ഇനിയും വാർത്ത നൽകിയാൽ കഴുത്ത് വെട്ടിക്കളയും..! പാവങ്ങളോട് തരിമ്പും കരുണയില്ലാത്ത ആൽഫാമേരിയുടെ ഭീഷണി തേർഡ് ഐ ന്യൂസ് ലൈവിനോട്: സജീഷിന് പണം നൽകാൻ പോരാടാനുള്ള തേർഡ് ഐയ്‌ക്കെതിരെ ഭീഷണിയുമായി ആൽഫാമേരി
തേർഡ് ഐ ബ്യൂറോ
കൊച്ചി: പാവങ്ങളോട് തരിമ്പും കരുണയില്ലാതെ പ്രവർത്തിക്കുന്ന ആൽഫാ മേരി എന്ന പാലാരിവട്ടത്തെ കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഭീഷണി തേർഡ് ഐ ന്യൂസ് ലൈവിനോട്. തേർഡ് ഐ ന്യൂസ് ലൈവിന്റെ ഔദ്യോഗിക ഫോണിൽ ബന്ധപ്പെട്ട ആൽഫാമേരിയുടെ അക്കൗണ്ടന്റ് എന്ന് പരിചയപ്പെടുത്തിയ വ്യക്തി തേർഡ് ഐ ന്യൂസ് ലൈവിന്റെ ചീഫ് എഡിറ്റർ എ.കെ ശ്രീകുമാറിനെ കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറയുകയും, കഴുത്ത് വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ്. അസഭ്യം വിളിയും ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ തേർഡ് ഐ ന്യൂസ് ലൈവ് എഡിറ്റോറിയൽ ടീം നൽകിയ പരാതിയിൽ വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. അച്ഛന്റെ ചികിത്സയ്ക്കായി കിടപ്പാടം പോലും പണയം വച്ച് കടക്കെണിയിലായ സജീഷ് എന്ന ചെറുപ്പക്കാരന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ആൽഫാ മേരി എന്ന സ്ഥാപനം രണ്ടു ലക്ഷം രൂപ തട്ടിയെടുത്തിരുന്നതായി തേർഡ് ഐ ന്യൂസ് ലൈവ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ സജീഷ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലും മുഖ്യമന്ത്രിക്കുമടക്കം പരാതിയും നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തേർഡ് ഐ ന്യൂസ് ലൈവിൽ വാർത്ത വന്നതിന് പിന്നാലെ ആൽഫാമേരിയുടെ അധികൃതർ സജീഷിനെ ഫോണിൽ ബന്ധപ്പെടുകയും പണം നൽകാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ, തേർഡ് ഐ ന്യൂസ് ലൈവ് പ്രസിദ്ധീകരിച്ച വാർത്ത പിൻവലിക്കുകയാണെങ്കിൽ പണം നൽകാമെന്നായിരുന്നു ആൽഫാമേരിയുടെ നിലപാട്. എന്നാൽ, പണം പൂർണമായും കൈപ്പറ്റി എന്ന് സജീഷ് പറഞ്ഞ ശേഷം വാർത്ത പിൻവലിക്കാമെന്ന് തേർഡ് ഐ ന്യൂസ് ലൈവും നിലപാടെടുത്തു.
ഇതേ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിയ സജീഷിനെ തടഞ്ഞു നിർത്തി ഫോൺ ബലമായി പിടിച്ചു വാങ്ങിയ ശേഷം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രാജേഷ് ഇയാൾ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തിരുന്ന വാർത്ത മുഴുവനും ഡിലീറ്റ് ചെയ്യിച്ചു. ഇതു സംബന്ധിച്ചു ശനിയാഴ്ച രാവിലെ തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് തേർഡ് ഐയ്‌ക്കെതിരെ ഭീഷണിയുമായി ആൽഫാമേരിയുടെ ആളുകൾ എത്തിയത്.
തേർഡ് ഐ ന്യൂസ് ലൈവ് ന്യൂസ് എഡിറ്ററും മാനേജിംങ് ഡയറക്ടറുമായ എ.കെ ശ്രീകുമാറിന്റെ ഫോണിൽ വിളിച്ച ആൽഫാ മേരിയുടെ അക്കൗണ്ടന്റ് എന്നു പരിചയപ്പെടുത്തിയ വ്യക്തി കേട്ടാൽ അറയ്ക്കുന്ന അസഭ്യം മുഴക്കുകയായിരുന്നു. തുടർന്ന് ശ്രീകുമാറിന്റെ തലവെട്ടിയെടുക്കുമെന്നും, കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കി. ഇതേ തുടർന്ന് തേർഡ് ഐ ന്യൂസ് ലൈവ് എഡിറ്റോറിയൽ ടീം ഭീഷണിയ്‌ക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകി. ഫോൺ കോൾ റെക്കോർഡ് ചെയ്തത് തെളിവായി സ്വീകരിച്ച പൊലീസ് ആൽഫാ മേരിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ, വധ ഭീഷണിയും അസഭ്യ വർഷവും തുടരുന്ന സാഹചര്യത്തിൽ സജീഷിന് നീതി ലഭ്യമാക്കാൻ ഏതറ്റം വരെയും പോകാൻ തേർഡ് ഐ ന്യൂസ് ലൈവ് തീരുമാനിച്ചു. സജീഷിന് പണം കൊടുത്ത ശേഷം മാത്രം ഇനി ഒത്തു തീർപ്പിന് പോയാൽ മതിയെന്നാണ് തീരുമാനം. ഈ സാഹചര്യത്തിൽ ആൽഫാമേരിയ്‌ക്കെതിരെ പരാതിയുമായി തേർഡ് ഐ ന്യൂസ് ലൈവിനെ സമീപിച്ചവരോട് പൊലീസിൽ പരാതി നൽകാനും, ഇതിന്റെ പകർപ്പ് നൽകാനും നിർദേശിച്ചിട്ടുണ്ട്.