ആലപ്പുഴയിൽ മദ്യം നല്കി എൺപതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; പ്രതികളെ കോടതി വെറുതെ വിട്ടു
സ്വന്തം ലേഖകൻ
ആലപ്പുഴ: ബലമായി മദ്യം കഴിപ്പിച്ച് എൺപതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.
ആലപ്പുഴയിൽ 2014 ഒക്ടോബര്‍ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന് പ്രതികള്‍ക്കെതിരെ കുറ്റങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെന്നു കോടതി കണ്ടെത്തിയതിനെ തുടർന്നാണ് പ്രതികളെ കോടതി വെറുതെ വിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടില്‍ തനിച്ചായിരുന്ന എൺപതുകാരിയെ കായംകുളം ചിറക്കടവ് മുറിയില്‍ അലക്കന്തറ വീട്ടില്‍ രമേശന് (38), മാവേലിക്കര പാലമേല്പണയില്ഭവനത്തില് പ്രഭാകരന് പ്രമോദ് (42) എന്നിവരാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇവരെ ആലപ്പുഴ അഡിഷണല്‍ ജില്ലാ സെഷന്‍സ് ഒന്ന് ജഡ്ജി എ.ഇജാസ് ആണ് വെറുതെ വിട്ടത്.
ഓട്ടോറിക്ഷയിലെത്തിയ ഇവർ വീട്ടമ്മ ഉച്ചസമയം വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കി ബലമായി മദ്യം വീട്ടമ്മയെ കുടിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. കരച്ചിലും ബഹളവും കേട്ട അയല്‍വാസികള്‍ ഓടിവന്നപ്പോള്‍ ഓട്ടോറിക്ഷ ഉപേക്ഷിച്ച് രക്ഷപ്പെട്ടെങ്കിലും നാട്ടുകാര്‍ ഇവരെ കായംകുളം റെയില്‍വേ സ്റ്റേഷന് പരിസരത്തു വച്ച് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു .
പ്രോസിക്യൂഷന് പ്രതികള്‍ക്കെതിരെ കുറ്റങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെന്നു കോടതി കണ്ടെത്തി. അഡ്വ.പി.പി.ബൈജു, അഡ്വ പി.എസ്.സമീര്‍ എന്നിവര്‍ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായി.