ആലപ്പുഴയിൽ അനധികൃതമായി നിര്‍മ്മിച്ച കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ സുപ്രീംകോടതി..! പൂര്‍ണമായി പൊളിച്ചുമാറ്റിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി..! റിപ്പോർട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കണം
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ആലപ്പുഴയിൽ അനധികൃതമായി നിര്‍മ്മിച്ച കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ സുപ്രീംകോടതി. പൂര്‍ണമായി പൊളിച്ചുമാറ്റിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
ആലപ്പുഴ പാണാവള്ളിയില്‍ തീരദേശനിയമം ലംഘിച്ച് പണിത കാപികോ റിസോർട്ടിന്‍റെ 11 ഏക്കറിലെ 54 കോട്ടേജുകളാണ് പൊളിക്കാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. വിധി പുറപ്പെടുവിച്ച് രണ്ട് വർഷത്തിന് ശേഷമാണ് റിസോർട്ട് പൊളിച്ചുനീക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചത്. കോവിഡ് വ്യാപന സാഹചര്യത്തിൽ പൊളിക്കൽ നടപടി വൈകിയെന്നായിരുന്നു സർക്കാർ സത്യവാങ്മൂലം നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് മാർച്ച് 28നകം പൊളിച്ചു നീക്കണമെന്ന് ഫെബ്രുവരി 24ന് സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നു. പുനരുപയോഗ സാധ്യതയുള്ളവ മാറ്റിയ ശേഷം ചുറ്റുമുള്ള കായലുകളിൽ മാലിന്യ പ്രശ്നം ഉണ്ടാകാത്ത രീതിയിലാണ് പൊളിക്കൽ നടപടികൾ. അതിനാലാണ് വൈകുന്നതെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഒരു കാരണവശാലും ഇനി സമയം കൂട്ടി നൽകൽ സാധ്യമല്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
കോടതി ഉത്തരവ് പൂര്‍ണണായി നടപ്പാക്കണം. അല്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. ശാസ്ത്രീയ പഠനമില്ലാതെ, റിസോര്‍ട്ട് പൊളിക്കുന്നത് വേമ്പനാട് കായലിലെ സസ്യജാലങ്ങളെയും മൃഗങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ഇതിന്റെ പേരില്‍ പൊളിക്കല്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. റിസോര്‍ട്ട് പൊളിക്കുമ്പോള്‍ പരിസ്ഥിതി വിഷയങ്ങള്‍ കണക്കിലെടുക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കേസ് സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.