം ചെയ്യും. മണിയന് സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന പ്രധാന പ്രതി അഖിലേഷിന്റെ തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം കേസിലെ രണ്ടാം പ്രതി രാഹുലിനെ കൂടി കസ്റ്റഡിയിൽ വാങ്ങി അച്ഛനെയും മക്കളെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്.

മൊഴികളിലെ വൈരുദ്ധ്യം ഒഴിവാക്കാനും സംശയങ്ങൾ ദുരീകരിക്കാനും ഇത് സഹായിക്കുമെന്ന് പൊലീസ് കരുതുന്നു. മൂന്നാഴ്ച നീണ്ട ആസൂത്രണത്തിനൊടുവിലാണ് രാഖിയെ വകവരുത്തിയത്. രാഖിയെ കുഴിച്ചുമൂടാനുള്ള കുഴി തുരന്നതിൽ മണിയനും പങ്കുളളതായി അയൽവാസികളിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മരം നടാനാണ് കുഴിയെന്ന് ഇയാൾ ചിലരോട് പറഞ്ഞതായ സൂചനയും പൊലീസിനുണ്ട്. രാഖിയുടെ മൃതദേഹം അഖിലേഷിന്റെ വീട്ടുവളപ്പിൽ നിന്ന് പൊലീസ് കണ്ടെത്തുകയും അഖിലേഷും സഹോദരൻ രാഹുലും അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ ആദർശും(കണ്ണൻ-23) ചേർന്നാണ് കൊലനടത്തിയതെന്ന് സ്ഥിരീകരിക്കുകയും ചെയ്തശേഷവും മക്കൾ നിരപരാധിയാണെന്ന മട്ടിൽ മണിയൻ നടത്തിയ പരസ്യപ്രതികരണങ്ങളും അന്വേഷണം വഴിതെറ്റിക്കാൻ നടത്തിയ ശ്രമങ്ങളും സംശയാസ്പദമാണ്.

കൊലപാതകശേഷം ഒളിവിൽ പോയ അഖിലേഷും രാഹുലും മണിയനുമായി ബന്ധപ്പെട്ടിരുന്നെങ്കിലും മക്കളെ കീഴടങ്ങാൻ ഉപദേശിച്ചുവെന്ന് പറയുന്നതല്ലാതെ വിവരങ്ങൾ പൊലീസിനെ അറിയിക്കാൻ കൂട്ടാക്കിയില്ല.
അതേസമയം പൊലീസ് പിടിയിലായ അഖിലേഷിനെ തെളിവെടുപ്പിനായി രാവിലെ അമ്പൂരി തട്ടാൻമുക്കിലെത്തിച്ചു. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ കോമ്പൗണ്ടിൽ കനത്ത പൊലീസ് കാവലിൽ അഖിലേഷിനെ എത്തിച്ച് തെളിവെടുക്കുന്നത് കാണാൻ വൻ ജനാവലി തടിച്ചുകൂടി. കൊലപാതകത്തിനായി കാർ പാർക്ക് ചെയ്ത സ്ഥലവും അതിനുശേഷം വീടിന്റെ കോമ്പൗണ്ടിലെത്തിച്ച് കുഴിച്ചുമൂടിയ രീതിയുമെല്ലാം അഖിലേഷ് കാട്ടിക്കൊടുത്തു. മൃതദേഹത്തിൽ വിതറാൻ ഉപ്പുവാങ്ങിയ കടയിലും അഖിലേഷിനെ എത്തിച്ചു. പൂവാർ സി.ഐ രാജീവിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.
രാഖി അനുനയത്തിന് തയാറാകുന്നില്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് കൊലപാതകത്തിന് തയ്യാറായതെന്ന് അഖിലേഷ് ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. ‘എങ്കിൽ പിന്നെ കൊന്നോട്ടെ’ എന്ന ചോദ്യത്തിനു ‘കൊന്നോളാൻ’ രാഖി മറുപടി നൽകി. യുവതി പിന്മാറിയിരുന്നെങ്കിൽ കൊല്ലുമായിരുന്നില്ല. മുൻ സീറ്റിലിരുന്ന രാഖിയെ പിന്നിൽ നിന്ന് ആദ്യം കൈത്തണ്ട കൊണ്ടു കഴുത്തു ഞെരിച്ചുവെന്നും കൈ കഴച്ചപ്പോൾ കയറും സീറ്റ് ബെൽറ്റുമിട്ട് മുറുക്കിയെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കഴുത്തു ഞെരിക്കുന്നതിനിടെ രാഖി എന്തോ പറഞ്ഞതു വ്യക്തമായില്ല. നിലപാട് മാറ്റിയതാണെങ്കിലോ എന്ന പൊലീസിന്റെ ചോദ്യത്തിന്, ‘കൈവച്ചു പോയില്ലേ, തീർക്കാമെന്നു കരുതി’ എന്നായിരുന്നു അഖിലിന്റെ മറുപടി. തുടർന്നു വീട്ടിലെത്തി മരണം ഉറപ്പാക്കിയശേഷം മൃതദേഹം പ്ലാസ്റ്റിക് കയറിട്ടു സീറ്റിനോടു ചേർത്തു കെട്ടിയെന്നും അഖിലേഷ് തെളിവെടുപ്പിനിടെ പൊലീസിനോട് വെളിപ്പെടുത്തി.
രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയശേഷം വീട്ടിലെത്തി കുളിച്ച് വൃത്തിയായ തന്നെയും ആദർശിനെയും ജ്യേഷ്ഠൻ രാഹുലാണ് കൊലപാതകത്തിനുപയോഗിച്ച കാറിൽ തിരുവനന്തപുരത്തെത്തിച്ചത്. കൊല്ലപ്പെടുമ്പോൾ രാഖി ധരിച്ചിരുന്ന വസ്ത്രങ്ങൾ യാത്രാ മദ്ധ്യേ വഴിയിലുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. തിരുവനന്തപുരത്തെത്തി അവിടെ നിന്ന് അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ബസിൽ ഗുരുവായൂരിലേക്ക് പോയി. രാഖിയുടെ ബാഗ് ബസിൽ ഉപേക്ഷിച്ചതായും അഖിലേഷ് പൊലീസിനോട് പറഞ്ഞു. രാഖിയുടെ മൊബൈൽ ഫോണുൾപ്പെടെ കേസിൽ ഇനിയും തെളിവുകൾ പൊലീസിന് ശേഖരിക്കാനുണ്ട്. ഇതിനായി രാഹുലിനെ കൂടി വരുംദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങും.