play-sharp-fill
അമ്പലപ്പുഴ പാൽപ്പായസം ഗോപാലക്കഷായമാകുമ്പോൾ പേര് ഏത് ഗോപാലന്റേത്; എ.കെ ഗോപാലനെ ഓർക്കാനെന്ന് കോൺഗ്രസ്; പ്രയാർ ഗോപാലകൃഷ്ണനെന്ന് എം.പന്മകുമാർ; പേരിൽ തൊടാൻ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി

അമ്പലപ്പുഴ പാൽപ്പായസം ഗോപാലക്കഷായമാകുമ്പോൾ പേര് ഏത് ഗോപാലന്റേത്; എ.കെ ഗോപാലനെ ഓർക്കാനെന്ന് കോൺഗ്രസ്; പ്രയാർ ഗോപാലകൃഷ്ണനെന്ന് എം.പന്മകുമാർ; പേരിൽ തൊടാൻ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ

ആമ്പലപ്പുഴ: അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേരിനെച്ചൊല്ലി വിവാദം കൊടുമ്പിരിക്കൊള്ളുന്നു. എ.കെ ഗോപാലനെ ഓർമ്മിക്കാനാണ് അമ്പലപ്പുഴ പാൽപ്പായസത്തിന് ഗോപാലക്കഷായം എന്ന് പേര് നൽകുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ, എന്തുകൊണ്ടാണ് പ്രയാർ ഗോപാലകൃഷ്ണന്റെ പേര് പറയാത്തതെന്നാണ് ഇപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.പത്മകുമാർ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനിടെ അമ്പലപ്പുഴ പാൽപായസത്തിന്റെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ ഹിന്ദു ഐക്യവേദിയും രംഗത്ത് എത്തിയിട്ടുണ്ട്.


എകെ ഗോപാലന്റെ പേര് ഓർമ്മിപ്പിക്കാൻ അമ്പലപ്പുഴ പാൽപായത്തിന്റെ പേര് മാറ്റേണ്ട കാര്യമില്ലന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എം.പത്മകുമാർ പറഞ്ഞു. പ്രയാർ ഗോപാലകൃഷ്ണന്റെ പേര് ഓർക്കാനാണ് ഗോപാല കഷായം എന്ന് പേര് മാറ്റിയതെന്ന് ആക്ഷേപം ഉന്നയിക്കുന്ന കോൺഗ്രസുകാർ പറയാത്തത് എന്തുകൊണ്ടാണെന്നും എ പത്മകുമാർ പരിഹസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല യുവതീ പ്രവേശത്തിൽ സർക്കാരിന് വേണ്ടി പലതും നെഞ്ചിൽ ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. രക്ത ചൊരിച്ചിൽ ഉണ്ടാകരുതെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് പല പ്രശ്നങ്ങളും സ്വയം ഏറ്റെടുക്കേണ്ടിവന്നതെന്നും എ പത്മകുമാർ പ്രതികരിച്ചു.അത് കർത്തവ്യമായിരുന്നു എന്നും എ പത്മകുമാർ പറഞ്ഞു.

വിശ്വാസികൾക്ക് ഒപ്പമാണ് സർക്കാർ. അല്ലാതെ അമ്പലം വിഴുങ്ങികൾക്ക് ഒപ്പമല്ല. ദേവസ്വം ബോർഡിന് വേണ്ടി കോടികൾ വകയിരുത്തിയ സർക്കാരാണ് പിണറായി വിജയൻ സർക്കാരെന്നും പത്മകുമാർ പറഞ്ഞു.

അമ്പലപ്പുഴ പാൽപായസത്തിന്റെ പേര് ഔദ്യോഗികമായി പുനർനാമകരണം ചെയ്യാനുള്ള ദേവസ്വം ബോർഡിന്റെ ഏകപക്ഷീയ നീക്കം അനുവദിച്ചുകൊടുക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചർ പറഞ്ഞു. പേരുമാറ്റ വിഷയത്തിൽ, അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസറെ സന്ദർശിച്ച് ഹിന്ദു ഐക്യവേദിയുടെ നിലപാട് വ്യക്തമാക്കവെയായിരുന്നു ടീച്ചറുടെ പ്രതികരണം. ദേവസ്വം ബോർഡ് നീക്കത്തിനെതിരെ ടീച്ചറുടെ നേതൃത്വത്തിൽ ഭക്തരും ഹിന്ദു ഐക്യവേദി പ്രവർത്തകരും കൂട്ട നാമജപം നടത്തി.

