
യുഎസ്: അലാസ്കയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അനുഭവപ്പെട്ടത്.അലാസ്കയുടെ വിവിധ ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സാൻഡ് പോയിന്റ് നഗരത്തിന് 87 കിലോമീറ്റർ തെക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടർന്ന് ചില ആഘാതങ്ങൾ പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.
ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ് അലാസ്ക. 1964 മാർച്ചിൽ വടക്കേ അമേരിക്കയിൽ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ശക്തമായ, 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അലാസ്കയിൽ ഉണ്ടായിരുന്നു. അന്ന് കനത്ത നാശനഷ്ടവുമുണ്ടായി. അലാസ്ക ഉൾക്കടൽ, യുഎസ് പടിഞ്ഞാറൻ തീരം, ഹവായ് എന്നിവിടങ്ങളിൽ സുനാമിയുണ്ടായി. ഭൂകമ്പത്തിലും സുനാമിയിലും 250ൽ അധികം ആളുകൾ മരിച്ചു. 2023 ജൂലൈയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായില്ല.