
ആലപ്പുഴ: ജില്ലാ കോടതി പാലം പണിയോട് അനുബന്ധിച്ച് താൽക്കാലികമായി വാഹനം തിരിച്ചു വിടുന്ന വഴികളിൽ അടിസ്ഥാനപരമായി ചെയ്യേണ്ട സൗകര്യങ്ങൾ മാസങ്ങളായിട്ടും അധികൃതർ ചെയ്യാത്തതിനാൽ ഗതാഗതക്കുരുക്ക് കൊണ്ട് ജനം വലയുന്നു. നിരന്തര ആവശ്യത്തെത്തുടർന്നാണ് പാതയിൽ ടൈൽസ് പാകി കുണ്ടുംകുഴിയും നികത്തിയത്.
എന്നാൽ വഴിയുടെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന ഇരുമ്പ് വസ്തുക്കളടക്കം ആഴ്ചകളായി കെട്ടിക്കിടക്കുകയാണ്. തടസങ്ങൾ നീക്കം ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധവുമായി തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ രംഗത്തെത്തി. വാഹനം തിരിച്ചു വിടുന്ന സമീപ ഇടവഴികളിലേക്ക് അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും പരാതിയുണ്ട്.
നഗരചത്വരവഴിയുടെ വായ് ഭാഗങ്ങളിലും ചത്വരത്തിലും തള്ളി നിൽക്കുന്ന കൽക്കെട്ടുകളും പൊളിച്ചിട്ടിരിക്കുന്ന അവശിഷ്ടങ്ങളും മരങ്ങളും ആഴ്ചകൾ പലത് കഴിഞ്ഞിട്ടും നീക്കം ചെയ്തിട്ടില്ല. നഗരചത്വരം വഴി വലിയ വാഹനങ്ങൾ കടന്നു പോകാൻ സൗകര്യം ഇല്ലെങ്കിലും അത് വഴി വലിയ വാഹനങ്ങൾ കടന്ന്പോകുന്നത് അപകടഭീതി സൃഷ്ടിക്കുകയാണെന്ന് കാൽനടയാത്രക്കാർ പരാതിപ്പെടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല
വർഷങ്ങൾ നീളുന്ന പദ്ധതി ആയിട്ടും അപകടം ഒഴിവാക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിലെ മെല്ലെപോക്ക് തുടരുകയാണെന്ന് നഗരത്തിലെ വ്യാപാരികളും പറയുന്നു. കിടങ്ങാംപറമ്പ് – ഗോവണിപ്പാലം റോഡിൽ ഇത് വരെ അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. ഇടുങ്ങിയ ജില്ലാ കോടതി – കോർത്തശേരി, കിടങ്ങാംപറമ്പ് ജംഗ്ഷൻ – സി വൈ എം എ ജംഗ്ഷൻ റോഡുകളിൽ കിലോമീറ്ററുകൾ ദൂരത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഓട്ടോറിക്ഷകൾ നീണ്ട നിരയായി ഇട്ടിട്ട് പരിശോധന നടത്തുന്നതും അലക്ഷ്യമായ പാർക്കിങ്ങും മറ്റു വാഹനങ്ങൾ കടന്നു പോകാൻ വലിയ തടസമാണ് ഉണ്ടാക്കുന്നത്.
വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന ഇട വഴികളിലെ കുഴികളും സൈഡ് താഴ്ചകളും ഉൾപ്പടെയുള്ള തടസങ്ങൾ നാളിത് വരെയായിട്ടും ഒഴിവാക്കിയിട്ടില്ല. വഴിവക്കിലെ കല്ലുകൾ, കട്ടകൾ, തടികൾ, തൂണുകൾ, ശിഖരങ്ങൾ, കേബിളുകൾ, കൽക്കെട്ടുകൾ എല്ലാം പൂർണമായി ഒഴിവാക്കി തടസരഹിതമാക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. നഗരത്തിന്റെ സിരാ കേന്ദ്രമായിട്ടും ഒരിടത്തും മാർഗനിർദേശ, സ്ഥലസൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടില്ല. വഴി ഉപയോഗിക്കുന്നവരിൽ നിന്ന് വിവരം ശേഖരിച്ചാണ് തടസങ്ങൾ പെട്ടെന്ന് മനസ്സിലാക്കേണ്ടത്. അതുപോലെ തീരുമാനം എടുക്കേണ്ട ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ സ്വയം വാഹനമോടിച്ചു തടസ്സങ്ങൾ മനസ്സിലാക്കണമെന്ന് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
ട്രാഫിക് പൊലീസില്ല
ജംഗ്ഷനുകളിൽ മിക്കവാറും സമയങ്ങളിൽ ട്രാഫിക് പൊലീസില്ല. അപ്പോൾ സമീപത്തുള്ളവരാണ് അപകടമൊഴിവാക്കാൻ ഗതാഗതം നിയന്ത്രിക്കുന്നത്. ആംബുലൻസുകൾ ഉൾപ്പടെയുള്ള അത്യാവശ്യ വാഹനങ്ങൾക്ക് തടസം ഉണ്ടാകാതിരിക്കാനാണിത്. അത്യാവശ്യം ചില വഴികൾ ഗതാഗതം സുഗമമാക്കാൻ താൽക്കാലികമായി വൺവേ ആക്കേണ്ടതുണ്ടെന്നാണ് സ്ഥിരം യാത്രികയായ നഗരത്തിലെ ടെക്സ്റ്റൽസ് ഷോപ്പ് ജീവനക്കാരി ശ്രീദേവി പറയുന്നത്. പാലവും സമീപ റോഡുകളും ആഴ്ചകളായി പൊളിച്ചിട്ടിരിക്കുന്നതിനാൽ സ്ഥിരമായി ഉണ്ടാകുന്ന ഗതാഗതസ്തംഭനത്തിന് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടും അത് ഗൗരവത്തിലെടുക്കുന്നില്ല. ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങൾ ഗതാഗതകുരുക്കിൽ അകപ്പെടുകയാണെന്ന് വഴിയോരകച്ചവടക്കാരനായ നൗഷാദ് പറയുന്നു.