ആമയിഴഞ്ചാന്‍ തോട്ടിലെ അപകടം: റെയില്‍വേയ്ക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷന്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ റെയില്‍വേയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഏഴ് ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കേസെടുത്തത്.
തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്കും നഗരസഭാ സെക്രട്ടറിക്കും കമ്മീഷന്‍ നേരത്തെ നോട്ടീസയച്ചിരുന്നു.സംഭവത്തില്‍ അന്തിമവിധി പറയുന്നതിന് മുമ്പ് റെയില്‍വേയുടെ വിശദീകരണം കേള്‍ക്കേണ്ടത് അനിവാര്യമായതിനാലാണ് നടപടി. അപടത്തിന്റെ ഉത്തരവാദിത്തം റെയില്‍വേയുടേതല്ലെന്നും ടണലില്‍ അടിഞ്ഞത് റെയില്‍വേ ഭൂമിയിലെ മാലിന്യമല്ലെന്നും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നേരത്തെ പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നീക്കുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ട് മാരായിമുട്ടം സ്വദേശി ജോയി മരിച്ചത്.ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.