
ആലപ്പുഴ: ചായക്കടയ്ക്ക് മുന്നിൽ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ആദിൽ അഫ്സർ (20), സക്കീർ എന്നറിയപ്പെടുന്ന മുഹമ്മദ് സഹീർ (21), അജ്മൽ (20) എന്നിവരാണ് പിടിയിലായത്. സംഭവത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ കോതമംഗലത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മാർച്ച് 6-ന് പുലർച്ചെ കായംകുളം ഒ.എൻ.കെ ജംഗ്ഷന്റെ തെക്കുഭാഗത്തുള്ള ചായക്കടയ്ക്ക് സമീപമാണ് ആദ്യം വാക്കുതർക്കം ഉണ്ടായത്. പിന്നാലെ പ്രതികൾ കൂട്ടമായി യുവാക്കൾ താമസിച്ചിരുന്ന ലോഡ്ജിലെത്തി അവരെ പുറത്തേക്ക് വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കല്ലേലിഭാഗം സ്വദേശിയായ യുവാവിനെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയുമാണ് ഇരുമ്പുവടി, കത്തി, ഇടിക്കട്ട, ഇടിവള, ഹെൽമെറ്റ് തുടങ്ങിയവ ഉപയോഗിച്ച് മർദ്ദിച്ചത്. ആക്രമണത്തിൽ യുവാക്കൾക്ക് തലയ്ക്ക് ഉൾപ്പെടെ ഗുരുതര പരിക്കേറ്റു. പിടിയിലായ ആദിൽ അഫ്സറിനെതിരെ വള്ളികുന്നം, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനുകളിൽ മറ്റ് അടിപിടി കേസുകളും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സി.ഐ അരുണ്‍ ഷാ, എസ്.ഐ രതീഷ് ബാബു, എ.എസ്.ഐ ഹരി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.



