play-sharp-fill
ചവിട്ടുമെത്തയിലും ടോയ്‌ലറ്റ് സീറ്റിലും ഹിന്ദു ദേവന്മാരുടെ ചിത്രങ്ങൾ; ആമസോണിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ചവിട്ടുമെത്തയിലും ടോയ്‌ലറ്റ് സീറ്റിലും ഹിന്ദു ദേവന്മാരുടെ ചിത്രങ്ങൾ; ആമസോണിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

സ്വന്തംലേഖിക

നോയിഡ: ചവിട്ടുമെത്തയിലും ടോയ്‌ലറ്റിൻറെ സീറ്റ് കവറിലും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കണ്ടെത്തിയ സംഭവത്തിൽ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഇ-കൊമേഴ്‌സ് ഭീമൻ ആമസോണിനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിച്ച ചവിട്ടുമെത്തയും ടോയ്‌ലറ്റ് സീറ്റ് കവറും ആമസോണിൻറെ യുഎസ് വെബ്‌സൈറ്റിൽ വിൽപ്പനയ്ക്ക് വച്ചതിനെ തുടർന്നാണ് കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നും മതങ്ങൾ തമ്മിൽ ശത്രുത സൃഷ്ടിക്കുന്നതിന് കാരണമായെന്നും ആരോപിച്ച് നോയിഡയിലെ സെക്ടർ 58 സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. വിദേശ കേന്ദ്രീകൃത കമ്പനിയായ ആമസോൺ ഹിന്ദുമതത്തിൻറെ വികാരങ്ങളെ മാനിക്കാത്ത രീതിയിൽ ഉൽപ്പന്നങ്ങൾ സൈറ്റിൽ പ്രദർശിപ്പിക്കുന്നത് രാജ്യത്ത് വർഗീയതയ്ക്ക് കാരണമാകുന്നു. ഇത്തരം ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് വയ്ക്കുന്ന കമ്പനിക്കെതിരെ കർശനമായ നിയമനടപടി എടുക്കണമെന്നും ഹിന്ദുക്കൾക്ക് അവരുടെ ആത്മാഭിമാനവും അന്തസ്സും സമാധാനപരമായി കാത്തുസൂക്ഷിക്കണമെന്നും പരാതിക്കാരനായ വികാസ് മിശ്ര പറഞ്ഞു.സംഭവത്തെ തുടർന്ന് ആമസോൺ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇന്ത്യയിൽ പ്രചാരമുള്ള പ്രധാന റീട്ടെയിൽ വെബ്‌സൈറ്റായ ആമസോൺ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തുള്ള Boycott Amazon ക്യാംപയിൻ മണിക്കൂറുകൾക്കകം ട്വിറ്ററിൽ ട്രെൻഡിങ്ങായി. തുടർന്ന് വിവാദമായ ഉൽപ്പന്നങ്ങൾ സ്റ്റോറിൽ നിന്നും നീക്കം ചെയ്‌തെന്ന് ആമസോൺ വക്താവ് അറിയിച്ചു. കമ്പനിയുടെ നിയമങ്ങൾ പാലിക്കാൻ എല്ലാ വിൽപ്പനക്കാരും ബാധ്യസ്തരാണെന്നും അല്ലാത്തവർക്കെതിരെ നിയമനിടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മതത്തിന്റെയും വർഗത്തിന്റെയും ജനനത്തിന്റെയും പേരിൽ വിവിധ വിഭാഗങ്ങൾ തമ്മിൽ വെറുപ്പ് സൃഷ്ടിക്കുന്നത് തടയുന്നതിനുള്ള ഐപിസി സെക്ഷൻ 153A പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.