വിദേശ മദ്യം വിൽക്കാനുള്ള അനുമതിയിൽ വൻ അഴിമതി; തിരുവഞ്ചൂർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിദേശ നിർമിത മദ്യം ബിവറേജസ് വഴി വിൽക്കാനുള്ള സർക്കാർ അനുമതിയിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷം. പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്. ബ്രൂവറി അഴിമതിക്കുശേഷം നടന്ന ഏറ്റവും വലിയ അഴിമതിയാണ് വിദേശ നിർമിത മദ്യം ബിയർ പാർലറുകൾ വഴിയും ബിവറേജസ് ഔട്ട്ലെറ്റുകൾ വഴിയും കൊടുക്കാനുള്ള തീരുമാനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുപ്രീംകോടതി വിധി സർക്കാർ അട്ടിമറിച്ചു. നിബന്ധനകൾ അട്ടിമറിച്ചാണ് ബ്രൂവറികൾക്ക് സർക്കാർ അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നടത്തിയത് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ്. വിദേശ മദ്യമാഫിയയെ കേരളത്തിൽ കൊണ്ടുവരാനാണ് സർക്കാർ ശ്രമമെന്നും രാധാകൃഷ്ൺ ആരോപിച്ചു. എത്രകോടിയുടെ അഴിമതിയാണ് നടത്തിയതെന്ന് സർക്കാർ വ്യക്തമാക്കണം. ഇതിൽ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.