ആലപ്പുഴ കളർകോട് വാഹനാപകടം; പരിക്കേറ്റ ആൽവിന്റെ നില അതീവ ഗുരുതരം; വിദ്യാർത്ഥിയെ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Spread the love

ആലപ്പുഴ: ആലപ്പുഴയിൽ മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആൽവിൻ ജോർജിന്റെ നില അതീവഗുരുതരമെന്ന് ഡോക്ടർമാർ. തലച്ചോറിനും ആന്തരികാവയവങ്ങൾക്കും ഗുരുതര ക്ഷതമേറ്റ ആൽവിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി. ഒരു ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത് 6 വിദ്യാർത്ഥികളാണ്.

video
play-sharp-fill

തിങ്കളാഴ്ച രാത്രി 9 .20ന് ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്കിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ആലപ്പുഴ മെഡിക്കൽ കോളജിലെ 5 എംബിബിഎസ്‌ ഒന്നാം വിദ്യാർത്ഥികൾക്ക് ക്യാമ്പസ് കണ്ണിരോടെയാണ് ഇന്നലെ വിടനൽകിയത്. മരിച്ച ആയുഷ് ഷാജിയുടേയും ബി ദേവനന്ദന്‍റെയും സംസ്കാരം ഇന്നാണ് നടക്കുക.ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂർ മാട്ടൂൽ സ്വദേശി മുഹമ്മദ്‌ അബ്ദുൽ ജബ്ബാർ എന്നിവരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചിരുന്നു.

അപകടം നടക്കുമ്പോൾ വാഹനത്തിൽ 11 പേരാണ് ഉണ്ടായിരുന്നത്. ശക്തമായ മഴയായതിനാലാണ് സിനിമയ്ക്ക് പോകാനായി വിദ്യാർത്ഥികൾ കാർ വാടകയ്‌ക്കെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, അപകടത്തിന് ഇടയാക്കിയത് നാലുകാരണങ്ങളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മഴ മൂലമുണ്ടായ റോഡിലെ വെള്ളത്തിൻ്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി. ഏഴു പേർ യാത്ര ചെയ്യേണ്ട ടവേര വാഹനത്തിൽ 11 പേർ യാത്ര ചെയ്തത് അപകടത്തിൻ്റെ ആഘാതം വർധിപ്പിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

ടവേര വാഹനം ഓടിച്ചയാൾക്ക് ലൈലൻസ് നേടി 5 മാസം മാത്രമാണ് ഡ്രൈവിങ് പരിചയമുള്ളത്. വാഹനം തെന്നിയപ്പോൾ നിയന്ത്രണത്തിലാക്കാൻ ഇയാൾക്ക് സാധിച്ചില്ല.

വാഹനത്തിന് 14 വർഷം പഴക്കമുണ്ട്. സുരക്ഷ സംവിധാനങ്ങളായ ആൻ്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവ ഇല്ലാത്തതിനാൽ വാഹനം ബ്രേക്ക് ചെയ്തപ്പോൾ തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. മോട്ടർ വാഹന വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.