
വ്യക്തമായി റിസർച്ച് ചെയ്യാതെ ആയിരുന്നു ഞാൻ അതിൽ പങ്കെടുത്തത്, തെറ്റ് എന്റെ ഭാഗത്താണ്, ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു:-മാത്യു
ഭാവിയില്‍ മലയാള സിനിമയുടെ മുൻനിരയില്‍ കാണാൻ സാധ്യതയുള്ള മുഖങ്ങളില്‍ ഒന്നായി പ്രേക്ഷകർ എപ്പോഴും പറയാറുള്ള ഒരു പേരാണ് നടൻ മാത്യു തോമസിന്റേത്.
കുമ്പളങ്ങി നൈറ്റ്സിലെ ഫ്രാങ്കി നെപ്പോളിയനായി മലയാള സിനിമയിലേക്ക് എത്തിയ മാത്യുവിന്റെ താരമൂല്യം വിജയ് ചിത്രത്തില്‍ അഭിനയിച്ചതോടെ ഉയർന്നു. മലയാളവും കടന്ന് തമിഴിലും ശ്രദ്ധിക്കപ്പെട്ടു… ആരാധകരുണ്ടായി. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് കുമ്ബളങ്ങി നൈറ്റ്സിന്റെ ഓഡിഷൻ നടക്കുന്ന വിവരം മാത്യു അറിഞ്ഞത്.
സ്കൂളില്‍ നടന്ന ഒരു ഓഡിഷനില്‍ പങ്കെടുക്കുകയായിരുന്നു. കൂട്ടുകാർക്കൊപ്പം ചുമ്മ പങ്കെടുത്ത് നോക്കിയതാണ്. കഴിവും ഭാഗ്യവും പിന്തുണച്ചതോടെ കുമ്ബളങ്ങിയിലേക്കുള്ള അവസരം ലഭിച്ചു. ആറ് വർഷത്തെ സിനിമാ ജീവിതത്തിനിടെ പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. മിക്കവയും സൂപ്പർ ഹിറ്റായി. പ്രേമലുവാണ് മാത്യുവിന്റേതായി മലയാളത്തില്‍ അവസാനം റിലീസ് ചെയ്ത സിനിമ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ ചിത്രം കപ്പ് റിലീസിനൊരുങ്ങുന്നതിന്റെ ത്രില്ലിലാണ് യുവതാരം. നവാഗതനായ സഞ്ജു വി.സാമുവല്‍ സംവിധാനം ചെയ്ത കപ്പ് സാധാരണക്കാരനായ ഒരു കൗമാരക്കാരന്റെ സ്വപ്നങ്ങളുടെ കഥയാണ് പറയുന്നത്. ബാഡ്മിന്റണ്‍ പ്ലെയറാകാൻ മോഹിച്ച് നടക്കുന്ന നിധിൻ എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബിഹൈൻവുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പുതിയ വിശേഷങ്ങള്‍ താരം പങ്കിട്ടു.
ഒപ്പം ഓണ്‍ലൈൻ ആപ്പ് പ്രമോഷനുമായി ബന്ധപ്പെട്ട വിവാദങ്ങളോടും മാത്യു പ്രതികരിച്ചു. അടുത്തിടെ പണം ഇരട്ടിപ്പിക്കാൻ സഹായിക്കുന്ന ഒരു ഗെയിം ആപ്ലിക്കേഷന്റെ പ്രമോഷൻ മാത്യു ചെയ്തിരുന്നു. ശേഷം വലിയ രീതിയിലുള്ള വിമർശനവും പ്രതിഷേധവും മാത്യുവിന് എതിരെ ഉയർന്നിരുന്നു. ഈ വിവാദത്തില്‍ പ്രതികരിച്ച് തന്റെ ഭാഗത്താണ് തെറ്റെന്നാണ് മാത്യു പറഞ്ഞത്.
വ്യക്തമായി റിസേർച്ച് നടത്താതെയാണ് താൻ പ്രമോഷൻ ചെയ്തതെന്നും യുവനടൻ പറഞ്ഞു. ഓണ്‍ലൈൻ ആപ്പ് പ്രമോട്ട് ചെയ്ത വിഷയത്തില്‍ എന്റെ ഭാഗത്താണ് തെറ്റ്. കാരണം ഞാൻ അതിനെ കുറിച്ച് പ്രോപ്പർ റിസേർച്ച് ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ഞാനാണ് അതിന്റെ റെസ്പോണ്‍സിബിലിറ്റി ഏറ്റെടുക്കേണ്ടത്. അത് ചെയ്യുന്ന സമയത്ത് ഞാൻ അത്രത്തോളം ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. എന്റെ മിസ്റ്റേക്കാണ്.