ഭാരതത്തിലെ തന്നെ അതി പ്രശസ്തവും സമ്പന്നമായ പൈതൃക വിശേഷം അവകാശപ്പെടുന്നതുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം. അമ്പലപ്പുഴ എന്ന സ്ഥലനാമം കേൾക്കുമ്‌ബോൾ തന്നെ ലോകത്തിന്റെ ഏത് കോണിലുള്ള ഏതൊരു കൃഷ്ണഭക്തനും മനസ്സിൽ ഓടിയെത്തുന്നത് ഈ മഹാക്ഷേത്രത്തിന്റെ ചിത്രവും അമ്പലപ്പുഴ പാൽപായസത്തിന്റെ മാധുര്യവുമാണ്. അപ്രകാരം വിശ്വമാകെ പ്രചുരപ്രചാരം സിദ്ധിച്ച അമ്പലപ്പുഴ പാൽപായസത്തിനെ ‘ഗോപാല കഷായം’ എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്യുവാനുള്ള ദേവസ്വം ബോർഡിന്റെ നീക്കം ഭക്തജനങ്ങൾക്കിടയിൽ അസംതൃപ്തിയും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട്.

അമ്പലപ്പുഴ എന്ന സ്ഥലനാമം തന്നെ വിശ്വമാകെ അറിയപ്പെടാൻ നിമിത്തമായ പായസത്തിന്റെ പേര് മാറ്റുവാനുള്ള നടപടി ഭക്തജന – വിശ്വാസി സമൂഹത്തിന്റെ അഭിപ്രായ സമന്വയത്തിനു ശേഷമായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ ഇപ്പോഴുണ്ടായിരിക്കുന്നത് ദേവസ്വം ബോർഡിന്റെ ഏകപക്ഷീയമായ നടപടിയാണ്.
ഭക്തരുടെയും വിശ്വാസികളുടെയും താത്പര്യങ്ങൾക്കൊപ്പം എല്ലാക്കാലവും നിലകൊണ്ടിട്ടുള്ള ഹിന്ദു ഐക്യവേദി ഈ വിഷയത്തിലും ഭക്തജനങ്ങളുടെ താത്പര്യത്തിനാണ് പ്രാമുഖ്യം നൽകുന്നത്.

അതുകൊണ്ട് തന്നെ അമ്പലപ്പുഴയുടെ കീർത്തി ലോകമറിയിച്ച, ഒരിക്കലെങ്കിലും ശ്രീകൃഷ്ണ സ്വാമിയെ തൊഴുതിട്ടുള്ള ഒരു ഭക്തന്റെ നാവിൽ ഇപ്പൊഴും മായാതെ കിടക്കുന്ന മാധുര്യമായ അമ്ബലപ്പുഴ പാൽപായസത്തിന്റെ നാമം അപ്രകാരം തന്നെ നിലനിർത്താൻ വേണ്ട ഏത് വിധത്തിലുള്ള ശ്രമങ്ങൾക്കും, അത് സമരമാണെങ്കിൽ പോലും ഹിന്ദു ഐക്യവേദി സജ്ജമാണ് എന്നും ശശികല ടീച്ചർ പറഞ്ഞു .

അമ്പലപ്പുഴ പാൽപായസം എന്ന നാമം ഔദ്യോഗികമായി ഇല്ലാതാകുന്ന പക്ഷം ആയത് വാണിജ്യതാത്പര്യങ്ങൾ മുൻനിർത്തി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം സംജാതമാകുകയാണെങ്കിൽ വിശ്വാസിസമൂഹം അതിന് ഇടയാക്കിയവർക്ക് മാപ്പുനൽകില്ല.കൂടാതെ അമ്പലപ്പുഴ പാൽപായസം എന്നത് ദേവനുള്ള വഴിപാട് സമർപ്പണം ആണെന്നും ദേവന്റെ നേദ്യശിഷ്ടം എന്ന ഭാവേന അതിപവിത്രമായി ഭക്തർ കരുതുന്നതാണെന്നും അപ്രകാരമുള്ള പവിത്രത ക്ഷേത്രത്തിലെ പായസം വിതരണ സംവിധാനത്തിലും ഉണ്ടാകണമെന്നും , ബോർഡിന് കേവലം സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള വരുമാനമാർഗ്ഗമായി വാണിജ്യവത്ക്കരിക്കതുതെന്നും ശശികല ടീച്ചർ ആവശ്യപ്പെട്ടു.

ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം വിനോദ് ഉമ്പർനാട്, മഹിളാ ഐക്യവേദി ആലപ്പുഴ ജില്ലാ പ്രസിഡന്റ് അംബികാ ദേവി, ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി സി.എൻ.ജിനു, ട്രഷറർ ഹരിഹരൻ പിള്ള തുടങ്ങിയവരും ടീച്ചർക്കൊപ്പം ക്ഷേത്രത്തിൽ എത്തിയിരുന്നു .