
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്കും മത,സാമുദായിക, സാംസ്കാരിക സംഘടനകൾക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ പൊതു അഭിപ്രായം.
സംസ്ഥാനത്തെ പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടക്കാല ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി സർവ്വകക്ഷി യോഗം ചേർന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യോഗ തീരുമാനങ്ങൾ പൊതുസമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കാൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. യോഗത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നിർദ്ദേശങ്ങളോട് എല്ലാ കക്ഷികളും യോജിപ്പ് രേഖപ്പെടുത്തി. സ്വകാര്യ മതിലുകൾ, കോമ്പൗണ്ടുകൾ എന്നിവിടങ്ങളിൽ ഉടമസ്ഥരുടെ അനുവാദത്തോടെ ഗതാഗതത്തെ ബാധിക്കാതെ കൊടിതോരണങ്ങൾ കെട്ടാൻ അനുവദിക്കാവുന്നതാണ്. തുടർന്ന് പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതിയില്‍ കൂടുതല്‍ സമയം തേടാന്‍ സര്‍വകകക്ഷിയോഗ തീരുമാനം.
സമ്മേളനങ്ങൾ, ഉത്സവങ്ങൾ എന്നിവയോടനുബന്ധിച്ച് പാതയോരങ്ങളിൽ മാർഗ്ഗതടസ്സമുണ്ടാക്കാതെ താൽക്കാലികമായി ബന്ധപ്പെട്ടവരുടെ അനുമതിയോടെ കൊടിതോരണങ്ങൾ കെട്ടാം. എത്ര ദിവസം മുമ്പ് കെട്ടാമെന്നും പരിപാടിക്കുശേഷം എപ്പോൾ നീക്കം ചെയ്യുമെന്നും മുൻകൂട്ടി വ്യക്തമാക്കണം. പൊതുയിടങ്ങളിൽ ഗതാഗതത്തിനും കാൽനടയ്ക്കും തടസ്സമുണ്ടാകുന്ന രീതിയിൽ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കരുത്. എന്നിവയാണ് യോഗത്തിൽ ഉയർന്ന നിർദ്ദേശങ്ങൾ.



