അപകടത്തെ തുടർന്ന് പത്താം ക്ലാസുകാരനെ മരണമുഖത്തു നിന്ന് രക്ഷപ്പെടുത്തിയത് അദ്ധ്യാപകരും സഹപാഠികളും: വിദഗ്ധ ചികിത്സ നൽകിയത് വൈക്കം ചെമ്മനാകരി ഇൻഡോ അമേരിക്കൻ ബ്രയിൻ ആൻഡ് സ്പൈൻ സെന്ററിൽ:

Spread the love

 

സ്വന്തം ലേഖകൻ
വൈക്കം: അപകടത്തെ തടർന്ന് മരണത്തെ മുഖാമുഖം കണ്ട 15 കാരൻ അമലിന്
വൈക്കം ചെമ്മനാകരി ഇൻഡോ അമേരിക്കൻ ബ്രയിൻ ആൻഡ് സ്പൈൻ സെന്ററിലെ വിദഗ്ധ ചികിൽസയെ തുടർന്ന് പുതു ജീവിതത്തിലേക്ക്. അമലിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ എത്തിയത് വിദഗ്ധ ചികിത്സയ്ക്ക് സഹായം ചെയ്ത അദ്ധ്യാപകരും സഹപാഠികളും.

കുറവിലങ്ങാട് വയലാ നാലുതൊട്ടിയില്‍ പരേതനായ പാപ്പച്ചന്റെ മകൻ വയല ഗവൺമെന്റ് വൊക്കേഷണൽ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അമല്‍ പാപ്പച്ചനാണ് (15) വൈക്കം ചെമ്മനാകരി ഇൻഡോ അമേരിക്കൻ ബ്രയിൻ ആൻഡ് സ്പൈൻ സെന്ററിലെ വിദഗ്ധ ചികിൽസയെ തുടർന്ന് ജീവിതത്തിലേക്ക് തിരികെ എത്തിയത്.

2023 ഓഗസ്റ്റ് 24 ന് കുറവിലങ്ങാട് പുത്തനങ്ങാടിയിലൂടെ അമൽ സൈക്കിളില്‍ പോകുമ്പോൾ അമൽ സഞ്ചരിച്ച സൈക്കിളിൽ കാര്‍ ഇടിക്കുകയായിരുന്നു.തലയ്ക്കും ശരീരത്തിലാകെയും ഗുരുതരമായി പരുക്കേറ്റ അമലിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രില്‍ രണ്ടാഴ്ചയോളം അബോധാവസ്ഥയില്‍ കിടന്ന അമലിനെ പിന്നീട് പാലാ ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി. മരണാസന്നനായ അമലിനെ സെപ്റ്റംബറിലാണ് വിദഗ്ധ ചികിത്സക്കായി വയല ഗവൺമെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപിക എച്ച്.ജാസ്മിന്റെ നേതൃത്വത്തിൽ അധ്യാപകരും പിടിഎയും ചേർന്ന് ചെ മ്മനാകരി ഇൻഡോ-അമേരിക്കല്‍ ബ്രയാൻ ആൻഡ് സ്പൈൻ സെന്ററിൽ പ്രവേശിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ട് വര്‍ഷം മുമ്പ് പിതാവ് മരണപ്പെട്ട അമലിന്റെ ഭാരിച്ച ചികിത്സാ ചെലവിനുള്ള തുകകണ്ടെത്താൻകൂലിപ്പണിയെടുത്ത് കുടുംബം പുലർത്തുന്ന അമ്മ റോസ്‌ലിക്കും എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ സഹോദരി അയനക്കും കഴിയുമായിരുന്നില്ല. കുടുംബത്തിന്റെ ദയനീയ സ്ഥിതി ബോധ്യപ്പെട്ട സ്‌കൂള്‍ അധ്യാപകരും പിടിഎ ഭാരവാഹികളും കടപ്ലാമറ്റം പഞ്ചായത്ത് അധികൃതരും, നാട്ടുകാരും ചേര്‍ന്ന് അമലിന്റെ ചികിത്സയ്ക്കായി ധനസമാഹരണം നടത്തി. പതിനഞ്ചുകാരനെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ ചികിൽസാചെലവിൽ ഗണ്യമായ ഇളവു നൽകാൻ ഇൻഡോ-അമേരിക്കൻ ആശുപത്രി അധികൃതരും തീരുമാനിച്ചതോടെ അമലിന് വിദഗ്ധ ചികിത്സ നൽകി.സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബിജുരവീന്ദ്രന്‍, ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ. പരമേശ്വരന്‍, ഡോ. അനുതോമസ്, ഡോ.ജോണ്‍തോമസ്, ഡോ. ബിപിന്‍ കെ.ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അമലിനെ ചികിത്സിച്ചു. വേഗത്തില്‍ മരുന്നുകളോട് പ്രതികരിച്ച് ആഴ്ചകള്‍ക്കുള്ളില്‍

 

ചലനശക്തി വീണ്ടെടുത്തു. ഗ്രീഷ്മ ഗണേഷ്, അനു രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നല്‍കിയ സ്പീച്ച്‌തെറാപ്പിയെ തുടര്‍ന്ന് സംസാരിശേഷിയും തിരികെ ലഭിച്ച അമല്‍ തുടർന്ന് നടക്കാനും തുടങ്ങി. നാലു മാസത്തെ ചികിത്സക്കൊടുവില്‍ പൂര്‍ണ ആരോഗ്യവാനായി അമല്‍ ഇന്നലെ ആശുപത്രി വിട്ടു. അമലിനെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകാന്‍ പ്രധാന അധ്യാപിക എച്ച്.ജാസ്മിന്‍, അധ്യാപകരായ ജിന്‍സി സെബാസ്റ്റ്യന്‍, ബിലഹരി രാജന്‍, എസ്.സി ശ്രീവിദ്യ, പിടിഎ പ്രസിഡന്റ് കെ.ജി. അനില്‍കുമാര്‍, പിടിഎ ഭാരവാഹികള്‍, സഹപാഠികള്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി. ചെമ്മനാകരി ആശുപത്രിയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ. ജാസര്‍ മുഹമ്മദ് ഇക്ബാല്‍, ചെയർമാൻ ഡോ. കെ. പരമേശ്വരന്‍, ഡോ. ബിജു രവീന്ദ്രന്‍, ആശുപത്രി ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.കമലാസനന്‍, ഫിസിയോതെറാപ്പിസ്റ്റ് പി.അര്‍ജുന്‍ എന്നിവര്‍ സംബന്ധിച്ചു.