video
play-sharp-fill

കുമാരപുരം രാകേഷ് തിരോധാനക്കേസ്: സംശയനിഴലിലുള്ള അഞ്ചുപേരുടെ വീടുകളിൽ ഒരേസമയം പരിശോധന; കിഷോറിന്റെ വീട്ടിൽ നിന്ന് വിദേശനിർമിത തോക്കും വെടിയുണ്ടകളും മാരകായുധങ്ങളും കണ്ടെത്തി; ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ്

കുമാരപുരം രാകേഷ് തിരോധാനക്കേസ്: സംശയനിഴലിലുള്ള അഞ്ചുപേരുടെ വീടുകളിൽ ഒരേസമയം പരിശോധന; കിഷോറിന്റെ വീട്ടിൽ നിന്ന് വിദേശനിർമിത തോക്കും വെടിയുണ്ടകളും മാരകായുധങ്ങളും കണ്ടെത്തി; ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ്

Spread the love

ആലപ്പുഴ: കുമാരപുരം രാകേഷ് തിരോധാനക്കേസിൽ സംശയനിഴലിലുള്ള കിഷോറിന്റെ വീട്ടിൽ നിന്ന് പൊലീസ് വിദേശനിർമിത തോക്കും വെടിയുണ്ടകളും മാരകായുധങ്ങളും കണ്ടെത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കിഷോർ.

സംശയമുനയിലുള്ള അഞ്ചുപേരുടെ വീടുകളിൽ ഒരേസമയമായിരുന്നു പരിശോധന. കേസിൽ റിപ്പോർട്ട് നൽകാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. 2015 നവംബർ ഏഴിനാണ് ഹരിപ്പാട് കുമാരപുരം സ്വദേശി രാകേഷിനെ കാണാതാകുന്നത്. രാകേഷിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് മാതാവ് രമയും സുഹൃത്തുക്കളും പ്രദേശവാസികളും പറയുന്നത്.

രാകേഷിനെ കൊലപ്പെടുത്തിയിരിക്കാം എന്നാണ് പൊലീസിൻ്റെയും നിഗമനം. എന്നാൽ, കൊലപാതകമെന്ന് തെളിയിക്കുന്ന വിവരങ്ങളോ പ്രതികളെക്കുറിച്ചുള്ള സൂചനകളോ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. പ്രതികളെന്ന് സംശയിക്കുന്നവരെയും കേസുമായി ബന്ധമുള്ള ചിലരെയും കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് കുമാരപുരം സ്വദേശി കിഷോറിൻ്റെ വീട്ടിൽ നിന്ന് വിദേശനിർമിത തോക്കും 53 വെടിയുണ്ടകളും പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരകൾ നിറച്ച നിലയിലായിരുന്നു തോക്ക്. വാളും മഴുവും ഉൾപ്പെടെയുള്ള മാരകായുധങ്ങളും വീട്ടിൽ കണ്ടെത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കിഷോർ പൊലീസ് പരിശോധന നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നില്ല. ഇയാൾക്കെതിരെ ലൈസൻസില്ലാതെ തോക്ക് സൂക്ഷിച്ചതിന് കേസെടുത്തു. കാണാതായ രാകേഷിനോട് മുൻവൈരാഗ്യമുള്ളവരെന്നു കരുതുന്ന അഞ്ചു പേരുടെ വീടുകളിലാണ് പൊലീസ് ഒരേസമയം പരിശോധന നടത്തിയത്.

ചില രേഖകളും അന്വേഷണത്തിന് സഹായകമായ തെളിവുകളും പൊലീസ് കണ്ടെത്തി. കായംകുളം ഡിവൈഎസ്‌പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അതേസമയം, കാണാതായ രാകേഷിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് കാണിച്ച് അമ്മ രമ നൽകിയ ഹർജിയിൽ ഹരിപ്പാട് കോടതി പൊലീസിനോട് റിപ്പോർട്ട് തേടി.

ഹരിപ്പാട് സ്വദേശികളായ ഏഴ് പേരും കൂട്ടാളികളും ചേർന്ന് മകനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്‌തിരിക്കുകയാണെന്ന് മാതാവിന്റെ ഹർജിയിൽ പറയുന്നു. സമീപത്തു നിന്നും ലഭിച്ച രക്തത്തുള്ളികളും മുടികളും കാണാതായ രാകേഷിൻ്റെതാണ്.

കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാൾ മറ്റൊരു കേസിൽ ജയിലിൽ കഴിയുമ്പോൾ രാകേഷിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് തനിക്കറിയാമെന്ന് സഹതടവുകാരോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഹർജിയിലുണ്ട്.