
സ്വന്തം ലേഖിക
കൊച്ചി: ആലുവയിൽ കന്നുകാലികളെ മോഷ്ടിച്ച് അറുത്ത് ഇറച്ചിയാക്കി വിൽക്കുന്ന ഇറച്ചിക്കടക്കാരനായ അച്ഛനും മകനും പിടിയിൽ. ആലുവ കൊടികുത്തുമലയിൽ ഇറച്ചിക്കട നടത്തുന്ന ഷെമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത മകനെ ഒപ്പം കൂട്ടിയായിരുന്നു ഷെമീറിന്റെ മോഷണം. ആലുവ, കളമശ്ശേരി ഭാഗങ്ങളിൽ രാവിലെ മേയാൻ വിടുന്ന കന്നുകാലികളിൽ പലതും മടങ്ങിയെത്തിയിരുന്നില്ല. അന്വേഷിച്ച് മടുത്ത നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പകൽ ഓട്ടോറിക്ഷയിൽ കറങ്ങി മോഷ്ടിക്കേണ്ട ഉരുവിനെ കണ്ടുവയ്ക്കും. തുടർന്ന് രാത്രി മകനുമൊത്ത് എത്തി കാലികളെ പാസഞ്ചർ ഓട്ടോയിൽ കയറ്റി കൊണ്ടുപോകും. നേരെ അറവുശാലയിലെത്തിച്ച് നേരം പുലരുമ്പോഴേക്കും അറുത്ത് ഇറച്ചിയാക്കി വിൽപ്പന തുടങ്ങും.
സിസിടിവി ക്യാമറകൾ അടക്കം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്കെത്തിച്ചത്. പ്രതി മോഷ്ടിച്ച എട്ട് കന്നുകാലികളിൽ ആറെണ്ണത്തെ അറുത്തതായും രണ്ടെണ്ണത്തെ വിറ്റതായും അന്വേഷണത്തിൽ കണ്ടെത്തി. പെരുന്നാളിന് മുമ്പ് പത്ത് കാലികളെ കൂടി മോഷ്ടിക്കാൻ പ്രതി ലക്ഷ്യമിട്ടിരുന്നതായി പൊലീസ് പറഞ്ഞു.