play-sharp-fill
ആലപ്പുഴയിൽ ആഫ്രിക്കൻ പന്നിപ്പനി ; ചികിത്സ ലഭ്യമല്ല, കോട്ടയത്തിനും മുൻകരുതൽ നിർദ്ദേശം

ആലപ്പുഴയിൽ ആഫ്രിക്കൻ പന്നിപ്പനി ; ചികിത്സ ലഭ്യമല്ല, കോട്ടയത്തിനും മുൻകരുതൽ നിർദ്ദേശം

 

ആലപ്പുഴ : ആഫ്രിക്കൻ പന്നിപ്പനി ആലപ്പുഴയിലും സ്ഥിരീകരിച്ചു. ചേർത്തല തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡിലെ കർഷകന്‍റെ ഫാമിലെ പന്നികള്‍ക്കാണ് രോഗം കണ്ടെത്തിയത്.

ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ കൊല്ലുന്ന നടപടി തിങ്കളാഴ്ച തുടങ്ങും. നിലവില്‍ പ്രദേശത്ത് കണ്ടെത്തിയ 13 പന്നികളെയാണ് ആദ്യംകൊല്ലുക. 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായി ജില്ല ഭരണകൂടം പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റ് മേഖലകളിലും മുൻകരുതലെടുക്കാൻ മൃഗസംരക്ഷണ വകുപ്പിനോട് നിർദേശിച്ചു.

പന്നി, പന്നിമാംസം, പന്നി ഉല്‍പന്നങ്ങള്‍, തീറ്റ എന്നിവയടക്കം രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും മറ്റുപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും നിരോധിച്ചു. ഈപ്രദേശത്ത് പന്നികളുടെ വില്‍പനയും വിതരണം നടത്തുന്ന കടകളുടെ പ്രവർത്തനം നിർത്തിവെക്കാനും നിർദേശമുണ്ട്. തണ്ണീർമുക്കം പഞ്ചായത്തില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമില്‍നിന്ന് രണ്ടുമാസത്തിനിടെ പന്നികളെ പുറത്തേക്ക് കൊണ്ടുപോയതും അന്വേഷിക്കും. തദ്ദേശസ്ഥാപന പരിധിയില്‍ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ, വില്ലേജ് ഓഫിസർ എന്നിവരുള്‍പ്പെട്ട ദ്രുതകർമസേന രൂപവത്കരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയിലെയും അതിർത്തി പ്രദേശമായ കോട്ടയം ജില്ലയിലെയും പഞ്ചായത്തുകള്‍ നിരീക്ഷണത്തില്‍. കടക്കരപ്പള്ളി, പട്ടണക്കാട്, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, ചേർത്തല നഗരസഭ, ചേന്നംപള്ളിപ്പുറം, മാരാരിക്കുളം വടക്ക്, വയലാർ, തണ്ണീർമുക്കം എന്നിവയാണ് ജില്ലയിലുള്ളത്. കോട്ടയം ജില്ലയിലെ കുമരകം, വെച്ചൂർ, വൈക്കം, തലയാഴം, ടി.വി.പുരം, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളും രോഗനിരീക്ഷണ മേഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവിടെ സംയുക്ത പരിശോധന നടത്തും.

വളര്‍ത്തുപന്നികളെയും കാട്ടുപന്നികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണിത്. ഇത് മനുഷ്യരിലേക്ക് പകരില്ല. ആഫ്രിക്കന്‍ പന്നിപ്പനിക്ക് ചികിത്സ ലഭ്യമല്ല. അതിനാല്‍ കര്‍ശന നടപടിയിലൂടെ മാത്രമേ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയൂ. പന്നികളെ വളര്‍ത്തുന്ന സ്ഥലങ്ങളില്‍ ശുചിത്വം പാലിക്കണം.

ഒരു പ്രത്യേക പ്രദേശത്ത് രോഗം പിടിപെട്ടാല്‍ പന്നികളെ കൊല്ലുകയെന്നതാണ് ഏകമാർഗം.