ഇനി അത് കറക്‌ട് ചെയ്യണമെന്നാണ് ഇരുപത്തിയൊന്നുകാരനായ മാത്യു പറഞ്ഞത്. പിന്നീട് അവതാരക മാത്യുവിനെ കുറിച്ച് അറിയുന്നതിന്റെ ഭാഗമായി ആളുകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ചോദ്യങ്ങളാണ് നടനോട് ചോദിച്ചത്.
പൊതുവെ സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തിലെ വിവരങ്ങള്‍ അറിയാൻ ആരാധകർ ആശ്രയിക്കുന്നത് ഗൂഗിളിനെയാണ്. അടുത്തിടെ മാത്യുവുമായി ബന്ധപ്പെട്ട് രണ്ട് അപകടങ്ങള്‍ നടന്നിരുന്നു. അതേ കുറിച്ചും ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞിട്ടുണ്ട്.
ഒന്ന് തന്റെ കുടുംബം വാഹനത്തില്‍ സഞ്ചരിച്ചപ്പോഴുണ്ടായ അപകടമാണെന്നും മറ്റൊന്ന് തനിക്കും അർജുൻ അശോകൻ അടക്കമുള്ളവർക്കും സിനിമാ ഷൂട്ടിനിടെ സംഭവിച്ച അപകടമാണെന്നും മാത്യു വ്യക്തമാക്കി. ആർക്കും സാരമായി ഒന്നും സംഭവിച്ചില്ലെന്നും കുടുംബാംഗങ്ങള്‍ അടക്കം എല്ലാവരും ബെറ്ററായി വരികയാണെന്നും മാത്യു പറയുന്നു. അടുത്തതായി ആളുകള്‍ ഏറ്റവും കൂടുതല്‍ സെർച്ച് ചെയ്തത് നടന് ഭാര്യയുണ്ടോ എന്നതാണ്.
ആ ചോദ്യം തന്നെ മാത്യുവിന് അമ്ബരപ്പ് സമ്മാനിച്ചു. തനിക്ക് ഇരുപത്തിയൊന്ന് വയസ് മാത്രമെയുള്ളുവെന്നും വിവാഹിതനല്ലെന്നും ഭാര്യയില്ലെന്നും നടൻ വ്യക്തമാക്കി. കല്യാണം കഴിക്കാൻ പോകുന്ന കുട്ടി എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ചൊന്നും ആലോചിച്ചിട്ട് പോലുമില്ലെന്നും മാത്യു പറയുന്നു. പിന്നീട് യുവനടൻ നസ്ലിൻ ഗഫൂറുമായുള്ള സൗഹൃദത്തെ കുറിച്ചാണ് മാത്യു സംസാരിച്ചത്. ഞാനും നസ്ലിനും നല്ല സുഹൃത്തുക്കളാണ്. ഒരേ ജിമ്മിലാണ് ഇപ്പോള്‍ ഞങ്ങള്‍ വർക്കൗട്ട് ചെയ്യുന്നത്.
അവനൊപ്പം അഭിനയിക്കുമ്ബോള്‍ വർക്ക് ചെയ്യുകയാണെന്ന് തോന്നാറേയില്ല. അവനിപ്പോള്‍ പുതിയ സിനിമയ്ക്ക് വേണ്ടി ഫിറ്റ്നസിലും മറ്റും ശ്രദ്ധ കൊടുത്ത് കഠിനമായി വർക്കൗട്ട് ചെയ്യുന്നുണ്ട്. സമയം കിട്ടുമ്ബോഴെല്ലാം തങ്ങള്‍ ഒത്തുകൂടാറുണ്ടെന്നും മാത്യു പറഞ്ഞു. പ്രേമലുവിന്റെ വൻ വിജയത്തിനുശേഷം തെന്നിന്ത്യയൊട്ടാകെ ആരാധകരുണ്ട് നസ്ലിന്.