തെറ്റുപറ്റി, ക്ഷമ ചോദിക്കുന്നു’; മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമമെന്ന് ആരോപണം; അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്ത രേവദ് ബാബുവിനെതിരെ പരാതി!
സ്വന്തം ലേഖകൻ
ആലുവ: കൊല്ലപ്പെട്ട കുട്ടിയുടെ കർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചെന്ന പരാമർശത്തിൽ ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെ പരാതി. മാധ്യമ ശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവത് ബാബു നടത്തിയതെന്നാണ് പരാതി.
ആലുവ സ്വദേശി അഡ്വക്കേറ്റ് ജിയാസ് ജമാലാണ് പരാതി നൽകിയത്. മതസ്പർദ്ദ ഉണ്ടാക്കാനും സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനും രേവത് ശ്രമിച്ചുവെന്നും പരാതിയിൽ ആരോപണമുണ്ട്. ആലുവ റൂറൽ എസ്‌പിക്കാണ് പരാതി നൽകിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാധ്യമശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവദ് ബാബു നടത്തിയതെന്നാണ് അഡ്വ. ജിയാസ് ജമാല്‍ പരാതിയില്‍ ആരോപിക്കുന്നത്. ആലുവ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹിന്ദിക്കാരുടെ കുട്ടി എന്ന കാരണം കൊണ്ടാണ് പൂജാരിമാര്‍ വരാതിരുന്നതെന്നായിരുന്നു രേവദ് പറഞ്ഞിരുന്നത്. ആരോപണം വ്യാജമാണെന്ന തരത്തില്‍ ഒരു ഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെ തന്റെ വാദത്തില്‍ മാപ്പപേക്ഷയുമായി രേവദ് ബാബു തന്നെ രംഗത്തെത്തി. തെറ്റുപറ്റിയെന്നും വായില്‍നിന്ന് അറിയാതെ വന്നുപോയ വാക്കാണ് വിവാദങ്ങള്‍ക്ക് കാരണമായതെന്നും ഇയാള്‍ പറയുന്നു.
എത്രയോ കാലങ്ങള്‍ പൂജ പഠിച്ച്, എത്രയോ ത്യാഗം ചെയ്ത് കൊണ്ടാണ് ഒരാള്‍ പൂജാരിയാകുന്നത്. ആ പൂജാരി സമൂഹത്തെ അടച്ചാക്ഷേപിച്ചാണ് താൻ സംസാരിച്ചത്. ഇതില്‍ ക്ഷമ ചോദിക്കുകയാണെന്നും രേവദ് പറഞ്ഞു.
സംഭവത്തില്‍ രാത്രിതന്നെ ആലുവ എംഎല്‍എ അൻവര്‍ സാദത്ത് പ്രതികരിച്ചിരുന്നു. സംസ്‌കാര കര്‍മ്മങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞ് രേവദ് ബാബു തന്നെ സ്വമേധയാ മുന്നോട്ടുവരികയായിരുന്നു. മറ്റ് പൂജാരിമാരെ വിളിച്ചിരുന്നുവെന്നും ആരും വന്നില്ലെന്ന് അയാള്‍ മാധ്യമങ്ങളോട് പറഞ്ഞപ്പോഴാണ് താനും അറിഞ്ഞതെന്നായിരുന്നു എംഎല്‍എ പറഞ്ഞത്.
ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഒരാള്‍ നുണ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അൻവര്‍ സാദത്ത് എംഎല്‍എ പറഞ്ഞു.
അതേസമയം, കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയം പ്രകടിപ്പിച്ച് കുട്ടിയുടെ അച്ഛൻ രംഗത്തെത്തി. പ്രതിക്ക് മരണ ശിക്ഷ കിട്ടണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെങ്കിൽ അവരെ ഉടൻ പുറത്തു കൊണ്ടുവരണമെന്ന് പറഞ്ഞ അദ്ദേഹം, പോലീസിനും സർക്കാരിനുമെതിരെ പരാതിയില്ലെന്നും വ്യക്തമാക്കി.