പാർട്ടികള്‍ക്കൊക്കെ പോകുമ്പോൾ വെറുതെ രണ്ടെണ്ണം അടിക്കും എന്ന് പറയുന്നവരോട്… വല്ലപ്പോഴുമാണെങ്കിലും പണി പിന്നാലെകിട്ടും; നിയന്ത്രിത മദ്യപാനമായാലും ഏഴുതരം ക്യാൻസറുകള്‍ക്ക് സാധ്യതയെന്ന് റിപ്പോർട്ട്

Spread the love

പാർട്ടികള്‍ക്കൊക്കെ പോകുമ്പോൾ വെറുതെ രണ്ടെണ്ണം അടിക്കും. ചിലർ ഇടക്കിടെ പറയുന്നതാണ് ഇത്. സ്ഥിരം മദ്യപാനികളെ ബാധിക്കുന്ന മാരക രോഗങ്ങള്‍ തങ്ങള്‍ക്ക് വരില്ലെന്ന ആത്മവിശ്വാസവും ഇത്തരക്കാർക്കുണ്ടാകും. എന്നാല്‍, മദ്യപിക്കുന്നവരെ ഞെട്ടിക്കുന്ന അപായസൂചനയാണ് ഇപ്പോള്‍ അമേരിക്കയില്‍നിന്ന് പുറത്ത് വന്നിരിക്കുന്നത്.

വളരെ കുറച്ച്‌ മദ്യപാനമായാലും നിയന്ത്രിത മദ്യപാനമായാലും മാരക രോഗങ്ങള്‍ക്ക് അത് കാരണമാകുമെന്നാണ് അമേരിക്കൻ പബ്ലിക് ഹെല്‍ത്ത് സർവീസ് പുറത്തുവിട്ട അപായ സൂചനയില്‍ പറയുന്നത്. അമേരിക്ക സർജൻ ജനറലായ വിവേക് മൂർത്തി പറയുന്നത് ഏറ്റവും കുറഞ്ഞത് ഏഴുതരം ക്യാൻസറുകള്‍ക്ക് മദ്യപാനം കാരണമാകുമെന്നാണ്.

വായ, തൊണ്ട, ശ്വാസനാളം, അന്നനാളം, സ്തനം, കരള്‍, വൻ കുടല്‍- മലാശയം എന്നീ ഭാഗങ്ങള്‍ക്കാണ് മദ്യപാനത്തെ തുടർന്ന് ക്യാൻസറുണ്ടാകുന്നത്. മദ്യപാനം കൊണ്ട് ഏതാണ്ട് എട്ട് ലക്ഷത്തോളം പേർക്കാണ് 2020 ല്‍ ക്യാൻസർ സ്ഥിരീകരിച്ചത്. ബിയർ ആയാലും വൈൻ ആയാലും മദ്യമായാലും ഇത് ബാധകമാണ്. എത്രത്തോളം മദ്യം കൂടുതല്‍ അകത്താക്കുന്നോ അത്രത്തോളം ക്യാൻസർ വരാനുള്ള സാധ്യത കൂടുമെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളരെ കുറഞ്ഞ അളവില്‍ മദ്യം കഴിക്കുന്നവരും വല്ലപ്പോഴും കഴിക്കുന്നവരുമൊക്കെ ക്യാൻസർ ഭീഷണി നേരിടുന്നുണ്ട്. ഇത്തരം ആളുകള്‍ക്ക് വായിലും തൊണ്ടയിലും അന്നനാളത്തിലും അർബുദം പിടിപെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എത്രയും കുറച്ച്‌ മദ്യപിക്കാമോ അത്രയും കുറച്ചായിരിക്കും ക്യാൻസറിനുള്ള സാധ്യത. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് ആല്‍ക്കഹോള്‍ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.