
സിഡ്നി: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലീസ ഹീലി.
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരില്‍ ഒരാളായി അറിയപ്പെടുന്ന താരമാണ് ഹീലി. 2026 ഫെബ്രുവരി-മാർച്ച് മാസങ്ങളില്‍ ഇന്ത്യക്കെതിരെ സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്പരയോടെയാണ് തന്റെ 15 വർഷം നീണ്ട ഉജ്ജ്വലമായ കരിയറിന് ഫുൾസ്റ്റോപ്പ് ഇടുവാൻ അലീസ ഹീലി ഒരുങ്ങുന്നത്.
എട്ട് ലോകകപ്പുകള്‍ നേടിയ ഓസീസ് ടീമംഗമായ അലീസ ഹീലി 2010ലാണ് ഓസീസ് കുപ്പായത്തില്‍ അരങ്ങേറിയത്. ഓസ്ട്രേലിയയുടെ ആറ് ടി20 ലോകകപ്പ് വിജയങ്ങളിലും രണ്ട് ഏകദിന ലോകകപ്പ് വിജയങ്ങളിലും നിര്‍ണായക സാന്നിധ്യമായിരുന്നു ഹീലി. 10 ടെസ്റ്റിലും 123 ഏകദിനങ്ങളിലും 162 ടി20യിലും ഓസ്ട്രേലിയക്കായി കളിച്ചിട്ടുണ്ട്. വിവിധ ഫോര്‍മാറ്റുകളിലായി 300ലേറെ മത്സരങ്ങള്‍ കളിച്ച അലീസ ഹീലി 7000ല്‍ അധികം റണ്‍സും വിക്കറ്റിന് പിന്നില്‍ 275 പുറത്താകലുകളിലും പങ്കാളിയായി. 2022ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 170 റണ്‍സടിച്ച് ലോകകപ്പ് ഫൈനലിലെ ഒരു താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കുറിച്ച് ഹീലി റെക്കോര്‍ഡിട്ടിരുന്നു. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പുറത്താകലുകളില്‍ പങ്കാളിയായ വനിതാ വിക്കറ്റ് കീപ്പറെന്ന റെക്കോർഡും(126) വനിതാ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന്‍റെ(148*)ഹീലിയുടെ പേരിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയില്‍ നിന്ന് താൻ വിട്ടുനില്‍ക്കുമെന്നും എന്നാല്‍ ഏകദിന പരമ്പരയിലും പെർത്തില്‍ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തിലും ടീമിനെ നയിക്കുമെന്നും ഹീലി അറിയിച്ചു.



