അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശം; വേണ്ടതില്ലാത്ത ഒരു ഗര്‍ഭം മുഴുവന്‍ കാലത്തേക്കും വഹിക്കണമെന്ന് ഒരു സ്ത്രീയോട് ഭരണകൂടത്തിന് നിര്‍ദ്ദേശിക്കാനാവില്ല; സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ച ബലാത്സംഗം; സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട ചരിത്രവിധിയുമായി സുപ്രീം കോടതി, അറിയാം വിശദമായി

Spread the love

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട് ചരിത്രവിധിയുമായി സുപ്രീംകോടതി. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് (എംടിപി) പരിധിയില്‍ നിന്ന് അവിവാഹിതരായ സ്ത്രീകളെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും അവിവാഹിതര്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നും സുപ്രീംകോടതിയുടെ വിധി പ്രസ്താവം. സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ചയും ബലാത്സംഗമാണെന്നും മെഡിക്കല്‍ പ്രഗ്‌നന്‍സ ടെര്‍മിനേഷന്‍ നിയമം ഭര്‍ത്താവിന്റെ പീഡനത്തിനും ബാധകമാണെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നു.

ഭര്‍ത്താവില്‍നിന്ന് സമ്മതമില്ലാതെയുള്ള ലൈംഗികവേഴ്ചയും ബലാത്സംഗമെന്ന രീതിയില്‍ കണക്കിലെടുക്കാമെന്നും കോടതി വിലയിരുത്തി. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമത്തിന്റെ പരിധിയില്‍ ഇതും പീഡനത്തിന്റെ ഭാഗമായി കാണാനാകുമെന്നും കോടതി വിശദീകരിച്ചു. പ്രസവം സംബന്ധിച്ച അവകാശം സ്ത്രീയുടെ സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടും. നിലനില്‍പ്പിന് ഭ്രൂണം സ്ത്രീശരീരത്തെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ ആ ശരീരത്തിനു തന്നെയാണ് അത് നിലനിര്‍ത്തണമോ എന്നതിലെ അധികാരം. വേണ്ടതില്ലാത്ത ഒരു ഗര്‍ഭം മുഴുവന്‍ കാലത്തേക്കും വഹിക്കണമെന്ന് ഒരു സ്ത്രീയോട് ഭരണകൂടത്തിന് നിര്‍ദ്ദേശിക്കാനാവില്ല. അത് സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്നതാകും. – കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈംഗിക ചൂഷണങ്ങളുടെയും ബലാത്സംഗത്തിന്റെയും അടുത്ത ബന്ധുക്കളില്‍ നിന്നുള്ള പീഡനത്തിന്റെയും ഇരകള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, ഗര്‍ഭ കാലഘട്ടത്തില്‍ ഭര്‍ത്താവു മരിക്കുകയോ വിവാഹമോചിതരാകുകയോ ചെയ്തവര്‍, ഭിന്നശേഷിയുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, യുദ്ധം, പ്രകൃതി ദുരന്തം പോലെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ അകപ്പെട്ടവര്‍ എന്നിവര്‍ക്കെല്ലാം ഗര്‍ഭച്ഛിദ്രത്തിന് അര്‍ഹതയുണ്ട്.

വിവാഹിതരും അവിവാഹിതരുമായുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭത്തിന്റെ 24 ആഴ്ച വരെയുള്ള കാലത്ത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട് പ്രകാരം ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്നാണ് സുപ്രീംകോടതിയുടെ സുപ്രധാനവിധി പ്രസ്താവത്തില്‍ വ്യക്തമാക്കുന്നത്. ഇതില്‍ തരംതിരിവ് പാടില്ലെന്നാണ് കോടതിയിടെ ഉത്തരവ്. നിലവിലെ നിയമത്തില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമായിരുന്നു ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടായിരുന്നത്. ഇതാണ് സുപ്രീംകോടതി മാറ്റിയിരിക്കുന്നത്. ഗര്‍ഭഛിദ്രം സ്വന്തം നിലക്ക് സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ല. വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും ഇക്കാര്യത്തില്‍ ഒരേ അവകാശമാണെന്നും കോടതി വിധിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. അനാവശ്യ ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശം ഇല്ലാതാക്കാന്‍ ഒരു സ്ത്രീയുടെ വൈവാഹിക നില അടിസ്ഥാനമാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.