play-sharp-fill
അൽ ഉമ്മ തീവ്രവാദികൾക്ക് വാടകകാറുകൾ കൈമാറിയ സംഭവം: പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങും; കേസ് അന്വേഷിക്കാൻ എൻ.ഐ.എ എത്തും

അൽ ഉമ്മ തീവ്രവാദികൾക്ക് വാടകകാറുകൾ കൈമാറിയ സംഭവം: പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങും; കേസ് അന്വേഷിക്കാൻ എൻ.ഐ.എ എത്തും

സ്വന്തം ലേഖകൻ

കോട്ടയം: മലയാളികളുടെ കാറുകൾ കൂട്ടത്തോടെ തട്ടിയെടുത്ത് തീവ്രവാദികൾക്കു കൈമാറിയ സംഭവത്തിൽ അറസ്റ്റിലായ രണ്ടു പ്രതികളെയും അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങിയേക്കും. കേസിൽ പിടികൂടിയ തൃശൂർ വാടനപ്പള്ളി ഗണേശമംലഗം പുത്തൻവീട്ടിൽ അബ്ദുൾ റസാഖിന്റെ മകൻ ഇല്യാസ് (37), എറണാകുളം ആലുവ യു.സി കോളേജ് ചെറിയംപറമ്പിൽ വീട്ടിൽ അബുവിന്റെ മകൻ കെ.എ നിഷാദ് (37) എന്നിവരെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതോടെ മാത്രമേ കേസിന്റെ വ്യക്തമായ ചിത്രം പൊലീസിനു ലഭിക്കൂ.


ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം തുടർ നടപടികൾ സംബന്ധിച്ചു എൻ.ഐ.എയ്ക്കും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അടക്കമുള്ള ഏജൻസികൾക്കും വിവരം കൈമാറും.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 11 ആഡംബര കാറുകളാണ് സംഘം മോഷ്ടിച്ചു കടത്തിയത്. ഈ കാറുകളിൽ ഏറെയും തമിഴ്നാട്ടിലെ തീവ്രവാദ സംഘടനയായ അൽ ഉമ്മയുടെ നേതാവ് ഭായി നസീറിനാണ് പ്രതികൾ കാറുകൾ മറിച്ചു നൽകിയതെന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമാവും, യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതോടെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അടക്കമുള്ള ഏജൻസികൾ പ്രതികളെ ചോദ്യം ചെയ്യാൻ എത്തും. ഇതിനു ശേഷമാവും കേസിൽ വിശദമായ അന്വേഷണം ഉണ്ടാകുക. പ്രതികളെ ചോദ്യം ചെയ്യുന്നതോടെ കേസിൽ നിർണ്ണായകമായ തുമ്പ് ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

വാഹനം വിറ്റ സ്ഥലം സംബന്ധിച്ചു പ്രതികളിൽ നിന്നും മൊഴി ലഭിച്ചാൽ ഇവരെ തമിഴ്നാട്ടിൽ തെളിവെടുപ്പിനായി കൊണ്ടു പോയേക്കും.