ആലപ്പുഴ-ചങ്ങനാശേരി റോഡ് പൊളിച്ചു കളയേണ്ടി വരുമെന്ന് വിദഗ്ധർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി എം.സി റോഡ് വെള്ളമിറങ്ങിയാലുടൻ പൊളിച്ചു പണിയുന്നതാണ് ഉത്തമമെന്നു വിദഗ്ധർ നിർദേശിച്ചു. ഒരാഴ്ചയിലധികമായി എംസി റോഡിന്റെ മുക്കാൽ ഭാഗവും തുടർച്ചയായി വെള്ളത്തിനടിയിലായതിനാൽ റോഡിന് ബലക്ഷയം ഉണ്ടായിട്ടുണ്ട്. തുടർച്ചയായി വെള്ളത്തിനടിയിലായതിനാൽ റോഡിലെ വിള്ളലുകളിലൂടെ ബിറ്റുമിൻ കോൺക്രീറ്റിന്റെ ഓരോ പാളിയിലേക്കും വെള്ളം കയറുമെന്ന് ഉറപ്പാണെന്നു നാഷനൽ ട്രാൻസ്‌പോർട് പ്ലാനിങ് ആൻഡ് റിസർച് സെന്ററിലെ വിദഗ്ധർ പറഞ്ഞു. എസി റോഡിൽ ഇപ്പോൾത്തന്നെ പല ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. 2,200 കുഴികൾ എസി റോഡിൽ ആകെയുണ്ടെന്നു മന്ത്രി ജി.സുധാകരൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, കനത്ത മഴ മൂലം റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ കഴിഞ്ഞിട്ടില്ല. കുഴികളിലൂടെ വെള്ളം താഴേത്തട്ടുവരെ ഊർന്നിറങ്ങി അടിത്തറയ്ക്കു ബലക്ഷയമുണ്ടാക്കും. ചെളിമണ്ണിൽ ഉയർത്തിയ എസി റോഡിന്റെ അടിത്തട്ടിന് വാഹനങ്ങളുടെ ഭാരം താങ്ങാൻ കഴിയില്ല. ഭാരം കൂടുന്തോറും ചെളിമണ്ണ് ഒഴുകി മാറും. വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വിധം എസി റോഡ് യാത്രായോഗ്യമാക്കണമെങ്കിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു റോഡ് ഉയരം കൂട്ടി പുനർനിർമിക്കണം.