അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി “ആലോലം” ഡ്രസ് ബാങ്ക് കോട്ടയം മെഡിക്കൽ കോളേജിൽ തുടങ്ങി; ഗൈനക്കോളജി വിഭാഗത്തിലെത്തുന്ന അമ്മമാരുടെ ദുരിതം തിരിച്ചറിഞ്ഞ് സഹായഹസ്തം നീട്ടിയത് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ
സ്വന്തം ലേഖകൻ
ഗാന്ധിനഗർ: കെജിഎസ്‌എൻ എയുടെ അമ്മമാർക്കും കുഞ്ഞോമനകൾക്കും ഒരു ഉടുപ്പ് പദ്ധതി “ആലോലം’ ഡ്രസ്സ് ബാങ്ക് കോട്ടയം മെഡിക്കൽ കോളേജിൽ തുടങ്ങി.
മെഡിക്കൽ കോളേജ് ഗൈനക്ക് വിഭാഗത്തിൽ എത്തുന്നവർക്ക് അടിയന്തിര ഘട്ടത്തിൽ മാറിയുടുക്കുവാൻ വസ്‌ത്രം ഇല്ലാതെ വരുന്ന അവസ്ഥയാണ് ഇതിലൂടെ മാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മമാർക്കും കുഞ്ഞോമനകൾക്കും ഒരു ഉടുപ്പ് എന്ന ആശയം മുൻനിർത്തി “ആലോലം’ ഡ്രസ്സ് ബാങ്കിന് കേരള ഗവ സ്റ്റുഡന്റ് നേഴ്സസ് അസോസിയേഷനാണ് (കെജിഎസ്‌എൻഎ) മെഡിക്കൽ കോളേജ് ഗൈനക്ക് വിഭാഗത്തിൽ തുടക്കം കുറിച്ചിരിക്കുന്നത്.
ഗൈനക്കോളജി വിഭാഗത്തിലെത്തുന്ന അമ്മമാരുടെ ദുരിതം തിരിച്ചറിഞ്ഞ് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ ഡ്രസ് ബാങ്കും ആവശ്യത്തിന് വസ്ത്രങ്ങളും വാങ്ങി കെജിഎസ്‌എൻഎയ്ക്ക് നല്കി.
ഇതോടെ ദൂരസ്ഥലങ്ങളിൽ നിന്ന് മെഡിക്കൽ കോളേജിലെത്തി ഡോക്ടറെ കാണുകയും അടിയന്തിര സാഹചര്യമുണ്ടായി ഗൈനക്ക് വിഭാഗത്തിൽ അഡ്മിറ്റ് ആകുകയും ചെയ്യുന്ന വനിതകൾക്ക് വലിയ ആശ്വാസമായി.
ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്നവർ മാറിയുടുക്കുവാൻ വസ്ത്രങ്ങളില്ലാതെ ബുദ്ധിമുട്ടുന്നത് മെഡിക്കൽ കോളേജിലെ നിത്യ കാഴ്ചയായിരുന്നു.
കെജിഎൻഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹേന ദേവദാസ് ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. അച്ചായൻസ് ഗോൾഡ് എംഡി ടോണി വർക്കിച്ചൻ താക്കോൽ ദാനം നിർവഹിച്ചു. കെജിഎസ്‌എൻഎ ജിഎച്ച് യൂണിറ്റ് പ്രസിഡന്റ് അൽഫിന ഷിബു അധ്യക്ഷയായി.
കെജിഎൻഎ സംസ്ഥാന കമ്മിറ്റി അംഗം സി സി ജയശ്രീ, കെജിഎൻഎ ജില്ലാ പ്രസിഡന്റ് വി ജി ബിന്ദു ബായി, ജില്ലാ സെക്രട്ടറി കെ വി സിന്ധു, കെജിഎസ്‌എൻഎ ജിഎച്ച് യൂണിറ്റ് അഡ്വൈസർ എം രാജശ്രീ, കെജിഎസ്‌എൻഎ സംസ്ഥാന ജനറൽ സെക്രട്ടറി വി പി ലിയാവുദ്ധീൻ, കെജിഎൻഎ മെഡിക്കൽ കോളേജ് ഏരിയ പ്രസിഡന്റ് ടി അനുപമ, കെജിഎസ്‌എൻഎ ജിഎച്ച് യൂണിറ്റ് സെക്രട്ടറി നിതിൻ വി ജെയിംസ്, കെജിഎസ്‌എൻഎ മെഡിക്കൽ കോളേജ് യൂണിറ്റ് സെക്രട്ടറി പി അനീഷ്, കെജിഎസ്‌എൻഎ ജിഎച്ച് യൂണിറ്റ് ജോ. സെക്രട്ടറി ഡെഫായ് സജി എന്നിവർ സംസാരിച്ചു.