
ആലപ്പുഴ: ചായയ്ക്ക് മധുരമില്ലാത്തതിനാല്‍ പഞ്ചാസാര വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ ആലപ്പുഴ ബീച്ചിൽ യുവാവിനെ ആറംഗ സംഘം അടിച്ച് വീഴ്ത്തി. തൃശ്ശൂർ ഇരിങ്ങാലകുട പുളിക്കൻ ഹൗസിൽ സിജോ ജോൺ (36)ആണ് തലക്കും കൈക്കും പരിക്കുകളോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇന്നലെ വൈകിട്ട് ബീച്ചിലെ കാറ്റാടി ഭാഗത്താണ് സംഭവം.
ഇടപ്പള്ളിയിലെ ഓയിൽ ഗ്യാസ് കമ്പനിയിലെ ജീവനക്കാരനായ സിജോ ജോൺ മറ്റ് മൂന്ന് പേരുമായിട്ടാണ് ബീച്ചിൽ എത്തിയത്. കാറ്റാടി ഭാഗത്തെ കടയിൽ നിന്ന് ചായ കുടിക്കുന്നതിനിടെ സിഗരറ്റ് കത്തിക്കാൻ ലാമ്പ് ഉണ്ടോയെന്ന് ചോദിച്ചു. ഇതിന് ശേഷം ചായക്ക് അല്പം മധുരം വേണമെന്ന് പറഞ്ഞു. കടയുടമ ക്ഷുഭിതനായി ഇല്ലെന്ന് പറഞ്ഞു. ഇതിനെ തുടർന്ന് ഇരുവരും തർക്കത്തിലായി.
പിന്നീട് സഞ്ചാരികൾ ചായയുടെ പണവും നൽകി ബീച്ചിലേക്ക് പോയപ്പോൾ പിന്നാലെ എത്തിയ ആറംഗ സംഘം സ്റ്റീൽ കമ്പിയും വടിയുകൊണ്ട് സിജോ ജോണിനെ അടിക്കുകയായിരുന്നു. തലക്കും ഇടതു കൈക്കും ഗുരുതരമായി പരിക്കേറ്റ സിജോജോൺ നിലത്തു വീണു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ പൊലീസ് എത്തുന്നത് കണ്ട അക്രമി സംഘം രക്ഷപ്പെട്ടു. പിന്നീട് സിജോ ജോണിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലക്ക് ആറ് തുന്നലും ക്ഷതം പറ്റിയ ഇടത് കൈക്ക് പ്ളാസ്റ്ററും ഇട്ടു. സൗത്ത് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.