video
play-sharp-fill
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിനും എംഎല്‍എ കെ.ടി ജലീലിനുമെതിരെ കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍; നടന്നത് സ്വാഭാവിക പ്രതിഷേധമല്ല; കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട കത്ത് പുറത്ത്; മുഖ്യമന്ത്രി ശുപാര്‍ശ നടത്തിയത് രാജ്ഭവനില്‍ നേരിട്ടെത്തി

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിനും എംഎല്‍എ കെ.ടി ജലീലിനുമെതിരെ കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍; നടന്നത് സ്വാഭാവിക പ്രതിഷേധമല്ല; കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട കത്ത് പുറത്ത്; മുഖ്യമന്ത്രി ശുപാര്‍ശ നടത്തിയത് രാജ്ഭവനില്‍ നേരിട്ടെത്തി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്ന അക്രമത്തില്‍ കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷെന്ന് ഗവര്‍ണര്‍. വേദിയില്‍ നിന്നും ഇറങ്ങിവന്നാണ് രാഗേഷ് പൊലീസിനെ തടഞ്ഞതെന്നും തനിക്കെതിരെ നടന്നത് സ്വഭാവിക പ്രതിഷേധമല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിലൂടെ എംഎല്‍എ കെ.ടി ജലീല്‍ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്‌തെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ജലിലീന്റെ ആസാദി കശ്മീര്‍ പരമാര്‍ശം ഉദ്ദേശിച്ചായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ വിമാനയാത്രാ വിലക്കും ഗവര്‍ണര്‍ പരാമര്‍ശിച്ചു. വാര്‍ത്താസമ്മേളനത്തിന് പിന്നാലെ രാജ്ഭവന് പുറത്തെ സുരക്ഷ വര്‍ധിപ്പിച്ചു. ജലപീരങ്കിയടക്കമുള്ള സജ്ജീകരണങ്ങള്‍ രാജ്ഭവന് മുന്നില്‍ എത്തിച്ചു.ഇതോടെ മുഖ്യമന്ത്രിക്കെതിരെ മാത്രമല്ല, സിപിഎമ്മിലെ പല നേതാക്കള്‍ക്കെതിരെയും ഗവര്‍ണര്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് ഉറപ്പായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതായി പറയുന്ന കത്തുകളും പുറത്തുവിട്ടു. കൂടാതെ മുഖ്യമന്ത്രി രാജ്ഭവനില്‍ നേരിട്ടെത്തിയും സഹായം അഭ്യര്‍ത്ഥിച്ചു. വിസിയുടെ പുനര്‍നിയമനത്തില്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. പിന്നീട് വിസി നിയമനരീതി മാറ്റാന്‍ നിയമഭേദഗതി കൊണ്ടുവന്നു.

സമ്മര്‍ദ്ദമുണ്ടായതോടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരില്ലെന്ന് കത്ത് നല്‍കി. പക്ഷേ, തുടരണം എന്നായിരുന്നു ലഭിച്ച മറുപടി. സര്‍വ്വകലാശാലകളുടെ സ്വയംഭരണത്തില്‍ ഇടപെടാനില്ലെന്ന് ഉറപ്പ് നല്‍കിയ ശേഷം നിയമഭേദഗതി കൊണ്ടുവന്നു. എജി നിയമനോപദേശം നല്‍കിയത് താന്‍ ആവശ്യപ്പെടാതെയാണ്- ഗവര്‍ണര്‍ പറയുന്നു.

ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത് വധശ്രമമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ ദൃശ്യങ്ങളും ഗവര്‍ണര്‍ പുറത്തുവിട്ടു. രാജ്ഭവന്‍ ചിത്രീകരിച്ച വീഡിയോ അല്ല പുറത്തുവിടുന്നതെന്നും സര്‍ക്കാറും മീഡിയകളും ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് സ്വമേധയാ കേസെടുക്കേണ്ട സംഭവമാണെന്നും ഐപിസി പ്രകാരം ശിക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറെ തടഞ്ഞാല്‍ ഏഴ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷയെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ആദ്യം തനിക്കെതിരെ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്. സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ അന്ന് തടഞ്ഞത് ഇന്ന് സര്‍ക്കാറിലുള്ള ഉന്നതനെന്നും ഗവര്‍ണര്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി നല്‍കുന്നത്. ചീഫ് സെക്രട്ടറിയെ വിട്ട് സര്‍ക്കാര്‍ അനുനയ നീക്കത്തിന് ശ്രമിച്ചെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല.