play-sharp-fill
മരിച്ച ഏകമകന്റെ അവയവങ്ങൾ ദാനം ചെയ്ത് അമ്മ: 2019 ലെ ആദ്യത്തെ ദാതാവ് അമൽ; അമ്മ വിജയശ്രീ മുപ്പതിനായിരം ഡോക്ടർമാരുടെ അമ്മയെന്ന് ഐഎംഎ

മരിച്ച ഏകമകന്റെ അവയവങ്ങൾ ദാനം ചെയ്ത് അമ്മ: 2019 ലെ ആദ്യത്തെ ദാതാവ് അമൽ; അമ്മ വിജയശ്രീ മുപ്പതിനായിരം ഡോക്ടർമാരുടെ അമ്മയെന്ന് ഐഎംഎ


സ്വന്തം ലേഖകൻ

കൊല്ലം: ഭർത്താവിന്റേയും ഏകമകന്റേയും അപ്രതീക്ഷിത വേർപാടിനു ശേഷവും ധൈര്യം കൈവിടാതെ ഒരു അമ്മ. അപകടത്തിൽ മകൻ അമൽ ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ വിധി പോലും തല കുനിക്കുന്നതായിരുന്നു അമലിന്റെ അമ്മയുടെ തീരുമാനം. കൊല്ലം ശൂരനാട് നോർത്തിൽ വിജയശ്രീയാണ് അപകടത്തിൽ മരിച്ച മകൻ അമലിന്റെ (21) അവയവങ്ങൾ ദാനം ചെയ്തത്. ഇതോടെ 2019 ലെ ആദ്യത്തെ ദാതാവായി അമൽ. വിദേശത്തു നിന്ന് എത്തിയ അച്ഛനോടൊപ്പം വീട്ടിലേയ്ക്ക് മടങ്ങിവരും വഴിയാണ് അമലും പിതാവ് രാജൻപിള്ള (58) യും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. ഇരുവരും സഞ്ചരിച്ചിരുന്ന കാർ ഭരണിക്കാവിൽ വച്ച് ബസുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയായിരുന്നു.


അപകടത്തിൽ പിതാവ് രാജൻപിള്ള സംഭവസ്ഥലത്തുതന്നെ മരിച്ചു. ഷാർജ പോലീസ് ഉദ്യോഗസ്ഥനായിരുന്ന രാജൻപിള്ള ജോലിയിൽ നിന്ന് വിരമിച്ച് നാട്ടിലേയ്ക്ക് മടങ്ങിവരും വഴിയാണ് അപകടം. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ അമലിനെ തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അമലും പിന്നീട് മരിക്കുകയായിരുന്നു. ഭർത്താവിന്റെയും ഏക മകന്റെയും വിയോഗത്തിൽ തളർന്നുപോയ വിജയശ്രീ മകന്റെ ആന്തരീക അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമലിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ മരണാനന്തര അവയവദാന ഏജൻസിയായ മൃതസഞ്ജീവനി പ്രവർത്തകർ വീട്ടുകാരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് വിജയശ്രീ അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു. ഇതോടെ അമലിന്റെ വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കും ഒരുവൃക്കയും കരളും കിംസിൽ തന്നെ ചികിത്സയിലിരിക്കുന്ന രോഗികൾക്കും കോർണിയ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെ രോഗിക്കും നൽകുകയായിരുന്നു. മൃതസഞ്ജീവനിയാണ് അവയദാനപ്രക്രിയകൾ ഏകോപിപ്പിച്ചത്. കഴിഞ്ഞകൊല്ലം കേരളത്തിൽ ഏതാണ്ട് അഞ്ചിൽ താഴെ മാത്രം അവയവദാനം നടന്നു എങ്കിൽ 2019-ലെ ആദ്യദിവസങ്ങളിൽ തന്നെ ആദ്യ അവയവദാനം നടന്നത് അത്യന്തം ഊർജ്ജം നൽകുന്നു എന്നും ഐഎംഎ പ്രസിഡന്റ് ഡോ.സുൾഫി നൂഹ് കുറിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡോ.സുൾഫിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

അങ്ങനെ തുടങ്ങട്ടെ 2019

കഴിഞ്ഞകൊല്ലം ഏതാണ്ട് പരിപൂർണമായും നിലച്ചുപോയ അവയവദാന പ്രക്രിയ പുതുവത്സരത്തിൽ തുടക്കമിടുന്നത് ഒരു അമ്മയുടെ കാരുണ്യം മൂലം. അപകടത്തിൽ മരിച്ച അമൽ എന്ന മകന്റെ അവയവങ്ങൾ ദാനം നൽകാൻ സമ്മതം മൂളിയ കൊല്ലംകാരിയായ വിജയശ്രീയുടെ എല്ലാവിധ ആരോഗ്യപരിരക്ഷയും ചികിത്സയും ഞങ്ങൾ ഏറ്റെടുക്കുന്നു. കഴിഞ്ഞകൊല്ലം കേരളത്തിൽ ഏതാണ്ട് അഞ്ചിൽ താഴെ മാത്രം അവയവദാനം നടന്നു എങ്കിൽ 2019-ലെ ആദ്യദിവസങ്ങളിൽ തന്നെ ആദ്യ അവയവദാനം നടന്നത് അത്യന്തം ഊർജ്ജം നൽകുന്നു.

രണ്ടായിരത്തിൽ പരം രോഗികൾ അവയവദാനം പ്രതീക്ഷിച്ചു ജീവിതം തള്ളി നീക്കുമ്‌ബോൾ അവരിൽ പ്രതീക്ഷ നൽകുന്നതാണ് വിജയശ്രീ എന്ന അമ്മയുടെ നിലപാട്. അവയവദാനത്തെക്കുറിച്ച് നിരവധി സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്ന അവസരത്തിലാണ് ഈ അമ്മയുടെ കാരുണ്യം നിറഞ്ഞ നിലപാട്. ഇനി വിജയശ്രീ കേരളത്തിലെ മുപ്പതിനായിരം ഡോക്ടർമാരുടെ അമ്മ. വിജയശ്രീയുടെ തീരുമാനം ആ രണ്ടായിരം ജീവനുകൾക്ക് പുനർജന്മം നൽകാൻ ഇടയാക്കട്ടെ. ഒന്നും നഷ്ടപ്പെട്ട അമലിന് പകരമാകില്ല. എങ്കിലും ഞങ്ങൾ കൂടെയുണ്ട്.

ഡോ സുൽഫി നൂഹു
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.