
ബ്രീത്ത് അനലൈസറും ആല്‍കോ സ്‌കാൻ വാനും ; മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ മെഷീനുകൾ പലത് ; പരിശോധന വഴിപാട് മാത്രം ; കുടുങ്ങാതെ മദ്യപാനികള്‍ ; കാരണമിത്
സ്വന്തം ലേഖകൻ
തൃശൂർ: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ബ്രത്ത് അനലൈസറും ആല്‍കോ സ്‌കാൻ വാനുമെല്ലാം ഉണ്ടെങ്കിലും പരിശോധന വഴിപാട് മാത്രം.
എല്ലാ സ്റ്റേഷനിലും ബ്രത്ത് അനലൈസർ രണ്ടെണ്ണമെങ്കിലും ഉണ്ടെങ്കിലും പൊലീസുകാരുടെ കുറവ് മൂലം ദിവസവും പരിശോധന നടക്കാറില്ല. നാട്ടികയില്‍ അഞ്ച് പേർ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറും ക്‌ളീനറും മാഹിയില്‍ നിന്ന് മദ്യപിച്ച് നാട്ടിക വരെയെത്തിയിട്ടും വാഹനപരിശോധനയില്‍ കുടുങ്ങിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയിലും പുലർച്ചെയുമാണ് മദ്യപിച്ചുള്ള അപകടങ്ങളേറെ. രാത്രികാല പട്രോളിംഗ് കുറഞ്ഞതാണ് ഇതിന് കാരണം. കൂടുതലും തൃശൂരിലെ രണ്ട് ദേശീയപാതകളില്‍ അന്യസംസ്ഥാന ലോറികളും ബസുകളും രാത്രിയിലും പുലർച്ചെയും അപകടത്തില്‍പെടുന്നത് പതിവാണ്. തീരദേശ പാതയില്‍ നിർമ്മാണപ്രവർത്തനം നടക്കുന്നതിനാല്‍ ഇവിടെയും രാത്രിയില്‍ അപകടം കൂടുതലാണ്. പാതയില്‍ വേണ്ടത്ര മുന്നറിയിപ്പ് സുരക്ഷാ ബോർഡും സ്ഥാപിച്ചിട്ടില്ല.
ആല്‍കോ സ്‌കാൻ വാൻ എവിടെ?
മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചിട്ടുണ്ടോയെന്ന പരിശോധന മെഡിക്കല്‍ സെന്ററില്‍ കൊണ്ടുപോകാതെ വേഗത്തില്‍ പരിശോധിക്കാനാകുന്ന ആല്‍കോ സ്‌കാൻ വാൻ പുറത്തിറക്കി രണ്ട് വർഷം കഴിഞ്ഞെങ്കിലും പല ജില്ലകളിലുമെത്തിയില്ല. പരിശോധിക്കുന്നയാളുടെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയില്‍ ഉമിനീരില്‍ നിന്നും നിമിഷങ്ങള്‍ക്കകം ലഹരിപദാർത്ഥത്തെ വേഗം തിരിച്ചറിയാനും പൊലീസിന് നടപടി സ്വീകരിക്കാനും ഈ വാൻ വഴി കഴിയും.
ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്ത് ആദ്യമായാണ് നടപ്പാക്കുന്നതെന്ന വിശേഷത്തോടെയാണ് വാൻ രംഗത്തിറക്കിയത്. വിദേശ രാജ്യങ്ങളിലെ പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നല്‍കാനായിരുന്നു പദ്ധതിയെങ്കിലും ഫലം കണ്ടില്ല. പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. 2022 ആഗസ്റ്റ് 30 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ, വാനിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചത്.