play-sharp-fill
സൂപ്പര്‍ മാര്‍ക്കറ്റിലെത്തി സാധനം വാങ്ങിയ സ്ത്രീ നൽകിയത് 500 രൂപയുടെ നോട്ട്;  ജീവനക്കാരന് നോട്ടില്‍ സംശയം; ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റടക്കം രണ്ട് പേർ അറസ്റ്റില്‍; പ്രതികളിൽ നിന്ന് കൂടുതൽ കള്ളനോട്ടുകൾ പിടിച്ചെടുത്തു

സൂപ്പര്‍ മാര്‍ക്കറ്റിലെത്തി സാധനം വാങ്ങിയ സ്ത്രീ നൽകിയത് 500 രൂപയുടെ നോട്ട്; ജീവനക്കാരന് നോട്ടില്‍ സംശയം; ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റടക്കം രണ്ട് പേർ അറസ്റ്റില്‍; പ്രതികളിൽ നിന്ന് കൂടുതൽ കള്ളനോട്ടുകൾ പിടിച്ചെടുത്തു

സ്വന്തം ലേഖിക

ആലപ്പുഴ: കള്ളനോട്ട് കേസില്‍ ആലപ്പുഴ ചാരുംമൂട്ടില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം രണ്ടു പേര്‍ അറസ്റ്റില്‍.


ഈസ്റ്റ് കല്ലട പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ക്ലീറ്റസും താമരക്കുളം സ്വദേശിനി ലേഖയുമാണ് പിടിയിലായത്. സൂപ്പര്‍ മാര്‍ക്കറ്റിലെത്തി സാധനങ്ങള്‍ വാങ്ങിയ ശേഷം ലേഖ നല്‍കിയ 500 ന്‍റെ നോട്ടില്‍ ജീവനക്കാരന് സംശയം തോന്നിയതോടെയാണ് ഇരുവരും പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാരുംമൂടിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയ സ്ത്രീ നല്‍കിയത് 500 രൂപയുടെ കറന്‍സി നോട്ടായിരുന്നു. നോട്ട് വാങ്ങിയ ജീവനക്കാരന് അപ്പോള്‍ തന്നെ സംശയം തോന്നി. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.

നോട്ട് കൈമാറിയ താമരക്കുളം സ്വദേശിനി ലേഖയെ നൂറനാട് പൊലീസ് വിശദമായി ചോദ്യം ചെയ്തു. പൊലീസ് നടത്തിയ പരിശോധനയില്‍ സ്ത്രീയുടെ പേഴ്സില്‍ നിന്നും 500 രൂപയുടെ കൂടുതല്‍ കള്ളനോട്ടുകള്‍ കണ്ടെത്തി.

വിശദമായ ചോദ്യം ചെയയലില്‍ കള്ളനോട്ടുകള്‍ നല്‍കിയത് ഈസ്റ്റ് കല്ലട പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ക്ലീറ്റസാണെന്ന് മൊഴി നല്‍കി. വീടിനു സമീപത്തു നിന്നും പുലര്‍ച്ചെ അറസ്റ്റ് ചെയ്ത ക്ലീറ്റസിന്‍റെ കൈയില്‍ നിന്ന് 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തുകയും ചെയ്തു.

അടിപിടി, പൊലീസിനെ ആക്രമിക്കല്‍, പട്ടികജാതി പീഡനം, വീടുകയറി അതിക്രമം തുടങ്ങി നിരവധി കേസുകള്‍ ക്ലീറ്റസിനെതിരെ നിലവിലുണ്ട്. പതിനായിരം രൂപയുടെ കള്ളനോട്ട് ആയിരുന്നു ക്ലീറ്റസ് ലേഖക്ക് നല്‍കിയിരുന്നത്. കഴിഞ്ഞ ഒരുമാസമായി ലേഖ ചാരുംമൂടിലെ കടകളില്‍ കയറി ചെറിയ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങിയാണ് നോട്ടുകള്‍ ചെലവഴിച്ചിരുന്നത്.

സൂക്ഷ്മമായി നോക്കിയാല്‍ മാത്രം മനസ്സിലാകുന്ന തരത്തിലായിരുന്നു നോട്ടുകളുടെ നിര്‍മ്മാണം. മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.