
ഫഹദിൻ്റെ തൊണ്ടിമുതലിനെ വെല്ലും ആലത്തൂരിലെ കള്ളൻ മുത്തപ്പൻ്റെ മോഷണവും പോലീസുകാരുടെ കാത്തിരിപ്പും ; തൊണ്ടിമുതലിനായി കള്ളനെ കൊണ്ട് തീറ്റിച്ചത് കിലോ കണക്കിന് പൂവൻ പഴം ; ഒടുവിൽ മൂന്നാം പക്കം മാല പുറത്തേക്ക്
പാലക്കാട് : മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ആലത്തൂരില്‍ മാല വിഴുങ്ങിയ കള്ളനില്‍ നിന്നും തൊണ്ടി മുതല്‍ തിരിച്ചു കിട്ടി.
മാല വിഴുങ്ങിയ കള്ളന്‍റെ വയറിളകുന്നതും കാത്ത് പൊലീസ് കാവല്‍ നിന്നിരുന്നു. ഇന്ന് വൈകിട്ട് നാലോടെയാണ് മാല പുറത്തുവന്നത്. സ്വർണമാല മോഷ്ടിച്ച ശേഷം വിഴുങ്ങിയ കള്ളനെ കയ്യോടെ പിടികൂടിയെങ്കിലും തൊണ്ടി മുതലെടുക്കാൻ കഴിഞ്ഞ മൂന്നു ദിവസമായി കാത്തിരിക്കുകയായിരുന്നു പാലക്കാട് ആലത്തൂര്‍ പൊലീസ്.
ഫഹദ് ഫാസില്‍ നായകനായ തൊണ്ടിമുതലും ദൃക്ഷ്സാക്ഷിയും എന്ന സൂപ്പ൪ഹിറ്റ് സിനിമയുടെ പ്രമേയത്തിന് തുല്യമായ സംഭവം നടന്നതോടെയാണ് ആലത്തൂര്‍ പൊലീസ് പുലിവാല് പിടിച്ചത്. മോഷ്ടാവ് വിഴുങ്ങിയ മാല പുറത്തുവരാൻ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ മൂന്നു ദിവസമായി തുടര്‍ന്നിരുന്ന കാത്തിരിപ്പിനാണ് ഇന്ന് വൈകിട്ട് നാലോടെ അവസാനമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയെ വെല്ലും സംഭവങ്ങളാണ് ആലത്തൂ൪ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം നടന്നത്. മേലാർകോട് ഉത്സവത്തിനിടെ ഞായറാഴ്ചയായിരുന്നു സംഭവം. പട്ടഞ്ചേരി സ്വദേശി വിനോദിന്‍റെ രണ്ടര വയസുകാരിയുടെ മാലയാണ് മധുര സ്വദേശി മുത്തപ്പൻ മോഷ്ടിച്ചത്. നാട്ടുകാ൪ കയ്യോടെ പിടികൂടിയതോടെ മുത്തപ്പൻ മുക്കാല്‍ പവൻ തൂക്കമുള്ള മാല വിഴുങ്ങി. ചോദ്യം ചെയ്യലില്‍ മോഷ്ടിച്ചില്ലെന്ന് കള്ളം പറഞ്ഞു.
എക്സറെ എടുത്തതോടെ വയറില്‍ മാല തെളിഞ്ഞു വന്നു. പിന്നാലെ റിമാൻഡ് ചെയ്ത പ്രതിയെ തൊണ്ടി മുതല്‍ കിട്ടാനായി ആശുപത്രിയിലേക്ക് മാറ്റി. ദിവസേന കിലോ കണക്കിന് പൂവൻപഴവും റോബസ്റ്റും നല്‍കിയിട്ടും തൊണ്ടി മുതല്‍ പുറത്തേക്ക് വന്നില്ല. കള്ളനൊപ്പം തൊണ്ടിക്കായി പൊലീസിന്‍റെ ഈ കാത്തിരിപ്പും തുടര്‍ന്നു. ഇന്നും തൊണ്ടി പുറത്തു വന്നില്ലെങ്കില്‍ എൻഡോസ്കോപ്പിയിലൂടെ മാല പുറത്തെടുക്കാൻ തീരുമാനിച്ചിരിക്കെയാണ് വൈകിട്ടോടെ മാല പുറത്തുവന്നത്.