അശ്ലീലച്ചുവയോടെ സംസാരിച്ചതു ചോദ്യംചെയ്‌തു; വീട്ടമ്മയെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി; മുഖ്യസാക്ഷിയായ മകൻ സംഭവം കണ്ടില്ലെന്ന് കോടതിയിൽ; മകനെതിരെ സ്വമേധയാ കേസെടുത്ത് കോടതി; പ്രതിക്ക് ജീവപര്യന്തം തടവ്‌

അശ്ലീലച്ചുവയോടെ സംസാരിച്ചതു ചോദ്യംചെയ്‌തു; വീട്ടമ്മയെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി; മുഖ്യസാക്ഷിയായ മകൻ സംഭവം കണ്ടില്ലെന്ന് കോടതിയിൽ; മകനെതിരെ സ്വമേധയാ കേസെടുത്ത് കോടതി; പ്രതിക്ക് ജീവപര്യന്തം തടവ്‌

സ്വന്തം ലേഖകൻ

ആലപ്പുഴ : അശ്ലീലച്ചുവയോടെ സംസാരിച്ചതു ചോദ്യംചെയ്‌ത അയല്‍വാസിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക്‌ ജീവപര്യന്തം തടവ്‌ ശിക്ഷ. കുട്ടനാട്‌ നീലംപേരൂര്‍ പഞ്ചായത്ത്‌ ഒന്നാം വാര്‍ഡ്‌ കൈനടി അടിച്ചിറ വീട്ടില്‍ വാസുദേവന്റെ ഭാര്യ സരസമ്മ(60) കൊല്ലപ്പെട്ട കേസില്‍കൈനടിഅടിച്ചിറയില്‍ പ്രദീപ്‌ കുമാറാ(46)ണ്‌ ശിക്ഷിക്കപ്പെട്ടത്‌.

വീട്ടില്‍ അതിക്രമിച്ച്‌ കയറിയതിന്‌ 447-ാം വകുപ്പ്‌ പ്രകാരം ഒരു മാസം കൂടി കഠിന തടവും അനുഭവിക്കണം. ഒരു ലക്ഷം രൂപ പിഴ അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ്‌ അനുഭവിക്കണം. ആലപ്പുഴ ജില്ലാ അഡിഷണല്‍ സെഷന്‍സ്‌ കോടതി(മൂന്ന്‌) ജഡ്‌ജി പി.എന്‍ സീതയാണു ശിക്ഷ വിധിച്ചത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂറുമാറുകയും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തതിന്‌ കേസിലെ ഒന്നാം സാക്ഷി കൊല്ലപ്പെട്ട സരസമ്മയുടെ മകന്‍ ഓമനക്കുട്ടന്‍, രണ്ടാം സാക്ഷി ഇയാളുടെ ഭാര്യ അജിത, മൂന്നാം സാക്ഷി സരസമ്മയുടെ ഭര്‍തൃസഹോദരന്‍ കുട്ടപ്പന്‍ എന്നിവര്‍ക്കെതിരേ കോടതി സ്വമേധയാ കേസെടുത്തു. കേസില്‍ ദൃക്‌സാക്ഷിയായിരുന്നു ഓമനക്കുട്ടന്‍.

ഇയാള്‍ സംഭവം കണ്ടില്ലെന്ന്‌ കോടതിയില്‍ വിചാരണവേളയില്‍ മൊഴിമാറ്റുകയായിരുന്നു. ഇതോടെ മകനടക്കം മൂന്നുപേരും കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.

2004 മെയ്‌ 10നായിരുന്നു കേസിനാസ്‌പദമായ സംഭവം. പ്രദീപ്‌കുമാര്‍ അശ്ലീല ചുവയോടെ സംസാരിക്കുന്നത്‌ സരസമ്മ എതിര്‍ത്തിരുന്നുവെന്നും ഇതേത്തുടര്‍ന്നുള്ള പകയാണു കൊലപാതകത്തിന്‌ കാരണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കേസ്‌. സംഭവദിവസം പ്രദീപ്‌കുമാര്‍ സരസമ്മയുടെ വീട്ടിലെത്തി പതിവ്‌ രീതിയില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ എതിര്‍ത്തു. ഈ സമയം കൈവശം കരുതിയ വെട്ടുകത്തി ഉപയോഗിച്ച്‌ സരസമ്മയുടെ കഴുത്തിലും മുഖത്തും കൈയിലും വെട്ടി. വീട്ടിലുണ്ടായിരുന്ന മകന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ മകനെ ഒന്നും ചെയ്യരുതേയെന്ന്‌ പറഞ്ഞ്‌ സരസമ്മ ഇടയ്‌ക്കു കയറി.

വെട്ടേറ്റ്‌ ഗുരുതര പരുക്കേറ്റ സരസമ്മയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും അന്ന്‌ തന്നെ മരിച്ചു. കൈനടി പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ 11 സാക്ഷികളെ വിസ്‌തരിച്ചു. 16 രേഖകളും നാല്‌ തൊണ്ടി സാധനങ്ങളും തെളിവാക്കി. പ്രോസിക്യൂഷന്‌ വേണ്ടി അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ പി.പി ഗീത ഹാജരായി.