അമർനാഥ് തീർത്ഥാടനത്തിന് തുടക്കമായി ;ഭക്തർക്ക് സുരക്ഷയൊരുക്കുന്നത് നൂറുകണക്കിന് സായൂധസേനാംഗങ്ങൾ

അമർനാഥ് തീർത്ഥാടനത്തിന് തുടക്കമായി ;ഭക്തർക്ക് സുരക്ഷയൊരുക്കുന്നത് നൂറുകണക്കിന് സായൂധസേനാംഗങ്ങൾ

സ്വന്തം ലേഖകൻ

ജമ്മു : ദക്ഷിണ കശ്മീരിലെ അമർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർഥാടനത്തിനു തുടക്കമായി. ദർശനം നടത്താൻ 1.5 ലക്ഷം തീർഥാടകരാണ് ഇതുവരെ പേരു നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷം 2,85,006 തീർഥാടകർ എത്തി. ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാംപിൽ നിന്ന് 93 വാഹനങ്ങളിലായി ആദ്യസംഘം പുറപ്പെട്ടു. ഇവർക്ക് അതിവിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.കശ്മീരിൽ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് അധികമായി നിയോഗിച്ച 300 കമ്പനി ഭടന്മാരെയും തീർഥാടകരുടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ദ്രുതകർമസേനയും രംഗത്തുണ്ട്. ഓരോ തീർഥാടകനെയും തിരിച്ചറിയാനുള്ള ബാർകോഡുകളും നൽകിയിട്ടുണ്ട്. ഈ സംവിധാനങ്ങളെല്ലാം ജമ്മു മുതൽ അമർനാഥ് വരെയുണ്ട്.പ്രധാന സ്ഥലങ്ങളിലെല്ലാം സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. തീർഥാടകരെ സിആർപിഎഫ് ഭടന്മാരുടെ സംഘം ബൈക്കിൽ അനുഗമിക്കുന്നുണ്ട്. വാഹനനീക്കം നിരീക്ഷിക്കാൻ ഡ്രോണുകളും റഡാറുകളും ഏർപ്പെടുത്തിയിട്ടുണ്ട്. തീർഥാടകരുടെ വാഹനങ്ങൾ റേഡിയോ തരംഗം ഉപയോഗിച്ചുള്ള സംവിധാനത്താൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ അന്യവാഹനങ്ങൾക്കു കടന്നുകയറാൻ കഴിയില്ല.