ആലപ്പുഴ ഹൗസ് ബോട്ട് യാത്ര സുരക്ഷിതമോ? കാലപ്പഴക്കം ചെന്ന ഹൗസ്ബോട്ടുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലും ഇല്ലാതെയാണ് സവാരി നടത്തുന്നതെന്ന് പരാതി; ലൈസന്‍സ് എടുക്കാതെ പരിശോധന സംഘത്തിന്റെ കണ്ണുവെട്ടിച്ച്‌ സര്‍വീസ് ; യാത്രകളുടെ ആനന്ദം ആസ്വദിക്കാൻ ഇറങ്ങിത്തിരിക്കും മുൻപ് ഒരുവട്ടം ആലോചിക്കണോ?

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ആലപ്പുഴ ഹൗസ് ബോട്ട് യാത്ര സുരക്ഷിതമോ? ഹൗസ് ബോട്ടുകളില്‍ സഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന തുറമുഖ വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കാന്‍ ചില ബോട്ടുടമകള്‍ മടിക്കുന്നതാണ് മേഖലയിലെ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്ന് ആക്ഷേപം.

കഴിഞ്ഞ ദിവസം കന്നിട്ടെ ജെട്ടിയില്‍ നങ്കൂരമിട്ടിരുന്ന ഹൗസ് ബോട്ടിന്റെ അടിപലക ഇളകി വെള്ളം കയറി താഴ്ന്നു. ഇതിലെ സഞ്ചാരികളുടെ ബാഗ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പുറത്തേക്ക് എടുക്കുന്നതിനിടെ കൈനകരി സ്വദേശി പ്രസന്നന്‍ മുങ്ങിമരിച്ചതാണ് ഒടുവിലത്തെ അപകടം. ഒരുമാസത്തിനുള്ളില്‍ നാല് ഹൗസ്‌ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. കാലപ്പഴക്കം ചെന്ന ഹൗസ് ബോട്ടുകള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പോലും ഇല്ലാതെയാണ് സവാരി നടത്തുന്നതെന്ന് പരാതിയുണ്ട്. പരിശോധനാസംഘം നല്‍കിയ നോട്ടീസിന് പുല്ലു വിലയാണ് ഇവര്‍ നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനധികൃത ഹൗസ് ബോട്ടുകള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ ഹൈക്കോടതി തുറമുഖ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും നിര്‍ദ്ദേശങ്ങളും പാലിക്കുന്നതില്‍ ഉടമകള്‍ അലംഭാവം കാട്ടുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വേമ്ബനാട്ട് കായലില്‍ 1500ല്‍ അധികം ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും 800ഓളം ബോട്ടുകള്‍ക്ക് മാത്രമാണ് ആവശ്യമായ രേഖകളുള്ളതത്രെ. ഒരുമാസത്തിനുള്ള രേഖകള്‍ ഇല്ലാതെ സര്‍വീസ് നടത്തിയ 46 ബോട്ടുകളുടെ ഉടമകള്‍ക്ക് തിരിച്ചടിയായി.

കായല്‍സൗന്ദര്യവും കുട്ടനാടിന്റെ തനത് രുചിയും അറിയാന്‍ ജില്ലയിലേക്ക് എത്തുന്നവടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളോട് ബോട്ടുടമകള്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നു. കൃത്യമായ അറ്റകുറ്റപണികള്‍ നടത്താത്തതാണ് ദുരന്തങ്ങള്‍ക്ക് പലപ്പോഴും കാരണം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ഒരു പരിധിവരെ ഇവ ഒഴിവാക്കാന്‍ കഴിയും. കായല്‍ സവാരിക്കിടെ അടിക്കടിയുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുന്ന അവസ്ഥയുണ്ട്. സുരക്ഷയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ജീവനക്കാരും ഉടമകളും സഞ്ചാരികളും അവഗണിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. ലൈസന്‍സ് എടുക്കാതെ പരിശോധന സംഘത്തിന്റെ കണ്ണുവെട്ടിച്ച്‌ സര്‍വീസ് നടത്തുന്നവരുണ്ട്.

പരിശോധന കടുപ്പിക്കും

ലൈസന്‍സ് നല്‍കേണ്ട ചുമതല തുറമുഖ വകുപ്പിനാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ 46ബോട്ടുകള്‍ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ വകുപ്പ് അധികാരികള്‍ നോട്ടീസ് നല്‍കിയാല്‍ ആ വഴിക്ക് ബോട്ടുടമകള്‍ തിരിഞ്ഞുനോക്കാറില്ല. എല്ലാ ബോട്ടുകളും മൂന്ന് വര്‍ഷത്തില്‍ലൊരിക്കല്‍ ഡോക്കില്‍ കയറ്റി അടിപലകയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന നിയമം പാലിക്കാറില്ലാത്തതാണ് വെള്ളകയറിയുള്ള ദുരന്തങ്ങള്‍ക്ക് കാരണം.

ഹൗസ് ബോട്ട് യാത്ര സുരക്ഷിതമാക്കാന്‍

* ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള രക്ഷാമര്‍ഗങ്ങള്‍ നിര്‍ബന്ധമാക്കണം.
* കാലപ്പഴക്കം ചെന്നതും ലൈസന്‍സില്ലാത്തതുമായ ഹൗസ് ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി
* യാത്രയ്ക്കിടെ കുട്ടികളും മുതിര്‍ന്നവരും കൈവരിയിലും മറ്റും നില്‍ക്കാതെ ശ്രദ്ധിക്കണം.
* സംഘടനകളും ഹൗസ് ബോട്ട് ഉടമകളും വേണ്ട നിര്‍ദേശങ്ങള്‍ ജീവനക്കാര്‍ക്കും സഞ്ചാരികള്‍ക്കും നല്‍കണം.

അപകട കാരണങ്ങള്‍
* രണ്ടു മുറിയുള്ള ഹൗസ്‌ബോട്ടില്‍ 15 പേരെ വരെ കയറ്റി സവാരി
* ജീവനക്കാരില്‍ ഒരു വിഭാഗം സഞ്ചാരികള്‍ക്കൊപ്പം മദ്യപിക്കുന്നത്
* മദ്യപിച്ച്‌ കാല്‍വഴുതി വെള്ളത്തില്‍ വീണാല്‍ നീന്തല്‍ അറിയാമെങ്കിലും രക്ഷപ്പെടാന്‍ കഴിയില്ല

“അടിക്കടി ദുരന്തങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യത്തില്‍ പൊലീസിന്റെ സഹായത്തോടെ പ്രതിദിന പരിശോധന നടത്തും. നിയമപരമല്ലാത്ത എല്ലാ ബോട്ടുകള്‍ക്കും നിലവിലുള്ള നിയമം അനുസരിച്ച്‌ നടപടിയെടുക്കുമെന്ന് തുറമുഖവകുപ്പ് അറിയിച്ചു.